പൗരോഹിത്യ ജീവിതത്തിൽ 71 വർഷങ്ങൾ പൂർത്തിയാക്കി ബെനഡിക്ട് പതിനാറാമൻ പാപ്പാ

21 വർഷങ്ങൾക്കു മുമ്പുള്ള വി. പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനം. അന്ന് പതിവുള്ളതു പോലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പരിശുദ്ധ കുർബാനയർപ്പണം നടന്നു. എന്നാൽ മുഖ്യകാർമ്മികൻ അന്നത്തെ മാർപാപ്പയായിരുന്ന വി. ജോൺ പോൾ രണ്ടാമൻ പാപ്പായല്ല. പിന്നെയോ കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗറായിരുന്നു. കാരണം അന്ന് അദ്ദേഹം തന്റെ പൗരോഹിത്യത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുകയായിരുന്നു. ഇദ്ദേഹമാണ് പിൽക്കാലത്ത് കത്തോലിക്കാ സഭയുടെ തലവനായിത്തീർന്ന ബെനഡിക്ട് പതിനാറാമൻ പാപ്പാ. ഇന്ന് അദ്ദേഹം പൗരോഹിത്യ ജീവിതത്തിൽ 71 വർഷങ്ങൾ പൂർത്തീകരിച്ചിരിക്കുകയാണ്.

ജോസഫ് റാറ്റ്സിംഗർ 1951-ൽ വി. പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനമായ ജൂൺ 29-നാണ് ഫ്രൈസിംഗിലെ (ജർമ്മനി) കത്തീഡ്രൽ ദൈവാലയത്തിൽ വച്ച് പുരോഹിതനായി അഭിഷിക്തനാവുന്നത്. വി. പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ ജീവിതം ബെനഡിക്ട് പതിനാറാമൻ പാപ്പായെ ഒരുപാട് സ്വാധീനിച്ചിരുന്നു. “അദ്ദേഹത്തിന്റെ ശുശ്രൂഷ ക്രിസ്തുവിനും സഭയ്ക്കും വേണ്ടിയുള്ള എന്റെ ദൈനംദിന പരിശ്രമത്തിൽ വലിയ ആശ്വാസമാണ്” – വി. ജോൺ പോൾ രണ്ടാമൻ പാപ്പാ 2001-ൽ പറഞ്ഞു. എന്നാൽ വി. ജോൺ പോൾ രണ്ടാമൻ പാപ്പായുടെ കാലശേഷം അദ്ദേഹത്തിന്റെ ഇരിപ്പിടത്തിലേക്ക് വരാൻ പോകുന്നത് കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗറായിരിക്കുമെന്ന് ഇരുവരും പ്രതീക്ഷിച്ചുകാണില്ല. 2005 ഏപ്രിലിൽ വി. ജോൺ പോൾ രണ്ടാമൻ പാപ്പായുടെ നിര്യാണത്തെ തുടർന്ന് കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗർ മാർപാപ്പായായി ഉയർത്തപ്പെട്ടു. ബെനഡിക്ട് പതിനാറാമൻ പാപ്പാ എന്ന നാമവും അദ്ദേഹം സ്വീകരിച്ചു.

2011-ൽ തന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ അറുപതാം വാർഷികദിനത്തിലും, സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ബെനഡിക്ട് പതിനാറാമൻ പാപ്പാ പരിശുദ്ധ കുർബാന അർപ്പിച്ചിരുന്നു. തന്റെ പൗരോഹിത്യ ജീവിതത്തെക്കുറിച്ച് അദ്ദേഹം ആ അവസരത്തിൽ പറയുകയുണ്ടായി.

2013 ഫെബ്രുവരി 28-നാണ് ആരോഗ്യപ്രശ്നനങ്ങൾ മൂലം ബെനഡിക്ട് പതിനാറാമൻ പാപ്പാ സ്ഥാനത്യാഗം ചെയ്തത്. “വാർദ്ധക്യത്തിലാണ് എന്റെ ജീവിതത്തിന് പൂർണ്ണരൂപം ലഭിച്ചത്. എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളും ഞാൻ സ്വീകരിച്ചത് വാർദ്ധക്യത്തിലാണ്” – ബെനഡിക്ട് പതിനാറാമൻ പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.