
നമ്മുടെ ജീവിതത്തിന്റെ നിസ്സാരതയുടെയും നാം വിളിക്കപ്പെട്ടിരിക്കുന്ന ഉയിർപ്പിന്റെ പ്രത്യാശയുടെയും അടയാളമാണ് ചാരം എന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. മാർച്ച് അഞ്ചിന് റോമിലെ സാന്താ സബീന ബസിലിക്കയിൽ നടന്ന വിഭൂതി ബുധനാഴ്ചയുടെ ചടങ്ങുകളിൽ മാർപാപ്പയ്ക്ക് പകരമായി കാർമികത്വം വഹിച്ച മേജർ പെനിറ്റൻഷ്യറിയായ കർദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസ് വായിച്ച പരിശുദ്ധ പിതാവിന്റെ പ്രസംഗത്തിലാണ് ഇപ്രകാരം അനുസ്മരിപ്പിച്ചത്.
“നാം എന്താണെന്നതിന്റെ ഓർമ്മയും, നമ്മൾ എന്തായിരിക്കുമെന്നതിന്റെ പ്രത്യാശയും നമ്മിൽ വീണ്ടും ജ്വലിപ്പിക്കാൻ ഈ ചാരം സഹായിക്കുന്നു. നാം പൊടിയാണെന്ന് ചാരം നമ്മെ ഓർമ്മിപ്പിക്കുന്നു. ഒപ്പം നമ്മൾ വിളിക്കപ്പെട്ടിരിക്കുന്ന പ്രത്യാശയിലേക്ക് അവ നമ്മെ നയിക്കുന്നു”- മാർപാപ്പ കൂട്ടിച്ചേർത്തു.
നോമ്പുകാലം നമ്മുടെ ഉള്ളിൽ പ്രത്യാശയെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു ക്ഷണമാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടും ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ പ്രത്യാശയിൽ പ്രകാശമേകാൻ ആശംസിച്ചു കൊണ്ടുമാണ് ഫ്രാൻസിസ് മാർപാപ്പ സന്ദേശം അവസാനിപ്പിച്ചത്.