‘അവർ ഒരിക്കലും വിശുദ്ധ കുർബാന നഷ്ടപ്പെടുത്തിയിരുന്നില്ല’ – നൈജീരിയയിൽ കൊല്ലപ്പെട്ട ക്രൈസ്തവദമ്പതികളെ കുറിച്ചുള്ള വെളിപ്പെടുത്തൽ

പന്തക്കുസ്താ ദിനത്തിൽ നൈജീരിയയിലെ കത്തോലിക്കാ ദേവാലയത്തിൽ നടന്ന ആക്രമണത്തിൽ 80-ഓളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. പരിശുദ്ധ കുർബാനക്കിടയിലാണ് ആയുധധാരികൾ വിശ്വാസികളുടെമേൽ നിറയൊഴിച്ചത്. ഒരു ദിവസം പോലും പരിശുദ്ധ കുർബാന മുടക്കാത്ത ദമ്പതികളായ 67-കാരനായ ജോൺ അഡെസിന അജനകുവും ഭാര്യ ഒലബിമ്പേ സൂസനയും ഈ ആക്രമണത്തിന്റെ ഇരകളായി.

“അവർ ഒരിക്കലും വിശുദ്ധ കുർബാന മുടക്കിയിരുന്നില്ല. എന്റെ പിതാവ് വളരെ നല്ലവനും കത്തോലിക്കാ മെൻസ് ഓർഗനൈസേഷന്റെ കോർഡിനേറ്ററുമായിരുന്നു” – മരിച്ച ജോണിന്റെ മകളായ ലൈഡ് അജാനകു പറഞ്ഞു. ലൈഡിന്റെ മാതാപിതാക്കൾ എപ്പോഴും ഒരുമിച്ചായിരുന്നു. അവർക്ക് ഒരിക്കലും തനിച്ചുള്ള ജീവിതം സാധ്യമായിരുന്നില്ല. മരണത്തെ പുണർന്നപ്പോൾ പോലും അവർ ഒരുമിച്ചായിരുന്നു.

ജൂൺ അഞ്ചിന് നൈജീരിയയിലെ ഓൻഡോ സംസ്ഥാനത്തെ ഓവോയിലുള്ള സെന്റ് ഫ്രാൻസിസ് സേവ്യർ കത്തോലിക്കാ ദേവാലയത്തിലാണ് ആക്രമണം നടന്നത്. ദേവാലയത്തിൽ പരിശുദ്ധ കുർബാന നടക്കുകയായിരുന്നു. അപ്പോഴാണ് ആയുധധാരികളുടെ ഒരു സംഘം ദേവാലയത്തിന് പുറത്തെത്തിയത്. അവർ പുറത്തു നിന്ന് വിശ്വാസികളുടെമേൽ വെടിയുതിർത്തു. എന്നാൽ അതിൽ നാലു പേർ അകത്തേക്ക് പ്രവേശിച്ച് ആക്രമണം നടത്തി.

“ആക്രമണത്തെക്കുറിച്ച് കേട്ടപ്പോൾ ഞങ്ങൾ ആകെ പരിഭ്രമിച്ചുപോയി. മാതാപിതാക്കൾക്ക് എന്ത് സംഭവിച്ചുവെന്ന് അറിയില്ല. അവരെക്കുറിച്ചുള്ള വിവരത്തിനായി ഞങ്ങൾ പലരെയും വിളിച്ചു” – ലൈഡ് അജാനകു പറഞ്ഞു. തനിക്ക് പരിചയമില്ലാത്ത ഒരു സ്ത്രീ ലൈഡിനോട്, തന്റെ പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ലായെന്നും അറിയിച്ചു. വൈകാതെ തന്നെ ഒരു വൈദികൻ വിളിച്ച് അമ്മയും മരണപ്പെട്ടതായി അവരെ അറിയിച്ചു. മരണത്തിലും ഈ ദമ്പതികൾ ഒന്നിച്ചു തന്നെ. മാതാപിതാക്കൾക്ക് അപകടം സംഭവിച്ചെങ്കിലും അവർ മരിച്ചു എന്ന് വിശ്വസിക്കാൻ മകൾക്ക് വളരെ പ്രയാസമായിരുന്നു.

“മരണപ്പെട്ടവർക്കു വേണ്ടിയും അവരുടെ കുടുംബങ്ങൾക്കു വേണ്ടിയും ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിക്കുന്നുണ്ട്. ആശ്വാസദായകനായ പരിശുദ്ധാത്മാവ് അവരെ ആശ്വസിപ്പിക്കട്ടെ” – ജൂൺ അഞ്ചിന് വത്തിക്കാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.