അപകടകരമായ കുടിയേറ്റ ബോട്ടുകൾ തടയാൻ യൂറോപ്യൻ യൂണിയന്റെ സഹായം തേടി

അപകടകരമായ ബോട്ട് യാത്രകളിൽ കുടിയേറ്റക്കാരുടെ ജീവൻ അപകടത്തിലാക്കപ്പെടുകയും മനുഷ്യക്കടത്തിന് ഇരയാകുകയും ചെയ്യുന്ന സാഹചര്യത്തിൽ അഞ്ച് മെഡിറ്ററേനിയൻ രാജ്യങ്ങൾ യൂറോപ്യൻ യൂണിയന്റെ അതിർത്തി ഏജൻസിയായ ഫ്രോണ്ടക്‌സിനോടു കുടിയേറ്റക്കാരുടെ ജീവൻ രക്ഷിക്കാൻ മൂന്നാം രാജ്യങ്ങൾക്കുള്ളിൽ പ്രവർത്തിക്കാൻ ആവശ്യപ്പെട്ടു. മെഡിറ്ററേനിയൻ മേഖലയിലുടനീളമുള്ള ഗവൺമെന്റുകളെ സംബന്ധിച്ചിടത്തോളം, കുടിയേറ്റക്കാരെക്കൊണ്ട് നിറഞ്ഞതും കടലിലിറക്കാൻ യോഗ്യമല്ലാത്തതുമായ ബോട്ടുകളിൽ മനുഷ്യക്കടത്തു നടത്തുന്ന സംഘങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നം ഗുരുതരമായ ആശങ്കയായി മാറിയിരിക്കുന്നു.

ഇറ്റലി, സ്പെയിൻ, ഗ്രീസ്, മാൾട്ട, സൈപ്രസ് എന്നിവ ഉൾപ്പെടുന്ന MED-5 ഗ്രൂപ്പിന്റെ മന്ത്രിമാർ സൈപ്രസിൽ നടത്തിയ സമ്മേളനത്തെ തുടർന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ, “യഥാർത്ഥത്തിൽ പൊതുവായ (യൂറോപ്യൻ) അഭയാർത്ഥി കുടിയേറ്റ മാനേജ്മെന്റ് സംവിധാനം കൈവരിക്കുന്നതിന് ചർച്ചകളിൽ ന്യായമായ സമീപനം വേണമെന്ന് ആവശ്യപ്പെട്ടു.

ദ്വീപിലെ ജനസംഖ്യയുടെ നാല് ശതമാനം അഭയാർത്ഥികളാണെന്ന് യോഗത്തിന് ആതിഥേയത്വം വഹിച്ച സൈപ്രസ് ആഭ്യന്തര മന്ത്രി പറഞ്ഞു. അതേസമയം, രണ്ട് ഗ്രീക്ക് ദ്വീപുകളുടെ തീരത്ത് അപകടകരമായ കാലാവസ്ഥയെത്തുടർന്ന് മാറ്റിവെച്ചിരുന്ന തിരച്ചിൽ പുനരാരംഭിച്ചു.ബുധനാഴ്ച കുടിയേറ്റക്കാരുമായി പോയ രണ്ട് ബോട്ടുകൾ മുങ്ങിയതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. വെള്ളിയാഴ്ച രാത്രി, തുർക്കി തീരത്ത് ഈജിയൻ ദ്വീപായ ലെസ്വോസിന് സമീപമുള്ള കടലിൽ നിന്ന് 18 മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. മനുഷ്യക്കടത്തു നടത്തുന്ന പല തോണികളും പുറപ്പെടുന്ന രാജ്യമായ തുർക്കി മനുഷ്യക്കടത്തുകാരെ തടയാൻ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്ന് ഗ്രീസ് ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.