ഉക്രൈനിലെ ജനത മുറിവേറ്റവരും ധീരരുമെന്ന് ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ്

ഉക്രൈനിലെ ജനത സത്യത്തിൽ മുറിവേറ്റ ഒരു ജനതയാണ്; എന്നാൽ അതേ സമയം വളരെ ധൈര്യമുള്ളവരും നിശ്ചയദാർഢ്യമുള്ളവരുമാണ്. ഈ ജനതയുടെ വലിയ യാതനകളെ നമുക്ക് അവഗണിക്കാനാവില്ല. നയതന്ത്രത്തിലൂടെയും രാഷ്ട്രീയ സംവാദത്തിലൂടെയും ഈ സംഘർഷം പരിഹരിക്കാനുള്ള നമ്മുടെ പ്രതിബദ്ധത നാം നവീകരിക്കണം എന്നും ഉക്രൈൻ സന്ദർശിച്ച വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലെഗർ. തന്റെ ഉക്രൈൻ ദൗത്യം അവസാനിപ്പിച്ചുകൊണ്ട് അവിടുത്തെ സാഹചര്യങ്ങളെക്കുറിച്ച് വത്തിക്കാൻ വാർത്താവിഭാഗത്തോടു സംസാരിക്കുകയായിരുന്നു ആർച്ചുബിഷപ്പ്.

ഇത്തരമൊരു സന്ദർഭത്തിൽ ഉക്രൈന്റെ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ, പ്രത്യേകിച്ച് എക്യുമെനിക്കൽ ചൈതന്യത്തിനുള്ള പ്രാധാന്യത്തിന് ആർച്ചുബിഷപ്പ് ഊന്നൽ നൽകി. ഇതുപോലുള്ള ഒരു സമയത്ത് ഏതു രാജ്യത്തിലും പരസ്പര നീരസങ്ങളും ശത്രുതയും വളരാൻ തുടങ്ങുന്ന അപകടമുണ്ടാവാം. അതിനാൽ എല്ലാവരും ബോധപൂർവ്വം രാജ്യത്തിന്റെ ഐക്യത്തിനായും രാഷ്ട്രീയ ചട്ടക്കൂടിനായും ക്രൈസ്തവരും കത്തോലിക്കരും വിവിധ മതങ്ങളും തമ്മിൽത്തമ്മിലും പരസ്പരവുമുള്ള ഐക്യത്തിനായും പ്രവർത്തിക്കാൻ തീരുമാനിക്കണം. ഓരോ വിഭാഗത്തിന്റെയും ആത്മീയ ഉറവകളും ഈ നിമിഷങ്ങളിൽ ദൈവം നൽകുന്ന കൃപയും പ്രയാസങ്ങളിലും കലഹങ്ങളിലും നശിപ്പിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തന്റെ സന്ദർശനവേളയിൽ തെരുവുകളിൽ ചിതറിക്കിടക്കുന്ന മൃതശരീരങ്ങളെക്കുറിച്ചും അവ സംസ്കരിക്കാൻ ആവശ്യപ്പെടുകയും ചെയ്ത ബുച്ചയിലെ ഓർത്തഡോക്സ് വൈദികനെ താൻ കണ്ടുമുട്ടിയതിനെക്കുറിച്ചും ആർച്ചുബിഷപ്പ് വെളിപ്പെടുത്തി. തന്റെ ഉക്രൈൻ ദൗത്യത്തിന്റെ സമാപനത്തിൽ എല്ലാറ്റിലും ആദ്യമായി തങ്ങളുടെ ഓരോ കാൽവയ്പിലും കൂടെയുണ്ടായിരുന്ന ദൈവത്തിന് അദ്ദേഹം നന്ദി പറഞ്ഞു. കൂടാതെ, തന്റെ ദൗത്യം എളുപ്പമാക്കിയ പോളണ്ടിലെയും ഉക്രൈനിലെയും സർക്കാർ, സഭാധികാരികൾക്കും തന്റെ കൃതജ്ഞത അദ്ദേഹം രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.