ഈ ബിഷപ്പിന്റേത് അന്താരാഷ്ട്ര തലത്തിൽ നൈജീരിയയിലെ ക്രൈസ്തവർക്കു വേണ്ടി ഉയരുന്ന ഉറച്ച ശബ്ദം

2022 പെന്തക്കുസ്താ ദിനത്തിൽ നൈജീരിയൻ ദൈവാലയത്തിൽ നടന്ന ആക്രമണം ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളെയാണ് കണ്ണീരിലാഴ്ത്തിയത്. ലോകമെമ്പാടുമായി പ്രത്യേകിച്ച് നൈജീരിയയിൽ നടക്കുന്ന ഈ വംശഹത്യ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര തലത്തിൽ ഉയരുന്ന ഉറച്ച ശബ്ദമാണ് നൈജീരിയയിലെ ഓൻഡോ സംസ്ഥാനത്തെ ബിഷപ്പ് ജൂഡ് അരോഗുണ്ടേഡിന്റേത്.

2001 സെപ്റ്റംബർ 11. ഫാ. ജൂഡ് അരോഗുണ്ടേഡ് ന്യൂയോർക്കിലെ സെന്റ് ഔവർ ലേഡി ഓഫ് മൗണ്ട് കാർമൽ കത്തോലിക്കാ ദൈവാലയത്തിൽ സേവനം ചെയ്തുകൊണ്ടിരുന്ന കാലം. അന്നാണ് ന്യൂയോർക്കിൽ ട്വിൻ ടവേർസ് വ്യോമാക്രമണത്തിൽ തകർക്കപ്പെട്ടത്. നൈജീരിയയിൽ താമസിക്കുന്ന ഫാ. ജൂഡിന്റെ കുടുംബം നിരന്തരമായി അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഫാദറിന് എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടാകുമോ എന്ന വേവലാതിയായിരുന്നു അവർക്ക്.

തുടർന്നുള്ള ദിവസങ്ങളിൽ വിശുദ്ധ കുർബാനയ്ക്ക് വരുന്നവരുടെ എണ്ണവും ന്യൂയോർക്കിൽ വർദ്ധിച്ചു. കാരണം അവരുടെ പ്രിയപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. പലരും ആശ്വാസം തേടി അലയുകയായിരുന്നു. ഇതെല്ലം സംഭവിച്ചിട്ട് 21 വർഷങ്ങൾ പൂർത്തിയായി. ഇന്ന് 2022 ആണ്. ഫാ. ജൂഡ് ഇന്ന് നൈജീരിയയിലെ ഓൻഡോ രൂപതയുടെ ബിഷപ്പാണ്. ന്യൂയോർക്കിൽ തന്നെ മുറിപ്പെടുത്തിയതുപോലെ സമാനമായ ഒരു സംഭവം കഴിഞ്ഞ പെന്തക്കുസ്താ ദിനത്തിൽ നൈജീരിയിലെ ഓവോ നഗരത്തിലെ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തോലിക്കാ ദൈവാലയത്തിലും നടന്നു. അന്ന് പരിശുദ്ധ കുർബാനയർപ്പണത്തിനിടയിൽ ഉണ്ടായ ആയുധധാരികളുടെ ആക്രമണത്തിൽ മരിച്ചത് നിരവധി പേരാണ്. ദൈവാലയത്തിൽ ആക്രമണം നടന്ന വാർത്ത അറിഞ്ഞ ബിഷപ്പ് ജൂഡ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. ദേവാലയത്തിലുടനീളം രക്തം ചിതറി കിടക്കുകയായിരുന്നു. അന്തരീക്ഷം മുഴുവനും രക്തത്തിന്റെ ഗന്ധവും. ഈ ഒരു രംഗം അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ ഉലച്ചു.

ഫുലാനി തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. എന്നാൽ നൈജീരിയൻ ഭരണകൂടം പറയുന്നത് ഈ ആക്രമണത്തിന് പിന്നിൽ ഐ എസ് തീവ്രവാദ സംഘാടനയാണെന്നും. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. മാത്രമല്ല സംഭവത്തിൽ ആരെയും അറസ്റ്റും ചെയ്തിട്ടില്ല. നൈജീരിയൻ സർക്കാർ ക്രൈസ്തവരോട് പുലർത്തുന്ന ഈ നിസ്സംഗ മനോഭാവം ബിഷപ്പിനെ ഏറെ വേദനിപ്പിച്ചു. വിശ്വാസികളെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം പിന്നീട് നിശബ്ദനായി ഇരുന്നില്ല. അന്താരാഷ്ട്ര തലത്തിൽ, ബിഷപ്പ് ജൂഡ്, നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിക്കെതിരെ ശബ്ദമുയർത്തി. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ പിതാവ് ഫുലാനി സംഘതലവനായിരുന്നു.

2015- ലാണ് മുഹമ്മദ് ബുഹാരി നൈജീരിയൻ പ്രസിഡന്റാകുന്നത്. അന്നുമുതൽ ആ രാജ്യത്ത് ക്രൈസ്തവർക്കുനേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുകയാണ്. കൊലപാതകങ്ങളും പീഡനങ്ങളും തട്ടിക്കൊണ്ടുപോകലുകളും നൈജീരിയയിൽ ക്രൈസ്തവ ജീവിതത്തെ തകർക്കുകയാണ്. ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്നതാണ് ഈ ആക്രമണങ്ങളുടെ ഉദ്ദേശ്യമെന്ന് ബിഷപ്പ് ജൂഡ് പറയുന്നു.

അങ്ങനെ അന്താരാഷ്ട്ര തലത്തിൽ നൈജീരിയൻ ആക്രമണങ്ങളെ അവതരിപ്പിക്കാൻ തീരുമാനിച്ച ബിഷപ്പ് വാഷിംഗ്ടൺ ഡി സി യിൽ എത്തി. അവിടെ ക്രിസ്ത്യൻ സംഘടനയുടെ ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ വന്നതായിരുന്നു അദ്ദേഹം. മാത്രമല്ല, അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയിലെ പ്രത്യേക പ്രഭാഷകനുമായിരുന്നു ബിഷപ്പ് ജൂഡ്. നൈജീരിയയിൽ നടക്കുന്നത് വംശഹത്യയാണെണെന്ന് ബിഷപ്പ് ഈ അവസരത്തിൽ പ്രസ്താവിച്ചിരുന്നു. മൂന്ന് ദിവസം നീണ്ടു നിന്ന ഉച്ചകോടിയിൽ ലോകമെമ്പാടുമായി നടക്കുന്ന ക്രൈസ്തവ വേട്ടയായിരുന്നു പ്രധാന ചർച്ചാ വിഷയം. നൈജീരിയൻ സർക്കാർ ക്രൈസ്തവരെ സംരക്ഷിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അതിനായി അന്താരാഷ്ട്ര സംഘടനകൾ നൈജീരിയൻ സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, വിശദീകരണമില്ലാതെ, പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് കഴിഞ്ഞ വർഷം നൈജീരിയയെ ഒഴിവാക്കിയിരുന്നു. എന്നാൽ അദ്ദേഹം വാഷിംഗ്ടൺ വിടുന്നതിന് മുമ്പ്, അഞ്ച് റിപ്പബ്ലിക്കൻ യുഎസ് സെനറ്റർമാർ നൈജീരിയയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പുനർനാമകരണം ചെയ്യാൻ സ്റ്റേറ്റ് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന കത്തിൽ ഒപ്പുവച്ചു.

ഒരു ക്രിസ്ത്യാനിയായി ജീവിക്കാൻ ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് ഇന്ന് നൈജീരിയ. കഴിഞ്ഞ വർഷം 4,650- ലധികം ക്രൈസ്തവരാണ് അവിടെ കൊല്ലപ്പെട്ടത്. പ്രതിദിനം, ഏകദേശം 13 ക്രൈസ്തവരാണ് ആ രാജ്യത്ത് കൊല്ലപ്പെടുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നൈജീരിയയ്ക്കുവേണ്ടി സംസാരിക്കുന്നതിൽ നിന്ന് പിന്തിരിയാൻ ബിഷപ്പ് തയ്യാറല്ല. നല്ല മനഃസാക്ഷിയുള്ള മനുഷ്യർ തീർച്ചയായും ഇത്തരം അക്രമണങ്ങൾക്കുനേരെ ധൈര്യപൂർവ്വം പോരാടണമെന്ന് ബിഷപ്പ് പറയുന്നു.

ഐശ്വര്യ സെബാസ്റ്റ്യൻ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.