ജോൺ പോൾ ഒന്നാമൻ പാപ്പായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം സെപ്റ്റംബർ നാലിന്

‘പുഞ്ചിരിക്കുന്ന പാപ്പാ’ എന്ന് അറിയപ്പെടുന്ന ജോൺ പോൾ ഒന്നാമൻ പാപ്പായെ സെപ്റ്റംബർ നാലിന് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തും. ഈ ചടങ്ങിൽ നടക്കുന്ന വിശുദ്ധ കുർബാനക്ക് ഫ്രാൻസിസ് പാപ്പാ നേതൃത്വം വഹിക്കും. വത്തിക്കാൻ പ്രസ് ഓഫീസ് ജൂൺ 23-നു പുറത്തുവിട്ട കലണ്ടർ പ്രകാരമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സൗത്ത് സുഡാൻ എന്നിവിടങ്ങളിലേക്കുള്ള അപ്പസ്തോലിക യാത്ര മാറ്റിവച്ചതിനാൽ, റോമിലെ കോംഗോയിൽ നിന്നുള്ള സമൂഹത്തോടൊപ്പം വത്തിക്കാനിൽ പാപ്പാ ദിവ്യബലി അർപ്പിക്കും. ജൂലൈ മൂന്നിന് ഞായറാഴ്ച രാവിലെ 9.30-ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് ഈ വിശുദ്ധ കുർബാന ക്രമീകരിച്ചിരിക്കുന്നത്.

ആഗസ്റ്റ് 27 വൈകുന്നേരം നാലു മണിക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പുതിയ കർദ്ദിനാൾമാരെ ഉയർത്തിക്കൊണ്ടുള്ള ചടങ്ങുകൾ നടക്കും. ആഗസ്റ്റ് 28-ന്, ഭൂകമ്പം ബാധിച്ച ഇറ്റാലിയൻ നഗരമായ എൽ അക്വിലയിലേക്ക് പാപ്പാ സന്ദർശനം നടത്തും. ആഗസ്റ്റ് 30-ന്, പുതിയ കർദ്ദിനാൾമാരുടെ സംഘത്തോടൊപ്പം പാപ്പാ വിശുദ്ധ കുർബാന അർപ്പിക്കും.

ഈ വത്തിക്കാൻ കലണ്ടറിൽ മാർപാപ്പ ബുധനാഴ്ചകളിൽ നടത്തുന്ന പൊതുസദസുകളെ കുറിച്ചോ ജൂലൈ മാസത്തിൽ സാധാരണയുള്ള വേനൽക്കാല അവധിയെക്കുറിച്ചോ സൂചനയില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.