ബുർക്കിന ഫാസോയിൽ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിൽ അമ്പതു പേർ കൊല്ലപ്പെട്ടു

ബുർക്കിനാ ഫാസോയിലെ മദ്‌ജോരി പ്രദേശത്തു നടന്ന ആയുധധാരികളുടെ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. മെയ് 25- നാണ് ആക്രമണം നടന്നത്. ബുർക്കിന ഫാസോയുടെ കിഴക്കൻ മേഖലയുടെ ഗവർണർ കേണൽ ഹ്യൂബർട്ട് യാമിയോഗോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അക്രമികളുടെ ലക്ഷ്യം അജ്ഞാതമാണെന്നും ആക്രമണത്തിന് ഇരയായവർ സമീപത്തുള്ള പാമ പ്രദേശത്തേക്ക് യാത്ര ചെയ്യുകയായിരുന്നെന്നും യാമിയോഗോ പറഞ്ഞു. മദ്‌ജോരി പ്രദേശത്ത് മെയ് മാസത്തിൽ മറ്റ് രണ്ട് ആക്രമണങ്ങളും നടന്നിരുന്നു. ഒരു ആക്രമണത്തിൽ പതിനേഴു പേരും വേറൊന്നിൽ പതിനൊന്ന് സൈനികരുമാണ് കൊല്ലപ്പെട്ടത്.

ഐ.എസ്, അൽ-ഖ്വയ്ദ തുടങ്ങിയ ഇസ്ലാമിക തീവ്രവാദസംഘടനകളിൽ നിന്നുള്ള ആക്രമണങ്ങൾ ബുർക്കിന ഫാസോയിൽ പതിവാകുന്നു. ഓരോ വർഷവും ആയിരക്കണക്കിന് ആളുകളാണ് ഇവിടെ കൊല്ലപ്പെടുന്നത്. ഈ ആക്രമണങ്ങൾ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളായ ബെനിൻ, ടോഗോ എന്നിവിടങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്. മെയ് മാസത്തിൽ ടോഗോയിൽ നടന്ന ആക്രമണത്തിൽ എട്ട് സൈനികർ കൊല്ലപ്പെടുകയും പതിമൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

വർദ്ധിച്ചുവരുന്ന തീവ്രവാദ ആക്രമണങ്ങളിൽ അസ്വസ്ഥരായ സൈനിക ഉദ്യോഗസ്ഥർ ബുർക്കിന ഫാസോയുടെ പ്രസിഡന്റിനെ 2022 ജനുവരിയിൽ അട്ടിമറിയിലൂടെ പുറത്താക്കിയിരുന്നു. രാജ്യത്തിന് ഉയർന്ന സുരക്ഷ നൽകുമെന്ന് സൈനിക ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തെങ്കിലും ബുർക്കിന ഫാസോയിൽ ഇപ്പോഴും ആക്രമണങ്ങൾ തുടർക്കഥയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.