മ്യാന്മറിലെ കത്തോലിക്കാ ദേവാലയം അഗ്നിക്കിരയാക്കി സൈന്യം

മ്യാന്മറിലെ കത്തോലിക്കാ ദേവാലയം കൊള്ളയടിച്ചും അഗ്നിക്കിരയാക്കിയും സൈന്യം. ജൂൺ 15-ന് കരേനി സംസ്ഥാനത്തെ ഫ്രൂസോ നഗരത്തിലെ സെന്റ് മാത്യു കത്തോലിക്കാ ദേവാലയത്തിലാണ് ആക്രമണം നടന്നത്.

“സർക്കാർ സൈനികരും വിമതസംഘടനകളും തമ്മിലുള്ള യുദ്ധമാണ് ജൂൺ 10 മുതൽ 15 വരെ ദവ്‌നായിഖു ഗ്രാമം കണ്ടത്. ജൂൺ 14-ന് ഗ്രാമത്തിലെ നാലിലധികം വീടുകളാണ് സൈന്യം അഗ്നിക്കിരയാക്കിയത്. ജൂൺ 15-ന് ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ അവർ ഗ്രാമത്തിലെ സെന്റ് മാത്യു കത്തോലിക്കാ ദേവാലയവും ഒരു കാരണവുമില്ലാതെ ആക്രമിച്ചു” – കരേനി ദേശീയ പ്രതിരോധ സേനാംഗം (കെഎൻഡിഎഫ്) പറഞ്ഞു. ഇടവകാംഗങ്ങളോ, അധികാരികളോ ഗ്രാമത്തിൽ നടന്ന ആക്രമണങ്ങളിൽ പങ്കാളികളായിട്ടില്ല. ദേവാലയ കെട്ടിടം കൈവശപ്പെടുത്തിയ സൈന്യം, പ്രദേശത്തെ പാവപ്പെട്ടവർക്കായി ശേഖരിച്ച ഭക്ഷണം ഉൾപ്പെടെയുള്ള സാധനങ്ങൾ കൊള്ളയടിച്ച ശേഷമാണ് ദേവാലയത്തിനു തീയിട്ടത്.

ദേവാലയത്തിന്റെ ജനാലകളിൽ നിന്ന് പുകയും തീജ്വാലകളും പുറത്തേക്കു വരുമ്പോൾ സർക്കാർ സൈനികർ ദേവാലയത്തിന്റെ സമീപത്തേക്കു വരുന്നത് കാണിക്കുന്ന ഒരു വീഡിയോ കെഎൻഡിഎഫ് പുറത്തു വിട്ടിരുന്നു. വീഡിയോയിൽ വെടിയൊച്ചകളും കേൾക്കാം. ദേവാലയത്തിനുള്ളിൽ നിന്ന് തീ ആളിപ്പടരുന്നതും ദൃശ്യങ്ങളിൽ കാണാം.

2021 ഫെബ്രുവരി ഒന്നിനാണ് മ്യാന്മറിൽ സൈന്യം അട്ടിമറിയിലൂടെ ഭരണമേറ്റെടുക്കുന്നത്. അന്നു മുതൽ സൈന്യവും വിമതസംഘടനകളും തമ്മിൽ സംഘർഷം രൂക്ഷമാണ്. ഇതുവരെ 1,900-ഓളം ആളുകൾ മരണപ്പെടുകയും ഒരു ദശലക്ഷം ആളുകൾ രാജ്യത്തു നിന്ന് പലായനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.