“സമർപ്പണം നന്നായി ജീവിക്കാൻ എന്നെ സഹായിച്ചത് കുടുംബവും പരിശുദ്ധ അമ്മയുമാണ്”: 99 വയസുള്ള കർമ്മലീത്താ സന്യാസിനി

99 വയസുള്ള ഒരു കർമ്മലീത്താ സന്യാസിനിയാണ് സി. ഫ്രാൻസിസ്‌കാ തെരേസാ. സിസ്റ്റർ തന്റെ ഇരുപതാമത്തെ വയസിലാണ് മഠത്തിൽ ചേരുന്നത്. “എനിക്ക് 99 വയസുണ്ടെന്ന് എനിക്ക് തന്നെ വിശ്വസിക്കാൻ പ്രയാസമാണ്. എന്റെ ജീവിതം വളരെ വേഗത്തിൽ കടന്നുപോയി” – സിസ്റ്റർ പറയുന്നു. 1923 മാർച്ച് 23-നാണ് സി. ഫ്രാൻസിസ്‌ക ജനിച്ചത്. എട്ട് സഹോദരങ്ങളിൽ ഏറ്റവും മൂത്തയാളാണ് സിസ്റ്റർ.

“മുത്തശ്ശിയിൽ നിന്നുമാണ് സിസ്റ്റർ തന്റെ ചെറുപ്പകാലത്ത് വിശ്വാസജീവിതത്തിൽ കൂടുതൽ ആഴപ്പെട്ടത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകളിൽ ഒരാളായിരുന്നു മുത്തശ്ശി. മുത്തശ്ശിയുടെ വാത്സല്യവും പരിശുദ്ധ കന്യകയോടുള്ള ഭക്തിയും എപ്പോഴും എന്റെ ജീവിതത്തിൽ ഒരു വഴികാട്ടിയായി പ്രവർത്തിച്ചു” – സിസ്റ്റർ വെളിപ്പെടുത്തുന്നു.

സമർപ്പണജീവിതം നല്ല രീതിയിൽ നയിക്കാൻ തന്റെ കുടുംബം വളരെ പ്രധാനപ്പെട്ട പങ്കു വഹിച്ചു എന്നാണ് സിസ്റ്റർ പറയുന്നത്. പിതാവ് നല്ല പ്രാർത്ഥനാശീലമുള്ള ഒരു വ്യക്തിയായിരുന്നു. അദ്ദേഹം വിശുദ്ധ കുർബാനക്കു മാത്രമല്ല, വീട്ടിലായിരിക്കുമ്പോഴും ഇടക്കിടക്ക് പ്രാർത്ഥിച്ചിരുന്നു. അനുദിനവും ജപമാല ചൊല്ലുന്ന ഒരു കുടുംബമായിരുന്നു അവരുടേത്. പരിശുദ്ധ കന്യകാമറിയമായിരുന്നു അവരുടെ കുടുംബത്തിന്റെ സംരക്ഷകയും നാഥയും.

പിന്നീട് സമർപ്പണജീവിതം തിരഞ്ഞെടുത്തപ്പോൾ വീട്ടിൽ നിന്നും ലഭിച്ച നല്ല ബോധ്യങ്ങൾ ഈ 99-ാമത്തെ വയസിലും കൂടുതൽ പ്രചോദനമായി നിലകൊള്ളുന്നു. നീണ്ട വർഷങ്ങൾ സമർപ്പിതജീവിതം നയിച്ച തനിക്ക് തികഞ്ഞ സംതൃപ്തി മാത്രമേ ഉള്ളുവെന്ന് വെളിപ്പെടുത്തുകയാണ് ഈ കർമ്മലീത്താ സന്യാസിനി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.