നൈജീരിയയിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണം വർധിക്കുന്നു; ആറുപേരെ കൊലപ്പെടുത്തി

നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്തെ രണ്ട് ക്രിസ്ത്യൻ ഗ്രാമങ്ങളിൽ മെയ് 3, 4 തീയതികളിലുണ്ടായ ആക്രമണത്തിൽ ആറു ക്രൈസ്തവരെ കൊലപ്പെടുത്തുകയും നിരവധി പേരെ പരിക്കേൽപിക്കുകയും ചെയ്തു. സംസ്ഥാനത്തെ ബാർക്കിൻ ലാഡി കൗണ്ടിയിൽ ഫുലാനി തീവ്രവാദികളാണ് എൻ‌ ടി‌ വി, കക്കുരുക് ഗ്രാമങ്ങൾ ആക്രമിച്ചത്.

“മെയ് നാലിന് രാത്രി 8:11 ഓടെ ബാർക്കിൻ ലാഡി എൽ‌ ജി‌ എ യിലെ ഗാഷിഷ് ജില്ലയിലെ കക്കുരുക് ഗ്രാമത്തിലേക്ക് അക്രമികൾ നുഴഞ്ഞുകയറി വെടിയുതിർക്കുകയും മൂന്ന് ക്രൈസ്തവരെയും മറ്റു നാലുപേരെയും വെട്ടിക്കൊല്ലുകയുമായിരുന്നു. ഫുലാനി തീവ്രവാദികൾ നടത്തിയ ദാരുണമായ ഈ സായുധ ആക്രമണത്തിൽ ഞങ്ങൾ ദുഃഖിതരാണ്. കൂടാതെ, മെയ് മൂന്നിന് ബാർക്കിൻ ലാഡി ലോക്കൽ ഗവൺമെന്റ് ഏരിയയിലെ എൻ‌ ടി‌ വി ഗ്രാമത്തിൽ പതിയിരുന്ന് അക്രമികൾ മറ്റു മൂന്നുപേരെ കൂടി കൊലപ്പെടുത്തി” – പ്രദേശത്തെ യുവനേതാവായ ബതുരെ ഇലിയ അഡസാരം പറഞ്ഞു.

പരിക്കേറ്റവർ ബാർക്കിൻ ലാഡി പട്ടണത്തിലെ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇസ്ലാമിക തീവ്രവാദികൾ നൈജീരിയയിൽ ആക്രമണം വ്യാപിപ്പിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.