“എന്റെ പേരക്കുട്ടികൾ വെടിയുണ്ടകൾ കണ്ടു വളരാൻ ഞാൻ ആഗ്രഹിക്കുന്നില്ല”: തന്റെ കുടുംബത്തെ ഉക്രൈനിൽ നിന്നും രക്ഷിച്ച വയോധികന്റെ വാക്കുകൾ

ഉക്രൈനിൽ നിന്നുമുള്ള വേദനിപ്പിക്കുന്ന വാർത്തകൾക്ക് ഒരു മാസം പിന്നിട്ടിട്ടും യാതൊരു ശമനവുമില്ല. പലതും വാർത്തകളേ ആകുന്നില്ല. റഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണത്തെ തുടർന്ന് ഉക്രൈനിൽ നിന്നും ഒരു കുടുംബം രക്ഷപ്പെട്ടത് 84 വയസുള്ള മുത്തച്ഛന്റെ സഹായത്തോടെയാണ്. ഡ്രൈവിംഗ് ലൈസൻസുള്ള കുടുംബത്തിലെ ഏകവ്യക്തിയായിരുന്നു വാലന്റൈൻ മൈക്കോളയോവിച്ച് എന്ന മുത്തച്ഛൻ.

തന്റെ മകനെയും മരുമകളെയും മൂന്ന് പേരക്കുട്ടികളെയും ഒരു നായയെയും സുരക്ഷിതമായ സ്ഥലത്തെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഏകദേശം ഒരു മാസത്തോളം ഈ കുടുംബം ഉക്രേനിയൻ ഗ്രാമമായ സപോറോജി ജില്ലയിലെ സ്റ്റെപ്പോവിൽ ഒരു താൽക്കാലിക ബോംബ് ഷെൽട്ടറിൽ ഒളിച്ചിരിക്കുകയായിരുന്നു. ഭക്ഷണമില്ലാതെ മരണത്തോളം എത്തിനിൽക്കുന്ന അവസ്ഥയിൽ അവിടെ നിന്നും രക്ഷപെടുകയല്ലാതെ വേറെ മാർഗ്ഗങ്ങൾ ഒന്നുമില്ലായിരുന്നു. തന്റെ ജീവിതകാലത്ത് ആദ്യമായാണ് അദ്ദേഹം ഇത്രയും ദൂരം വണ്ടിയോടിച്ചത്. അവർ സുരക്ഷിതമായ ഒരു സ്ഥലത്ത് എത്താൻ ദിവസങ്ങൾ എടുത്തു.

“കുട്ടിക്കാലത്ത് ഞാൻ വെടിയുണ്ടകൾ കണ്ടാണ് വളർന്നത്. എന്റെ കൊച്ചുമക്കൾ അങ്ങനെ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല” 84 -കാരനായ വാലന്റൈൻ പറയുന്നു. അവർ ഇപ്പോൾ സുരക്ഷിതരാണ്. ഇനി തിരിച്ച് സ്വന്തം നാട്ടിലേക്ക് പോകാൻ കഴിയുമോ എന്ന ആശങ്കയിലാണ് ഈ കുടുംബം.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.