ആലപ്പുഴ രൂപതയുടെ മുൻ അധ്യക്ഷൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ കാലംചെയ്തു

ആലപ്പുഴ രൂപതയുടെ മുൻ അധ്യക്ഷൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ നിര്യാതനായി. അദ്ദേഹത്തിന് 77 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് 2022 ഏപ്രിൽ ഒൻപതിന് രാത്രി 8.15 ന് അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻ, വിസിറ്റേഷൻ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മൃതസംസ്ക്കാരം ഏപ്രിൽ 12 ചൊവ്വാഴ്ച രാവിലെ 10.30 -ന് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ നടക്കും.

ബിഷപ്പ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ 1944 മെയ് 18 – ന് ആലപ്പുഴയിൽ ജനിച്ചു. 1969 ഒക്ടോബർ 5 ന് ബിഷപ്പ് മൈക്കിൾ ആറാട്ടുകുളത്തിൽ നിന്ന് മൗണ്ട് കാർമൽ കത്തീഡ്രലിൽ വൈദികനായി അഭിഷിക്തനായി. 1982- ൽ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം മൈനർ സെമിനാരിയുടെ റെക്ടറായും ലിയോ XIII ഹൈസ്കൂളിന്റെ മാനേജരായും നിയമിതനായി. ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിലെ അധ്യാപകനായിരുന്നു. രൂപത കൺസൾട്ടറായും രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

ബിഷപ്പ് പീറ്റർ എം. ചേനപ്പറമ്പിലിന്റെ പിൻഗാമിയായി 2001 ഡിസംബർ 9-ന് ആലപ്പുഴ ബിഷപ്പായി. 2019 ഒക്ടോബർ 11-ന് സജീവ മെത്രാൻ ശുശ്രൂഷയിൽ നിന്ന് വിരമിച്ച അദ്ദേഹം 52 വർഷമായി വൈദികനും 21 വർഷമായി ബിഷപ്പുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.