
“ഫാദർ എംബൈബറേം ഇപ്പോഴും തട്ടിക്കൊണ്ടുപോയവരുടെ കൈകളിലാണ്. ഇടയ്ക്കിടെ, അവർ ചില നാട്ടുകാരുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ മോചനത്തിനായി മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്നു”- കാമറൂണിലെ ഗരൂവയിലെ ആർച്ച് ബിഷപ്പ് ഫൗസ്റ്റിൻ അംബാസൻഡ്ജോഡോ പറയുന്നു. മാഡിൻഗ്രിംഗിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിലെ ഇടവക വികാരിയായ ഫാദർ വാലന്റൈൻ എംബൈബറേമിനെ മെയ് ഏഴിനാണ് ഗൈഡ്ജിബയ്ക്കും ചോളിരെയ്ക്കും ഇടയിലുള്ള റോഡിൽ നിന്നും തട്ടിക്കൊണ്ടുപോയത്.
“ഗോയിഡ്ജിബയ്ക്കും ചോളിരെയ്ക്കും ഇടയിലുള്ള റോഡ് അപകടകരമായ ഒരു റോഡാണ്. കാരണം നിരവധി യാത്രക്കാരെ ഇവിടെ നിന്നും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. എന്നാൽ ഇവിടെ നിന്നും ഒരു പുരോഹിതനെ തട്ടിക്കൊണ്ടുപോകുന്നത് ഇതാദ്യമാണ്” – ബിഷപ്പ് അംബാസ പറഞ്ഞു. വടക്കൻ കാമറൂണിൽ വർഷങ്ങളായി തട്ടിക്കൊണ്ടുപോകലുകൾ വ്യാപകമാണ്. പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഫാദർ എംബൈബറേമിന്റെ തട്ടിക്കൊണ്ടുപോകലിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിരവധി അധ്യാപകരെ ഈ റോഡിൽ ബന്ദികളാക്കി.
മെയ് 11 ഞായറാഴ്ച ഫാദർ എംബൈബറേമിനായി പ്രത്യേക പ്രാർഥന നടത്താൻ അതിരൂപതയിലെ എല്ലാ ഇടവകകളോടും ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.