ഈജിപ്തിലെ കോപ്റ്റിക് ഓർത്തഡോക്സ് ദൈവാലയത്തിൽ തീപിടുത്തം; 41 മരണം

ഈജിപ്തിലെ കയ്‌റോയിൽ കോപ്റ്റിക് ഓർത്തഡോക്സ് ദൈവാലയത്തിൽ ഇന്നലെയുണ്ടായ തീപിടിത്തത്തിൽ 41 പേർ മരിച്ചു. 14 പേർക്കു പൊള്ളലേറ്റു. ഇംബാബയിലെ അബു സെഫിൻ ദൈവാലയത്തിൽ കുർബാനയ്ക്കിടെയാണ് തീപിടിത്തമുണ്ടായത്. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

ഞായറാഴ്ച രാവിലെയാണ് അപകടം സംഭവിക്കുന്നത്. അപകട സമയത്ത് അയ്യായിരത്തോളം ആളുകൾ ദൈവാലയത്തിൽ ഉണ്ടായിരുന്നു. അപകട വിവരം അറിഞ്ഞ ഉടൻ തന്നെ ഫയർ ഫോഴ്സ് അധികൃതർ പതിനഞ്ചോളം യൂണിറ്റുകളുമായി സംഭവ സ്ഥലത്ത് എത്തുകയും തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. കയ്‌റോയിലെ ഏറ്റവും ജനസാന്ദ്രത ഉള്ള പ്രദേശത്തെ ഇടുങ്ങിയ തെരുവിലാണ് ഈ ദൈവാലയം സ്ഥിതി ചെയ്യുന്നത്. ഇത് അപകടത്തിന്റെ ആക്കം കൂട്ടി.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ക്രിസ്ത്യൻ സമൂഹമാണ് കോപ്‌റ്റിക് ക്രിസ്ത്യാനികൾ. ഈജിപ്തിലെ 103 ദശലക്ഷം ആളുകളിൽ കുറഞ്ഞത് 10 ദശലക്ഷമെങ്കിലും കോപ്‌റ്റിക് ക്രിസ്ത്യാനികൾ ഉൾപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.