സകല മാർഗ്ഗങ്ങളും ഉപയോഗിച്ചുള്ള സംവാദത്തിലൂടെ മാത്രമേ സമാധാനം കൈവരിക്കാൻ കഴിയൂ: ആർച്ചുബിഷപ്പ് ഗാല്ലഗർ

സംഘർഷങ്ങൾക്കുള്ള പരിഹാരം യുദ്ധത്തെ നിരസിക്കലാണെന്നും സംവാദമാണ് ശാശ്വതസമാധാനം കൈവരിക്കാനുള്ള ഏകമാർഗ്ഗമെന്നും ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ. റോമിൽ ഒരുമിച്ചുകൂടിയ സന്യാസ സഭാ മേലദ്ധ്യക്ഷന്മാരുടെ യൂണിയന്റെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു വിദേശരാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളുമായുള്ള വത്തിക്കാന്റെ ബന്ധങ്ങൾക്കായുള്ള സെക്രട്ടറി.

പുതിയ തലമുറകൾക്കായുള്ള സാമൂഹികപുരോഗതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ യുദ്ധം തടയാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ത്രിദിന സമ്മേളനം ചർച്ച ചെയ്യുന്നത് “ഫ്രാത്തെല്ലി തൂത്തി: സമാധാനത്തിന്റെ കരകൗശല വിദഗ്ധരായിരിക്കാനുള്ള വിളി” എന്ന വിഷയത്തെ ആസ്പദമാക്കിയാണ്. ഇത് മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനത്തിലേ 225-ആം ഖണ്ഡികയിൽ നിന്നുള്ളതാണ്. അതിൽ ഫ്രാൻസിസ് പാപ്പാ പറയുന്നത് “ലോകത്തിന്റെ പല ഭാഗങ്ങളിലും തുറന്ന മുറിവുകൾ ഉണക്കാനുള്ള സമാധാനത്തിന്റെ പാതകൾ ആവശ്യമുണ്ട്” എന്നും “സമാധാനം കെട്ടിപ്പടുക്കുന്ന, മുറിവുണക്കൽ പ്രക്രിയകൾ തുടങ്ങാൻ ധൈര്യത്തോടെയും ക്രിയാത്മകവുമായി പ്രവർത്തിക്കാൻ തയ്യാറുള്ള സ്ത്രീകളുടെയും പുരുഷന്മാരേയും ആവശ്യമുണ്ട്” എന്നുമാണ്.

സമർപ്പിതരായ സ്ത്രീ-പുരുഷന്മാർക്കുള്ള പരിശീലന പരിപാടികളിലൂടെ ലോകത്തിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഭയുടെ പ്രതിബദ്ധതയിലും പ്രത്യേകിച്ച് സമാധാനം, നീതി, സൃഷ്ടിയുടെ സമഗ്രത എന്നിവക്കുള്ള യുഎസ്ജി- യുടെയും യുഐഎസ്ജി- യുടെയും (ഇന്റർനാഷണൽ യൂണിയൻ ഓഫ് വിമൻ സുപ്പീരിയേഴ്സ് ജനറൽ) പൊതുപ്രതിബദ്ധതയിലും യോഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സഭയ്ക്ക് സമാധാനത്തിനായി പ്രതിജ്ഞാബദ്ധരാകാതിരിക്കാൻ കഴിയില്ല എന്ന് ആർച്ചുബിഷപ്പ് ഗല്ലാഗർ തന്റെ ഉദ്ഘാടനപ്രസംഗത്തിൽ തറപ്പിച്ചുപറഞ്ഞു. സമാധാനം കൈവരിക്കാനുള്ള ഏകമാർഗ്ഗമെന്ന നിലയിൽ’ സംവാദത്തെക്കുറിച്ച് പറഞ്ഞ വി. പോൾ ആറാമൻ പാപ്പയുടെ വാക്കുകളെ ഇന്നും നിരന്തരം ഫ്രാൻസിസ് പാപ്പാ ആവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഉക്രൈനില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ഉൾപ്പെടെയുള്ള നിലവിലെ ആഗോള ഭൗമരാഷ്ട്രീയ സാഹചര്യത്തെ ‘മൂന്നാം ലോകമഹായുദ്ധം’ എന്ന് പരാമർശിച്ചതും ആർച്ചുബിഷപ്പ് സൂചിപ്പിപ്പിച്ചു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.