ദിവ്യബലി അർപ്പിക്കാൻ പോകുംവഴി കലാപകാരികൾ തട്ടികൊണ്ടു പോയ മലയാളി വൈദികനെ മോചിപ്പിച്ചു

എത്യോപ്യയിൽ കലാപകാരികൾ തട്ടികൊണ്ടു പോയ മലയാളി വൈദികനെ 24 മണിക്കൂർ തടവിൽ പാർപ്പിച്ചശേഷം വിട്ടയച്ചു. മിഷനറി വൈദികനായ ബഥനി സന്യാസ സമൂഹാംഗം ഫാ. ജോഷ്വാ ഇടകടമ്പിലിനെയാണ് ഇന്നലെ ഇരുചക്ര വാഹനത്തിൽ കൊണ്ടുവന്ന് പാതിവഴിയിൽ ഇറക്കിവിട്ടത്. അദ്ദേഹത്തെ ഇറക്കിവിട്ട ശേഷം കലാപകാരികൾ സ്ഥലം വിട്ടു.

എത്യോപ്യയിലെ നെകെംതെ രൂപതയിലുള്ള സിറെയിൽ നിന്ന് ജനുവരി 21 -ന് ഉച്ചയോടെയാണ് ഫാ. ജോഷ്വയെ തട്ടികൊണ്ടു പോയത്. ദിവ്യബലി അർപ്പിക്കാൻ പോകും വഴി, വൈദികനെ വഴിയിൽ തടഞ്ഞുനിർത്തിയ സംഘം അജ്ഞാതസ്ഥലത്തേക്ക്‌ അദ്ദേഹത്തെ കൊണ്ടുപോവുകയായിരുന്നു. സർക്കാരുമായി ബന്ധമുള്ള ആളാണെന്ന തെറ്റിധാരണയിലാണ് വൈദികനെ തട്ടികൊണ്ടു പോയത്.

നെകെംതെ രൂപത വികാരി ജനറാളും മറ്റൊരു വൈദികനും കലാപകാരികളുമായി നടത്തിയ ചർച്ചക്കൊടുവിലാണ് വൈദികനെ വിട്ടയയ്ക്കാൻ തീരുമാനമായത്. എന്നാൽ ഇദ്ദേഹം സഞ്ചരിച്ച വാഹനം വിട്ടുകൊടുത്തിട്ടില്ല. ഫാ. ജോഷ്വയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് നെകെംതെ രൂപത അറിയിച്ചു.

പത്തനംതിട്ട കുമ്പഴ സ്വദേശിയായ വൈദികൻ രണ്ടു വർഷമായി എത്യോപ്യയിലെ മിഷൻ മേഖലയിലാണ് പ്രവർത്തിക്കുന്നത്. അവിടെ ഒരു സ്കൂളിന്റെയും ദൈവാലയത്തിന്റെയും ചുമതല വഹിക്കുന്നത് ഇദ്ദേഹമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.