ആഫ്രിക്കൻ രാജ്യങ്ങളുടെ ഭക്ഷ്യപ്രതിസന്ധിക്ക് പരിഹാരമായി ഉക്രൈനിൽ നിന്നുള്ള ധാന്യക്കപ്പൽ

ഉക്രേനിയൻ തുറമുഖത്തു നിന്ന് ഉടൻ പുറപ്പെടാൻ പോകുന്ന ചരക്കുകപ്പൽ, കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ആഫ്രിക്കയിലെ പതിനായിരക്കണക്കിന് ആളുകൾക്ക് ആശ്വാസമാകുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ കപ്പൽ എത്തിച്ചേരുന്നതോടെ എത്യോപ്യ, കെനിയ, സൊമാലിയ എന്നിവിടങ്ങളിലെ ഭക്ഷ്യക്ഷാമത്തിന് വലിയൊരു പരിഹാരമാകും.

യുഎൻ ഫുഡ് പ്രോഗ്രാം ചാർട്ടേഡ് ചെയ്ത ‘ബ്രേവ് കമാൻഡർ’ എന്ന കപ്പൽ, യുഷ്നിയിലെ കരിങ്കടൽ തുറമുഖത്ത് ഡോക്ക് ചെയ്തു. വരൾച്ചയും പ്രാദേശികസംഘട്ടനങ്ങളും ഭക്ഷ്യവിതരണ ശൃംഖലക്ക് ഇതിനകം തന്നെ കടുത്ത വെല്ലുവിളികൾ ഉയർത്തിയിരിക്കുകയാണ്. ആഫ്രിക്കയിലെ ദാരിദ്ര്യരാജ്യങ്ങളിലേക്ക് ധാന്യം എത്തിക്കാൻ കഴിയാതായതോടെ ഈ രാജ്യങ്ങൾ കടുത്ത പട്ടിണിയിലായി; ഫെബ്രുവരിയിൽ ആരംഭിച്ച ഉക്രൈൻ യുദ്ധം സ്ഥിതി കൂടുതൽ വഷളാക്കി. കാരണം, റഷ്യ കരിങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതം തടഞ്ഞു.

യുദ്ധം ചെയ്യുന്ന രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ, ഐക്യരാഷ്ട്ര സഭയുടെയും തുർക്കിയുടെയും സഹായത്താൽ, ജൂലൈ അവസാനം ഒരു മാനുഷിക ധാന്യ ഇടനാഴി തുറക്കുന്നതിനുള്ള കരാറിലേക്ക് നയിച്ചു. അങ്ങനെയാണ് ഈ ചരക്കുകപ്പൽ ഗതാഗതം ആരംഭിച്ചത്.

ന്യായവും ശാശ്വതവുമായ സമാധാനം കണ്ടെത്താനാകുമെന്ന പ്രതീക്ഷയുടെ സൂചനയാണ് കരാർ നൽകുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

റഷ്യയുടെയും ഉക്രൈനിന്റെയും ധാന്യങ്ങളുടെയും രാസവളങ്ങളുടെയും കയറ്റുമതി ലോകത്തിന്റെ പല ഭാഗങ്ങളിലും നിർണ്ണായകമാണ്. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച്, യുദ്ധത്തിന്നു മുമ്പ് ഉക്രൈൻ ലോകവിപണിയിൽ പ്രതിവർഷം 45 ദശലക്ഷം മെട്രിക് ടൺ ധാന്യം നൽകിയിരുന്നു. ഏകദേശം 18 ദശലക്ഷം ആളുകൾ പല ആഫ്രിക്കൻ രാജ്യങ്ങളിൽ കടുത്ത പട്ടിണി നേരിടുന്നു. മറ്റൊരു കപ്പൽ വഴി ഉടൻതന്നെ 7,000 മെട്രിക് ടൺ കൂടി കയറ്റി അയക്കാനുണ്ടെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.