ജറുസലേം ക്രൈസ്തവർ നേരിടുന്ന ആക്രമണങ്ങളിൽ ഖേദം പ്രകടിപ്പിച്ച് യൂറോപ്പിലെ  ബിഷപ്പുമാർ

ജറുസലേമിലെ ക്രൈസ്തവർ നേരിടുന്ന ഭീഷണികളെക്കുറിച്ച് ഖേദം പ്രകടിപ്പിച്ച് യൂറോപ്പിയൻ ബിഷപ്പുമാർ. വിശുദ്ധ നാട്ടിലേക്കുള്ള അവരുടെ യാത്രയുടെ അവസാന ദിനമായ മെയ് 26- ന് ഹോളി ലാൻഡ് കോർഡിനേഷൻ സംഘടന പുറത്തുവിട്ട പ്രസ്താവനയിലാണ് ഇപ്രകാരം പറഞ്ഞിരിക്കുന്നത്.

“ജറുസലേമിന്റെ മുഖമുദ്രയാണ് എന്നും ക്രൈസ്തവ സമൂഹം. എന്നിരുന്നാലും അവർ തുടർച്ചയായി അനീതിയുടെ ഭീഷണിയിലാണ്. ജറുസലേമിൽ ഞങ്ങൾ കണ്ടുമുട്ടിയ പല ക്രൈസ്തവരും അക്രമവും ഭീഷണിയും നേരിടുന്നു. അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന്മേലും നിയന്ത്രണങ്ങളുണ്ട്. ഈസ്റ്റർ സമയത്ത് ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യത്തിന് ഇസ്രായേൽ പോലീസ് ഏർപ്പെടുത്തിയ ഏകപക്ഷീയമായ നിയന്ത്രണങ്ങളെക്കുറിച്ച് അവർ ആശങ്കകൾ അറിയിച്ചു. പലസ്തീനിയൻ കത്തോലിക്കാ മാധ്യമപ്രവർത്തക ഷിറീൻ അബു അക്ലേയുടെ കൊലപാതകത്തിലും അവളുടെ മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവരുടെമേലുള്ള ആക്രമണത്തിലും ഞങ്ങൾ ഖേദം അറിയിക്കുന്നു”- ബിഷപ്പുമാർ പറഞ്ഞു.

മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കയും പലസ്തീൻ അമേരിക്കക്കാരിയുമാണ് ഷിറീൻ അബു അക്ലേ. മെയ് 11- ന് വെസ്റ്റ് ബാങ്കിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ റെയ്ഡിനിടെയാണ് ഷിറീൻ കൊല്ലപ്പെട്ടത്. ജറുസലേം സമൂഹം ഇസ്ലാം, യഹൂദ, ക്രിസ്തുമതങ്ങളുടെ കൂട്ടായ്മയാണെന്നും അല്ലാതെ ഒരു സമുദായത്തിന് മാത്രം അവകാശപ്പെട്ട പ്രദേശമല്ലെന്നും ബിഷപ്പുമാർ കൂട്ടിച്ചേർത്തു.

യൂറോപ്പിൽ നിന്നുള്ള ആറ് ബിഷപ്പുമാർ മെയ് 21 മുതൽ 26 വരെയാണ് ജറുസലേം സന്ദർശിച്ചത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും കാത്തലിക് ബിഷപ്പ് കോൺഫറൻസാണ് 2000- ൽ ഈ സംഘടന സ്ഥാപിച്ചത്. അവർ എല്ലാവർഷവും ജറുസലേമിലേക്ക് യാത്ര നടത്തുന്ന പതിവുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.