മതസ്വാതന്ത്ര്യം ലംഘിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നൈജീരിയയെ ചേർക്കാൻ ബൈഡനോട് അഭ്യർത്ഥിച്ച് റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് നേതാക്കൾ

ന്യൂജേഴ്‌സി പ്രതിനിധി ക്രിസ് സ്മിത്തും കോൺഗ്രസിലെ ഒരു കൂട്ടം റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് നേതാക്കളും നൈജീരിയയെ, മതസ്വാതന്ത്ര്യം ലംഘിക്കുന്ന രാജ്യങ്ങളുടെ വാർഷിക പട്ടികയിൽ ഉൾപ്പെടുത്താൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനോട് ആവശ്യപ്പെടാനുള്ള പ്രമേയം അവതരിപ്പിച്ചു. മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ നിരീക്ഷിക്കാനും ചെറുക്കാനും പ്രത്യേക സമിതിയെ നിയമിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

ഈ പ്രമേയം ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് നൈജീരിയയിൽ മതസ്വാതന്ത്ര്യത്തോടുള്ള യുഎസിന്റെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതാണ്. “കഴിഞ്ഞ വർഷം മാത്രം നൈജീരിയയിൽ 5014 ക്രൈസ്തവർ കൊല്ലപ്പെട്ടു. ലോകമെമ്പാടുമായി കൊല്ലപ്പെടുന്ന ക്രൈസ്തവരിൽ 90 ശതമാനവും, ലോകമെമ്പാടുമായി തട്ടിക്കൊണ്ടു പോകപ്പെടുന്ന ക്രൈസ്തവരിൽ 90 ശതമാനവും നൈജീരിയയിൽ നിന്നാണ്. ബൈഡൻ ഭരണകൂടം ഇതിനെതിരെ പെട്ടെന്ന് നടപടിയെടുക്കുകയും മതസ്വാതന്ത്ര്യ ഭീഷണി ഭയാനകമായ രീതിയിൽ നേരിടുന്ന പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി നൈജീരിയയെ പുനർനാമകരണം ചെയ്യുകയും വേണം” – പ്രമേയത്തിൽ വ്യക്തമാക്കി.

നൈജീരിയയിലെ ക്രിസ്ത്യാനികൾക്കും മതന്യൂനപക്ഷങ്ങൾക്കും എതിരായ കൂട്ടക്കൊലകൾ, കൊലപാതകങ്ങൾ, തട്ടിക്കൊണ്ടു പോകലുകൾ എന്നിവ ഉൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങളുടെ നിരവധി തെളിവുകളാണുള്ളത്. എന്നിട്ടും ബൈഡൻ ഭരണകൂടത്തിനു കീഴിലുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 2021 -ൽ നൈജീരിയയെ സിപിസി പട്ടികയിൽ നിന്ന് നീക്കം ചെയ്തു. 2022 -ലും വീണ്ടും ഇത് ആവർത്തിച്ചു. 2020 -ൽ, നൈജീരിയ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.