സോമാലിയൻ ജനത കടുത്ത പട്ടിണിയിലെന്ന് ബിഷപ്പ് ജോർജൊ ബെർത്തിൻ

സൊമാലിയായിൽ പട്ടിണിയും ദാരിദ്ര്യവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് അന്നാട്ടിലെ ഏക കത്തോലിക്കാ രൂപതയായ മൊഗദിഷുവിന്റെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജോർജൊ ബെർത്തിൻ. നാലു പതിറ്റാണ്ടിനുള്ളിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഏറ്റവും കടുത്ത വരൾച്ചയാണ് ഭക്ഷ്യക്ഷാമം രൂക്ഷമാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ഥിതി വഷളായിരിക്കുന്ന അവസ്ഥയിൽ ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് മാനവിക സഹായമെത്തിക്കുന്നതിന് സഭ സജീവമായി പരിശ്രമിക്കുന്നുണ്ട്. ബിഷപ്പ് ബെർത്തിൻ വെളിപ്പെടുത്തി. കന്നുകാലി വളർത്തലും കൃഷിയും ഉപജീവനമാർഗ്ഗമാക്കിയിരിക്കുന്ന അർദ്ധ-നാടോടിവർഗ്ഗക്കാരായ ജനങ്ങളാണ് വരൾച്ചയുടെ തിക്തഫലം ആദ്യം അനുഭവിക്കുന്നത്. അഭയാർത്ഥികളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്ന ഐക്യരാഷ്ട്രസഭയുടെ വിഭാഗമായ യു.എൻ ഹൈകമ്മീഷണർ- യുഎൻഎച്ച്സിആർ (UNHCR), നോർവ്വെയുടെ അഭയാർത്ഥി സമിതി-എൻആർസി (NRC) എന്നിവയുടെ ഒരു കണക്കനുസരിച്ച് ഇക്കൊല്ലത്തെ കടുത്ത വരൾച്ച മൂലം സൊമാലിയയ്ക്കത്തു തന്നെ സ്വന്തം വീടും സ്ഥലവും വിട്ട് അന്യയിടങ്ങളിലേക്കു മറേണ്ടിവന്നിട്ടുള്ളവരുടെ സംഖ്യ 7,55,000-ൽപരമാണ്. 2021 മുതൽ ഇങ്ങോട്ടുള്ള കണക്കനുസരിച്ച് ഇവരുടെ എണ്ണം പത്തു ലക്ഷമാണ്.

വരൾച്ചയുടെ ഫലമായ കടുത്ത ഭക്ഷ്യക്ഷാമം 50 ലക്ഷം മുതൽ 70 ലക്ഷം വരെയാളുകളെ ബാധിക്കുമെന്ന് എൻആർസി-യുടെ സൊമാലിയായിലെ മേധാവി മൊഹമ്മദ് അബ്ദി ആശങ്ക പ്രകടിപ്പിച്ചു. പട്ടിണി അന്നാടിനെ മുഴുവൻ വേട്ടയാടുകയാണെന്നും ഇനിയും വൈകുന്നതിനു മുമ്പ് സാമ്പത്തികസഹായം വദ്ധിപ്പിക്കേണ്ടത് അടിയന്തിരാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.