സമർപ്പണ ജീവിതത്തെക്കുറിച്ച് സന്യാസിനിയുടെ നോവല്‍ ‘സലില’

സമർപ്പണ ജീവിതം ഇതിവൃത്തമാക്കിയുള്ള മനോഹരമായ പുസ്തകമാണ് എഫ്.സി.സി സഭാംഗമായ സി. ലീജിയ തോമസ് തന്റെ രജതജൂബിലി സ്മാരകമായി രചിച്ചിട്ടുള്ള ‘സലില’ എന്ന നോവൽ. ദൈവവിളി പ്രോത്സാഹനത്തിനും സമർപ്പണചിന്തകൾ ആഴപ്പെടുന്നതിനും ഈ നോവല്‍ നമ്മെ സഹായിക്കും.

ലളിതസുന്ദരമായ ഭാഷയും ആകാംക്ഷയുണർത്തുന്ന ആഖ്യാനശൈലിയും കൊണ്ട് അനുഗ്രഹീതമാണ് ഈ പുസ്തകം. ക്രിസ്തുസ്നേഹത്താൽ പ്രേരിതയായി വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ നൈവേദ്യമായ ഒരു ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ അനുഭവങ്ങൾ ഈ നോവലില്‍ നമ്മള്‍ കാണുന്നു. നമ്മുടെ ഭവനങ്ങളിൽ വാങ്ങി വായിക്കാനും പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനും ഉത്തമമാണിത്. വ്രതശുദ്ധിയുടെ തീക്ഷ്ണമായ യാഥാർത്ഥ്യങ്ങൾ നമ്മിൽ വായനയുടെ സ്നാനം സാധ്യമാക്കും.

സമർപ്പണ ജീവിതസൗന്ദര്യം വളരെ പ്രകടമായി അനുഭവവേദ്യമാകുന്ന ഒരു ഭാഗം ‘സലില’യുടെ 20-ാം അധ്യായത്തിൽ ദൃശ്യമാണ്. അയർലണ്ടിലെ ആശുപത്രിയിൽ അഞ്ചു വർഷങ്ങൾക്കു ശേഷം സുഹൃത്തിനെ വെന്റിലേറ്ററിൽ വച്ചു കാണുന്ന സി. സലിലയുടെ മനോദുഖവും ഒരു ഉല്ലാസയാത്രക്കിടയിലുണ്ടായ ഈ ആകസ്മിക സംഭവത്തിൽ കൂട്ടുകാരിൽ നിന്ന് സലിലയ്ക്കു ലഭിക്കുന്ന പ്രാർത്ഥനയും പിന്തുണയും ഒടുവിൽ കരുണയോടെ പ്രാർത്ഥിക്കുന്ന സലിലയുടെ കരസ്പർശനത്തോടെ ദൈവം സി. സിസ്റ്റാർലിയെ സുഖപ്പെടുത്തി സംസാരിക്കുവാൻ പ്രാപ്തയാക്കുന്നതും വെള്ളിത്തിരയിൽ കാണുന്നതു പോലെ വാക്കുകളിൽ അവതരിപ്പിക്കുന്നു. സി. സ്റ്റാർലിയുടെ സന്യാസ സഹോദരങ്ങളുടെ സ്നേഹവും ആ സന്യാസഭവനത്തിൽ സിസ്റ്ററിന്റെ മുറിയിൽ നിന്നും കണ്ടെടുക്കുന്ന ഡയറിയിൽ താൻ എഴുതിയ സന്ദേശം വായിച്ച് തരളിതയാകുന്ന സലിലയും വായനക്കാരുടെ ഹൃദയങ്ങളിൽ സ്നേഹവികാരങ്ങളുടെ വേലിയേറ്റങ്ങൾ സൃഷ്ടിക്കുന്നു.

ആത്മാർത്ഥതയും സത്യസന്ധതയും ഒന്നിക്കുന്ന സമ്പൂർണ്ണ സമർപ്പണ ജീവിതങ്ങൾ എന്നും സന്തോഷം നിറഞ്ഞതാകും എന്നും സലില ഓർമ്മിപ്പിക്കുന്നു. ഇങ്ങനെയുള്ള ദൈവാനുഗ്രഹത്തിന്റെ നിമിഷങ്ങളെ തിരിച്ചറിയാൻ, ഒരു ഉൾവെളിച്ചം നൽകാൻ സലിലയ്ക്കു സാധിക്കുന്നു എന്നതാണ് ഈ സൃഷ്ടിയെ കൂടുതൽ മഹത്തരമാക്കുന്ന സത്യം. സന്യാസ ജീവിതത്തെ വിലകുറച്ചു കാണിക്കുന്നവരുടെ മുമ്പിൽ ഒരു ഉയിർത്തെഴുന്നേൽപ്പ് പകരുന്നു ആത്മാർത്ഥതയും വളച്ചുകെട്ടുകളുമില്ലത്ത ഈ അവതരണം.

ഒരു നവവെളിച്ചമായി ഈ പുസ്തകം മാറട്ടെ! സമർപ്പണ ജീവിതങ്ങൾ പിച്ചിച്ചീന്തപ്പെടുന്ന ഈ കാലഘട്ടത്തിൽ ഈ കലാസൃഷ്ടി കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതാണ് .

(കോപ്പികള്‍ ഭരണങ്ങാനം ജീവൻ ബുക്സിൽ നിന്നും ലഭിക്കുന്നതാണ്).

ഡോ. തോമസ് മതിലകത്ത് CMI

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.