നൈജീരിയയിലെ ബെന്യു സംസ്ഥാന ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട് കത്തോലിക്കാ വൈദികൻ

നൈജീരിയയിൽ ഇക്കഴിഞ്ഞ മാർച്ച് 18-നു നടന്ന സംസ്ഥാന ഗവർണർമാർക്കായുള്ള തെരഞ്ഞെടുപ്പിൽ വിജയം നേടി കത്തോലിക്കാ വൈദികൻ. ഫാ. ഹയാസിന്ത് ആലിയയാണ് ബെന്യു സംസ്ഥാന ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടത്. ഓൾ പ്രോഗ്രസ്സീവ് കോൺഗ്രസ്സ് (എ.പി.സി) പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം, എതിരാളിയും പീപ്പിൾസ് ഡെമോക്രാറ്റിക്‌ പാർട്ടി (പി.ഡി.പി) സ്ഥാനാർത്ഥിയുമായ ടൈറ്റസ് ഉബായെ രണ്ടര ലക്ഷത്തിലധികം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

ഒരുപക്ഷേ, സംസ്ഥാനത്തെ നയിക്കാൻ ഏറ്റവും യോഗ്യനായവൻ താനായിരിക്കുകയില്ലായെന്നും എന്നാൽ തന്നെ ഇതിനായി തിരഞ്ഞെടുത്ത ദൈവം, തന്നെ യോഗ്യനാക്കിക്കൊള്ളുമെന്നും തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം നടത്തിയ പ്രസംഗത്തിൽ ഫാ. ആലിയ പറഞ്ഞു.

1966 മെയ് 14-ന് ബെന്യു സംസ്ഥാനത്തിലെ വണ്ടെയിക്യാ പ്രാദേശിക ഗവൺമെന്റ് ഏരിയയിലെ എംബാഡെഡെയിലാണ് ഫാ. ആലിയ ജനിച്ചത്. വൈദികനായതിനു ശേഷം അമേരിക്കയിലെ ഫോർഡാം സർവ്വകലാശാലയിൽ നിന്നും റിലീജിയസ് എജ്യൂക്കേഷനിൽ ബിരുദാനന്തര ബിരുദവും, പിറ്റ്സ്ബർഗിലെ ഡ്യൂക്കെസ്നെ സർവ്വകലാശാലയിൽ നിന്നും ബയോമെഡിക്കൽ എത്തിക്സിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഫ്ലോറിഡയിലെ ലൌഡർഡെയിൽലേക്ക്സ് നോർത്ത് ക്യാമ്പസിലെ കത്തോലിക്ക ഹെൽത്ത് സർവീസസിന്റെ പാസ്റ്ററൽ സേവനങ്ങളുടെ ഡയറക്ടറായി സേവനം ചെയ്തിട്ടുള്ള അദ്ദേഹം വിവിധ ഇടവകകളിൽ സേവനം ചെയ്തുവരികയായിരുന്നു.

ബെന്യു സ്റ്റേറ്റിന്റെ ഗവർണറായി ഒരു കത്തോലിക്കാ പുരോഹിതൻ തിരഞ്ഞെടുക്കപ്പെടുന്നത് ആദ്യമായിട്ടല്ല. 1992 ജനുവരി 2-ന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എസ്ഡിപി) ഡി പ്ലാറ്റ്‌ഫോമിനു കീഴിൽ ഫാ. മോസസ് ഒർഷിയോ അഡാസു ഗവർണറായി. ഒരു വർഷവും പത്തു മാസവും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഭരണമെങ്കിലും ഇന്നും ബെന്യുവിലെ മികച്ച നേതാക്കളിൽ ഒരാളായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.