നൈജീരിയയിൽ തട്ടിക്കൊണ്ടു പോയ വൈദികനെ 40 ദിവസങ്ങൾക്കു ശേഷം മോചിപ്പിച്ചു

നൈജീരിയയിൽ തട്ടിക്കൊണ്ടു പോയ കത്തോലിക്കാ വൈദികനെ 40 ദിവസങ്ങൾക്കു ശേഷം മോചിപ്പിച്ചു. വടക്കൻ നൈജീരിയയിലെ കടുന സ്റ്റേറ്റിലുള്ള സാരിയ രൂപതയിലെ ഫാ. ഫെലിക്‌സ് സക്കാരി ഫിഡ്‌സൺ ആണ് മെയ് മൂന്നിന് മോചിതനായത്.

“ഫാ. ഫെലിക്‌സ് സക്കാരിയുടെ മോചനവാർത്ത ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ഞങ്ങൾ സ്വീകരിക്കുന്നു” – രൂപതാ ചാൻസലർ ഫാ. പാട്രിക് അഡിക്വു ഒഡെ പറഞ്ഞു. 2022 മാർച്ച് 24-ന് രൂപതാ ആസ്ഥാനത്തേക്കുള്ള യാത്രാമധ്യേ സെന്റ് ആൻസ് സാംഗോ ടാമ II-ലെ തന്റെ വസതിയിൽ നിന്ന് പുറപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്. അദ്ദേഹത്തിന്റെ മോചനത്തിനായി സാങ്കോ/ തമാൻ ഇടവകയിലെ വിശ്വാസി സമൂഹം പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു.

മെയ് നാലിനു നടത്തിയ പ്രസ്താവനയിൽ, ഫാ. സക്കാരിയുടെ മോചനത്തിനായി പ്രാർത്ഥിച്ച വിശ്വാസി സമൂഹത്തോട് രൂപതാ ചാൻസലർ നന്ദി പറഞ്ഞു. ഏകദേശം 206 ദശലക്ഷം ജനസംഖ്യയുള്ള പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയക്കായി പ്രാർത്ഥിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അവരിൽ പകുതിയും ക്രിസ്ത്യാനികളാണ്.

ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട് പ്രകാരം, ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങളുടെ വേൾഡ് വാച്ച് ലിസ്റ്റിൽ നൈജീരിയ ഏഴാം സ്ഥാനത്താണ്. ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ (ഇന്റർ സൊസൈറ്റി) യുടെ 2022-ലെ റിപ്പോർട്ടിൽ, 2021-ൽ മാത്രം നൈജീരിയയിൽ മാത്രം 25-ഓളം കത്തോലിക്കാ വൈദികർ കൊല്ലപ്പെടുകയോ, തട്ടിക്കൊണ്ടു പോകപ്പെടുകയോ ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.