മാർപാപ്പയുടെ ബഹ്‌റൈൻ സന്ദർശനം സാഹോദര്യത്തിന്റെ പാതയിലെ വിലയേറിയ ചുവടുവയ്പ്: വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ

ഫ്രാൻസിസ് മാർപാപ്പ ബഹ്‌റൈനിലേക്കുള്ള തന്റെ 39-ാമത് അപ്പസ്തോലിക യാത്രക്ക് തയ്യാറെടുക്കുകയാണ്. നവംബർ 3-6 തീയതികളിൽ ആണ് സന്ദർശനം. മാർപാപ്പ എന്ന നിലയിൽ സന്ദർശിക്കുന്ന 58-ാമത്തെ രാജ്യമാണ് ബഹ്‌റൈൻ. വെള്ളിയാഴ്ച ഹോളി സീ പ്രസ് ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ, വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മത്തിയോ ബ്രൂണി മാർപ്പാപ്പയുടെ സന്ദർശനത്തെക്കുറിച്ചുള്ള ഒരു അവലോകനം നടത്തി.

പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടർ മാർപ്പാപ്പയുടെ ഈ സന്ദർശനത്തെ മതാന്തര സംവാദം ശക്തിപ്പെടുത്താനും പ്രാദേശിക കത്തോലിക്കരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണെന്ന് വെളിപ്പെടുത്തി. ബഹ്‌റൈൻ സന്ദർശിക്കുന്ന ആദ്യത്തെ മാർപാപ്പയാണ് ഫ്രാൻസിസ് മാർപാപ്പയെന്ന് ഡയറക്ടർ ചൂണ്ടിക്കാട്ടി.

സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിനായി 200 ഓളം സർവമത നേതാക്കൾ ഒത്തുചേരുന്ന ആദ്യത്തെ “ബഹ്‌റൈൻ ഫോറം ഫോർ ഡയലോഗ്: കിഴക്കും പടിഞ്ഞാറും മനുഷ്യ സഹവർത്തിത്വ”ത്തിന്റെ സമാപന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. മാർപാപ്പ മതനേതാക്കളെ കണ്ടുമുട്ടുമ്പോൾ, 2019-ൽ അബുദാബിയിൽ വെച്ച് മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള ഡോക്യുമെന്റിൽ അദ്ദേഹം ഒപ്പുവെച്ചത് പരസ്പര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നത് തുടരുന്നതിനുള്ള പശ്ചാത്തലം സൃഷ്ടിക്കും.

സാഹോദര്യത്തിന്റെയും മതാന്തര സംവാദത്തിന്റെയും പാതയിലെ വിലയേറിയ ചുവടുവെപ്പാണ് ഈ സന്ദർശനം. യൂറോപ്പിലെയും വിവിധ രാജ്യങ്ങളിലെയും യുദ്ധം മാർപ്പാപ്പയുടെ മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ മറ്റൊരു പശ്ചാത്തലം സൃഷ്ടിക്കുമെന്ന് പ്രസ് ഓഫീസ് ഡയറക്ടർ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.