‘ചിലപ്പോൾ നാളെ ഞങ്ങൾ ഈ ഭൂമിയിൽ കാണില്ലായിരിക്കാം’ – ഉക്രൈനിൽ നിന്നും ഒരു ബിഷപ്പ്

“ഓരോ ദിവസവും, ഞങ്ങളുടെ അവസാനമായിരിക്കാം എന്ന ആകുലതയിൽ ജീവിക്കുമ്പോള്‍ ദൈവമാണ് ഞങ്ങളുടെ ഏകപ്രതീക്ഷ” – ഖാർകിവിന്റെയും സപോറോഷെയുടെയും സഹായമെത്രാനായ ബിഷപ്പ് ജാൻ സോബില്ലോയുടെ വാക്കുകളാണിത്. 2014 മുതൽ തുടങ്ങിയ ഉക്രൈനിലെ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളോടൊപ്പം നിന്ന വ്യക്തിയായിരുന്നു ബിഷപ്പ് ജാൻ സോബില്ലോ.

“സാപോറോഷെയിൽ ഏകദേശം 10,000 റഷ്യൻ സൈനികരും ധാരാളം സൈനിക ഉപകരണങ്ങളും ഉണ്ട്. ഞങ്ങൾ ഇതിനകം ഇവിടെ രൂക്ഷമായ ആക്രമണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇനി നടക്കാൻ പോകുന്നത് അതിലും ഭയാനകമായ ആക്രമണങ്ങളാണെന്ന് ഞങ്ങൾക്കറിയാം. ഈ ഒരു വിഷമഘട്ടത്തിൽ ഞങ്ങളെ ഒരുമിച്ചുനിർത്തുന്നത് പ്രാർത്ഥനയും ലോകത്തിന്റെ മുഴുവൻ ഐക്യദാർഢ്യവുമാണ്. ഞങ്ങൾക്ക് നിങ്ങളുടെ പ്രാർത്ഥന ആവശ്യമാണ്” – ബിഷപ്പ് ജാൻ സോബില്ലോ പറയുന്നു.

സങ്കീർണ്ണതകൾ ഉണ്ടെങ്കിലും സാപോറോഷെയിൽ, ഈസ്റ്റർ താരതമ്യേന സമാധാനപരമായിരുന്നു. റഷ്യൻ സൈന്യത്തിന്റെ ആക്രമണഭീഷണികൾ ഉണ്ടായിരുന്നതിനാൽ ഈസ്റ്റർ ആഘോഷങ്ങൾക്കായി ആളുകൾ ഒത്തുകൂടരുതെന്ന് റീജിയണൽ ഗവർണർ ആവശ്യപ്പെട്ടു. അതിനാൽ, വൈദികർ വിശുദ്ധ കുർബാനയുടെ എണ്ണം വർദ്ധിപ്പിച്ചു. വളരെ ബുദ്ധിമുട്ടേറിയ സ്ഥലനങ്ങളിൽ ആളുകൾ ഓൺലൈനായി തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.

‘ദൈവമാണ് നമ്മുടെ ഏകപ്രതീക്ഷ’

“യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷമുള്ള ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽ കൂടിയാണ് കിഴക്കൻ ഉക്രൈൻ ഇപ്പോൾ കടന്നുപോകുന്നത്. ഓരോ ദിവസവും ചിലപ്പോൾ നമ്മുടെ അവസാനത്തേതായിരിക്കുമെന്ന് അറിയാം. ദൈവമാണ് നമ്മുടെ ഏകപ്രത്യാശ” – വത്തിക്കാൻ റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിൽ ഖാർകിവിലെയും സപോറോഷെയിലെയും സഹായമെത്രാൻ വെളിപ്പെടുത്തി.

നിലവിലെ സാഹചര്യം വളരെ ദുരിതപൂർണ്ണമെങ്കിലും മരിയുപോളിൽ നിന്നും അധിനിവേശ മങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കാൻ ഇനിയും സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. നമ്മെ ഒരുമിച്ചുനിർത്തുന്നത് പ്രാർത്ഥനയും ലോകത്തിന്റെ, പ്രത്യേകിച്ച് പോളണ്ടിന്റെ സഹായവുമാണ്. ഇന്നിപ്പോൾ അവർക്ക് ദൈനംദിന ജീവിതത്തിന് ആവശ്യമായതെല്ലാം ഉണ്ട്. എന്നാൽ നാളെ ഒന്നുമില്ലാതാകുന്ന അവസ്ഥ സംജാതമാകാം. അതിനാൽ, എല്ലാ ദിവസവും ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു. യുദ്ധം ഉടൻ അവസാനിക്കുമെന്ന ഒരു പ്രതീക്ഷയും നിലവിലെ സാഹചര്യത്തിലില്ല.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.