മ്യാൻമറിൽ ക്രിസ്ത്യൻ ഗ്രാമത്തിൽ ബോംബാക്രമണം: മൂന്നുപേർ കൊല്ലപ്പെട്ടു

മ്യാൻമറിൽ ക്രൈസ്തവർ കൂടുതലുള്ള കയാഹ് സംസ്ഥാനത്ത് സൈന്യം നടത്തിയ ബോംബാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്കേറ്റു. മാർച്ച് 23-ന് ബവ്‌ലേക്ക് ടൗൺഷിപ്പിലെ വാൻ പാല ഗ്രാമത്തിൽ സൈന്യത്തിന്റെ ജെറ്റ് ഫൈറ്റർ ബോംബെറിയുകയായിരുന്നു.

മ്യാന്മറിലെ തുടർച്ചയായ ആക്രമണത്തെ തുടർന്ന് കൂടുതലും ക്രിസ്ത്യാനികൾ ഉൾപ്പെടുന്ന ആയിരക്കണക്കിന് ആളുകൾക്ക് അവരുടെ വീടുകൾ ഉപേക്ഷിച്ച് പള്ളികളിലും കോൺവെന്റുകളിലും കാടുകളിലും അഭയം തേടേണ്ടി വന്നു. കത്തോലിക്കാ സഭയാണ് അവർക്ക് ഭക്ഷണവും പാർപ്പിടവും സജ്ജമാക്കുന്നത്. 700 ഓളം പേർ രണ്ട് പള്ളികളിലായി അഭയം പ്രാപിച്ചിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉറവിടം പറയുന്നു.

2021 മെയ് മാസത്തിൽ കയാഹ് സ്റ്റേറ്റിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം കത്തോലിക്കർ ഉൾപ്പെടെ കുറഞ്ഞത് 150,000 പ്രദേശവാസികൾ പലായനം ചെയ്യപ്പെട്ടിട്ടുണ്ട്. ലോയ്‌കാവ് രൂപതയിൽ കുറഞ്ഞത് ഒമ്പത് പള്ളികളെങ്കിലും ആക്രമിക്കപ്പെടുകയും 16 ഇടവകകളെ ആക്രമണങ്ങൾ സാരമായി ബാധിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.