ലോകത്തിലെ ഏറ്റവും വലിയ സെമിനാരിയുള്ള ഇന്തോനേഷ്യയിലെ കത്തോലിക്കാ ദ്വീപ്

ഒരു മുസ്ളീം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. എന്നാൽ, ലോകത്തിലെ ഏറ്റവും വലിയ സെമിനാരി ഉള്ളത് ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലാണ്. ഇന്തോനേഷ്യയിലെ ജനങ്ങളിൽ 85% മുസ്ലീങ്ങളാണെങ്കിൽ, ഫ്ലോറസ് ദ്വീപിലെ ജനസംഖ്യയുടെ 70% കത്തോലിക്കർ ആണ്. പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ (പിഎംഎസ്) കണക്കനുസരിച്ച്, 1,200 സെമിനാരിക്കാരെ പരിശീലിപ്പിക്കുന്ന വെർബൈറ്റ് മിഷനറിമാരുടെ സെമിനാരി ലോകത്തിലേക്കും വച്ച് ഏറ്റവും വലുതാണ്. ഈ ദ്വീപിൽ അഞ്ച് രൂപതകളിലായി 847 വൈദികരും 646 വൈദികർത്ഥികളുമുണ്ട്.

“ഇവിടുത്തെ കത്തോലിക്കാ സഭ ഒരു യുവ മിഷനറി സഭയാണ്. ഞങ്ങൾ ലോകമെമ്പാടുമായി അഞ്ഞൂറോളം വൈദികരെ മിഷനറിമാരെയും അയയ്‌ക്കുന്നു. ഇന്തോനേഷ്യയിലെ സെൻട്രൽ ദ്വീപായ ഫ്ലോറസിലെ ഒരു ചെറിയ രൂപതയായ മൗമെറെയിലെ ബിഷപ്പ് എവൽഡസ് മാർട്ടിനസ് സെഡു പറയുന്നു. ഇവിടെ ഇത്രമാത്രം ദൈവവിളി ഉണ്ടാകാൻ കാരണമായി ബിഷപ്പ് പറയുന്നത്, ഫ്ലോറസിലെ കത്തോലിക്കാ കുടുംബങ്ങൾ കൂദാശകൾ സ്വീകരിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നതാണ് എന്നാണ്. കാരണം, നല്ല ദൈവവിളികൾ രൂപപ്പെടാൻ പറ്റിയ ഒരന്തരീക്ഷം കുടുംബങ്ങളിൽ ഒരുക്കപ്പെടുന്നുണ്ട്.

ഒരു വൈദികന്റെ സാക്ഷ്യം

2017 ഒക്ടോബർ നാലിന് അഭിഷിക്തനായ ഫാ. പാട്രിക് സൂര്യാദി ട്ടെ ദൈവവിളിയെപ്പറ്റി പറയുന്നത് ഇപ്രകാരമാണ്: “നല്ല വിശ്വാസതീക്ഷ്ണതയുള്ള ഒരു സാഹചര്യത്തിലാണ് ഞാൻ വളർന്നുവന്നത്. എന്റെ മാതൃരാജ്യത്ത് സഭ വഹിക്കുന്ന വിദ്യാഭ്യാസപരവും സമാധാനപരവുമായ കാര്യങ്ങളിൽ സന്തോഷമുണ്ട്.”

ദ്വീപിൽ, വ്യത്യസ്ത ജീവിതരീതികളും ഭാഷകളുമുള്ള ആറ് വ്യത്യസ്ത വംശീയവിഭാഗങ്ങളുണ്ട്. അവരിൽ പലരും ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്. വിവിധ വംശീയവിഭാഗങ്ങൾ സെമിനാരിയിൽ എത്തുമ്പോൾ പരസ്പരം മനസിലാക്കാനും അംഗീകരിക്കാനും ശ്രമിക്കുന്നു. വംശീയവിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത ഫ്ലോറസിലെ ജനങ്ങൾക്കിടയിലുണ്ട്. എന്നാൽ, സെമിനാരിയിൽ ഈ വൈവിധ്യത്തെ ബഹുമാനിക്കാൻ പഠിക്കുന്നതിൽ ഫാ. പാട്രിക് സന്തോഷവാനാണ്.

ഫ്ലോറസ് ദ്വീപ് ഈ ദ്വീപസമൂഹത്തിലെ ഏറ്റവും ദരിദ്രമായ ദ്വീപാണ്. അതിനാൽ, ഒരു വൈദികനെന്ന നിലയിൽ അദ്ദേഹം നേരിടുന്ന പ്രധാന വെല്ലുവിളി തന്റെ ഇടവകക്കാരുടെ ദാരിദ്ര്യമാണ്. ദ്വീപ് നിവാസികൾ പ്രധാനമായും കാർഷികമേഖലയിലാണ് ജോലി ചെയ്യുന്നത്. ഇവിടെയുള്ള കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ഈ വൈദികൻ ശ്രമിക്കുന്നു.

ഇവിടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും സഭ വലിയ പങ്കു വഹിക്കുന്നു. ഇന്തോനേഷ്യൻ കുട്ടികൾക്കെല്ലാം ഇപ്പോൾ സ്‌കൂളിൽ പ്രവേശനമുണ്ട്. എന്നാൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാഭ്യാസ നിലവാരം മികച്ചതല്ല. അതിനാൽ, ഗുണനിലവാരമുള്ള കത്തോലിക്കാ സ്കൂളുകൾക്ക് ഇവിടെ കൂടുതൽ പ്രാധാന്യമുണ്ട്.
വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ ദുഃഖവെള്ളിയാഴ്ച സമാപിക്കുന്ന ക്രിസ്തുവിനെയും പരിശുദ്ധ മറിയത്തിന്റെയും രൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം അര സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതാണ്.

പാരമ്പര്യമനുസരിച്ച്, കടൽത്തീരത്ത് ഒച്ചുകളെ തിരയുന്ന ഒരു സ്ത്രീയെ ഒരാൾ കണ്ടുമുട്ടി. റെസിയോന എന്നായിരുന്നു ആ മനുഷ്യന്റെ പേര്. റെസിയോന ആ സ്ത്രീയോട് അവളുടെ പേരും എവിടെ നിന്നാണെന്നും ചോദിച്ചപ്പോൾ, അവൾ മണലിൽ മൂന്ന് വാക്കുകൾ എഴുതി: റെയ്‌ന, റൊസാരിയോ, മരിയ (രാജ്ഞി, ജപമാല, മേരി). തൽക്ഷണം ആ സ്ത്രീ മരത്തിന്റെ ഒരു രൂപമായി മാറി. ദുഃഖവെള്ളിയാഴ്‌ചയിലെ വിലാപയാത്രയിൽ കറുത്ത വസ്ത്രം ധരിച്ച ആളുകൾ പ്രദക്ഷിണമായി കൊണ്ടുപോകുന്നത് ഇതേ രൂപമാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.