ആഫ്രിക്ക ചൂഷണം ചെയ്യപ്പെടരുത്: തെക്കൻ സുഡാൻ സന്ദർശിക്കാനുള്ള തീരുമാനം വ്യക്തമാക്കി ഫ്രാൻസിസ് പാപ്പാ

“ആഫ്രിക്കക്കൊപ്പമുള്ള ഡോക്ടർമാർ” (CUAMM) എന്ന സംഘടനയിലെ അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, ആഫ്രിക്കക്കൊപ്പം നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അടുത്ത വർഷം തെക്കൻ സുഡാൻ സന്ദർശിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചും വ്യക്തമാക്കി.

എഴുപതു വർഷങ്ങളോളം മുൻപ് ഇറ്റലിയിലെ പാദുവയിൽ ആരംഭിച്ച ആഫ്രിക്കയിലേക്ക് വൈദ്യസഹായമെത്തിക്കാനായും വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ സന്നദ്ധസേവനത്തിനുള്ള സാധ്യതകൾ ഒരുക്കുന്നതിനുമായി ഉണ്ടായ “ആഫ്രിക്കക്കൊപ്പമുള്ള ഡോക്ടർമാർ” എന്ന സംഘടനയിലെ അംഗങ്ങളെ നവംബർ പത്തൊൻപതിന് വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, ആഫ്രിക്ക ചൂഷണം ചെയ്യപ്പെടാനുള്ള ഇടമല്ലെന്നും അവിടെയുള്ള ആളുകളുടെ കഴിവുകൾ പ്രോത്സാഹിക്കപ്പെടണമെന്നും ഓർമ്മിപ്പിച്ചു.

ആഫ്രിക്കക്കു വേണ്ടി എന്ന ചിന്തയേക്കാൾ ആഫ്രിക്കക്കൊപ്പം എന്ന ചിന്തയാണ് ശരിയെന്ന് പാപ്പാ പറഞ്ഞു. ആഫ്രിക്ക ചൂഷണം ചെയ്യപ്പെടേണ്ട ഇടമാണെന്ന തെറ്റായ ചിന്തയെ തള്ളിപ്പറഞ്ഞ പരിശുദ്ധ പിതാവ്, ആഫ്രിക്കക്കൊപ്പം നിൽക്കാനും അതുവഴി ആഫ്രിക്കക്കു വേണ്ടി പ്രവർത്തിക്കാനുമുള്ള സംഘാംഗങ്ങളുടെ മനോഭാവമാണ് ശരിയെന്നും വ്യക്തമാക്കി. ആഫ്രിക്കയിൽ ഒരു വലിയ ബൗദ്ധിക മൂലധനമുണ്ടെന്ന് കഴിഞ്ഞ മാസത്തിൽ ആഫ്രിക്കയിൽനിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുമായി നടത്തിയ സൂം മീറ്റിംഗിനെ അധികരിച്ച് പാപ്പാ പറഞ്ഞു.

രണ്ടായിരത്തി പതിനഞ്ചിൽ മദ്ധ്യആഫ്രിക്കയിലേക്ക് താൻ നടത്തിയ യാത്രയെക്കുറിച്ച് സംസാരിച്ച പാപ്പാ, അടുത്ത വർഷാരംഭത്തിൽ തെക്കൻ സുഡാൻ സന്ദർശിക്കാനുള്ള തന്റെ തീരുമാനവും അറിയിച്ചു. പലപ്പോഴും പാവപ്പെട്ടതും ദുർബലവുമായ പല ആഫ്രിക്കൻ രാജ്യങ്ങളെയും അവയിൽ നിന്ന് ചൂഷണം ചെയ്യാനുള്ള വിഭവങ്ങളുടെ പേരിൽ മാത്രമാണ് ലോകം പരിഗണിക്കുന്നതെന്നും, എന്നാൽ ദൈവം അവിടുത്തെ ആളുകളെ തന്റെ പ്രിയപ്പെട്ടവരായി കണക്കാക്കുകയും, “ആഫ്രിക്കക്കൊപ്പമുള്ള ഡോക്ടർമാർ” എന്ന സംഘടനാംഗങ്ങളെപ്പോലെയുള്ള നല്ല സമരിയക്കാരെ തന്റെ സുവിശേഷത്തിന്റെ സാക്ഷികളായി അയക്കുകയാണെന്നും പാപ്പാ പറഞ്ഞു. അവിടെ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ ധൈര്യപൂർവ്വം നേരിടാനും ചികിത്സ ലഭ്യമല്ലാത്ത വിദൂരയിടങ്ങളിൽ സഹായമേകാനും പാപ്പാ ഡോക്ടർമാരെ ആഹ്വാനം ചെയ്തു.

“ആഫ്രിക്കക്കൊപ്പമുള്ള ഡോക്ടർമാർ” എന്ന സംഘടനയിലെ ഡോക്ടർമാരും സന്നദ്ധസേവകരുമടങ്ങുന്ന ഏഴായിരത്തോളം ആളുകളെയാണ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചത്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.