സംസാരത്തിന്റെ സംസ്കാരം പുലർത്താൻ ദിവസവും ഓഫ്‌ ലൈനിൽ പോകുന്ന ഗ്രാമം

എല്ലാ ദിവസവും കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും ആധുനികലോകത്തിലെ പ്രധാന ആകർഷണവസ്തുക്കളായ ടിവിയും മൊബൈലും ഓഫ് ചെയ്തു വച്ചുകൊണ്ട് മാതൃകയാവുകയാണ് ഇന്ത്യയിലെ ഒരു ഗ്രാമം. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ വഡ്ഗാവ് ഗ്രാമമാണ് എല്ലാ ദിവസവും ഓഫ് ലൈനിൽ പോകുന്ന ആ ഗ്രാമം.

ഇവിടെ ദിവസവും ഏഴു മണിക്ക് ഒരു സൈറൺ മുഴങ്ങുന്നു. ഗ്രാമവാസികൾക്ക് ടിവിയും മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്യുന്നതിനുള്ള മുന്നറിയിപ്പായിട്ടാണ് ഇ സൈറൺ ക്രമീകരിച്ചിരിക്കുന്നത്. രാത്രി 8.30-ന് ഗ്രാമസഭ വീണ്ടും സൈറൺ മുഴക്കും. അപ്പോൾ താല്പര്യമുള്ളവർക്ക് ഫോണും മറ്റും ഓൺ ചെയ്യാം. അല്ലാത്തവർക്ക് അര മണിക്കൂർ കൂടെ ഈ അവസ്ഥയിൽ തുടരാൻ കഴിയും.

“ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് അതായത് ആഗസ്റ്റ് 14-ന് ചേർന്ന ഗ്രാമയോഗത്തിൽ ഞങ്ങൾ ഈ അടിമത്വം അവസാനിപ്പിക്കണമെന്ന് തീരുമാനിച്ചു. അടുത്ത ദിവസം മുതൽ, സൈറൺ അടിച്ചപ്പോൾ എല്ലാ ടെലിവിഷൻ സെറ്റുകളും മൊബൈലുകളും ഓഫ് ചെയ്തു തുടങ്ങി” – വില്ലേജ് കൗൺസിൽ പ്രസിഡന്റ് വിജയ് മൊഹിതേ വെളിപ്പെടുത്തുന്നു. കോവിഡ് പകർച്ചവ്യാധി വന്നപ്പോൾ ക്‌ളാസുകളും ജോലിയും മറ്റും ഓൺലൈനിൽ ആയി. ഇപ്പോൾ വീണ്ടും കാര്യങ്ങൾ പഴയതുപോലെ ആയെങ്കിലും ഫോണിനും സാമൂഹ്യമാധ്യമങ്ങൾക്കും മുന്നിൽ കുട്ടികൾ ഉൾപ്പെടെയുള്ള ആളുകൾ കൂടുതൽ സമയം ചെലവിടുന്നത് തുടർന്നു. ഇതിനു ഒരു മാറ്റം വരുത്തുകയും കുടുംബങ്ങളിൽ സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഒരു സംസ്കാരം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിനായിട്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം നടപ്പാക്കിയത് എന്ന് വിജയ് മൊഹിതേ പറഞ്ഞു.

വഡ്ഗാവിൽ ഏകദേശം 3,000 ആളുകളുണ്ട്, അതിൽ ഭൂരിഭാഗവും കർഷകരും പഞ്ചസാര മിൽ തൊഴിലാളികളുമാണ്. ഈ ഒരു തീരുമാനം നടപ്പിലാക്കിയതു മുതൽ പല കുടുംബങ്ങളിലും ഒത്തൊരുമയും സന്തോഷവും മടങ്ങിയെത്തിയതായി ഗ്രാമവാസികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.