ദുഃഖവെള്ളിയാഴ്ച മാർപാപ്പ നയിക്കുന്ന കുരിശിന്റെ വഴി പ്രാർത്ഥനയിൽ ആശങ്ക പ്രകടിപ്പിച്ച് ഉക്രേനിയൻ ആർച്ചുബിഷപ്പ്

ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തിൽ മാർപാപ്പ നയിക്കുന്ന കുരിശിന്റെ വഴി പ്രാർത്ഥനയിൽ ആശങ്ക പ്രകടിപ്പിച്ച് ഉക്രേനിയൻ ആർച്ചുബിഷപ്പായ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്. ഏപ്രിൽ 12- നു പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം അറിയിച്ചത്.

കുരിശിന്റെ വഴി പ്രാർത്ഥനയിൽ റഷ്യ – ഉക്രൈൻ കുടുംബങ്ങൾ ഒരുമിച്ച് കുരിശ് വഹിക്കാനുള്ള തീരുമാനത്തിലാണ് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചത്. കുരിശിന്റെ വഴിയുടെ 13 -ാമത്തെ സ്റ്റേഷനിൽ റഷ്യ – ഉക്രൈൻ കുടുംബങ്ങൾ അവർ ഒരുമിച്ചെഴുതിയ ധ്യാനചിന്തകളാണ് വായിക്കുന്നത്. “ഇത്തരമൊരു ആശയം അവ്യക്തവും ഉക്രൈനെതിരായ റഷ്യയുടെ സൈനിക ആക്രമണത്തിന്റെ പശ്ചാത്തലം കണക്കിലെടുക്കാത്തതുമാണെന്ന് ഞാൻ കരുതുന്നു. ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കരെ സംബന്ധിച്ചിടത്തോളം, ഈ കുരിശിന്റെ വഴിയുടെ 13 -ാമത്തെ സ്റ്റേഷന്റെ പ്രാർത്ഥനകളും ധ്യാനചിന്തകളും ഉക്രൈനിൽ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അവർക്ക് യോജിക്കാൻ കഴിയാത്തതാണ്” – ആർച്ചുബിഷപ്പ് പറഞ്ഞു.

വത്തിക്കാനിലെ പുതിയ ഉക്രേനിയൻ അംബാസഡർ ആൻഡ്രി യുറാഷും കുരിശിന്റെ വഴി പ്രാർത്ഥനയിൽ ഏപ്രിൽ 12- ന് സോഷ്യൽ മീഡിയയിലൂടെ  ആശങ്ക പ്രകടിപ്പിച്ചിരുന്നു. മാർപാപ്പ നയിക്കുന്ന കുരിശിന്റെ വഴിയുടെ ധ്യാനചിന്തകളും പ്രാർത്ഥനകളും ഏപ്രിൽ 11- നാണ് വത്തിക്കാൻ പ്രസിദ്ധീകരിച്ചത്. ഈ വർഷം കുടുംബജീവിതത്തിന്റെ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചാണ് പ്രാർത്ഥനകളും ധ്യാനചിന്തകളും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.