
കളിക്കളങ്ങൾ പലപ്പോഴും വിജയങ്ങളുടെയും വാശിയേറിയ പോരാട്ടങ്ങളുടെയും വേദിയാണ്. എന്നാൽ സ്പെഷ്യൽ ഒളിംപിക്സ് വേദിയിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു ദൃശ്യം വിജയത്തേക്കാൾ വലുതാണ് മനുഷ്യത്വമെന്ന് ലോകത്തെ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയാണ്. ഹൃദയസ്പർശിയായ ഒരു ‘ചുംബനത്തിന്റെ’ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകളുടെ കണ്ണ് നനയിക്കുന്നത്.
ന്യൂ മെക്സിക്കോയിലെ ആൽബുകെർക്കിയിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ, 100 മീറ്റർ ഓട്ടത്തിന്റെ പകുതി ദൂരം പിന്നിട്ടപ്പോൾ, എട്ട് വയസ്സുള്ള ജെയ്ഡൺ എന്ന ഓട്ടക്കാരൻ താൻ ഓടിക്കൊണ്ടിരുന്ന ട്രാക്ക് വിട്ട് എതിർ ദിശയിലേക്ക് പോയി. എന്തോ കുഴപ്പം സംഭവിച്ചെന്ന് എല്ലാവരും ഒരു നിമിഷം ചിന്തിച്ചു. എന്നാൽ ആ മത്സരഓട്ടത്തിനിടയ്ക്ക് തന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടുനിൽക്കുന്ന അമ്മയ്ക്ക് ചുംബനം നൽകാൻ പോയതായിരുന്നു ജയ്ഡൺ. അതിനുശേഷം അവൻ ട്രാക്കിലേക്ക് മടങ്ങി ഓട്ടം പൂർത്തിയാക്കുകായും ചെയ്തു.
അപൂർവമായ ഒരു ന്യൂറോളജിക്കൽ രോഗമായ പോളിമൈക്രോഗൈറിയ ബാധിതനാണ് ജെയ്ഡൺ. ഓട്ടിസ ബാധിതനായ അവൻ ചെറുപ്പത്തിൽ തനിയെ നടക്കുകയോ സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ ഒന്നും ചെയ്തിരുന്നില്ല. എന്നാൽ കാലക്രമേണ, തെറാപ്പിയിലൂടെയും കഠിനാധ്വാനത്തിലൂടെയും, അവൻ നടക്കാൻ പഠിച്ചു എന്ന് മാത്രമല്ല ഓടാനും പഠിച്ചു.
ജെയ്‌ഡണിന്, ഈ മത്സരം എന്നത് ഫിനിഷിംഗ് ലൈൻ മാത്രമായിരുന്നില്ല. മത്സരത്തിനിടെ തന്റെ അമ്മയ്ക്ക് നൽകിയ ലളിതമായ ഒരു ചുംബനത്തിലൂടെ സ്നേഹത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പുതിയൊരു സന്ദേശമാണ് ജെയ്ഡൺ നൽകിയത്. കഠിനമായ മത്സരബുദ്ധിക്കപ്പുറം പരസ്പരമുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും സന്ദേശമാണ് ഈ ചിത്രം നൽകുന്നത്.




