നിക്കരാഗ്വയിൽ നാലു വർഷത്തിനിടെ കത്തോലിക്കാ സഭക്കെതിരെ നടന്നത് 190 ആക്രമണങ്ങൾ

കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ നിക്കരാഗ്വയിലെ കത്തോലിക്കാ വിശ്വാസികൾ നേരിട്ടത് 190 ആക്രമണങ്ങൾ. മനാഗ്വ കത്തീഡ്രലിലുണ്ടായ തീപിടിത്തവും അതുപോലെ കത്തോലിക്കാ ബിഷപ്പുമാരും വൈദികരും നേരിട്ട അതിക്രമങ്ങളും ഇതിൽ ഉൾപ്പെടുന്നു.

2007 മുതൽ തന്റെ ഭാര്യ റൊസാരിയോ മുറില്ലോയിലൂടെ നിക്കരാഗ്വയെ ഭരിച്ച ഡാനിയൽ ഒർട്ടേഗ കത്തോലിക്കാ സഭയുമായി ബന്ധമുള്ള എല്ലാവർക്കും നേരെ ആക്രമണങ്ങൾ അഴിച്ചുവിട്ടു. അതിൽ ബിഷപ്പുമാർ, വൈദികർ, വൈദികാർത്ഥികൾ, അത്മായർ എന്നിവർ ഉൾപ്പെടുന്നു. 2018 ഏപ്രിലിൽ സാമൂഹിക സുരക്ഷാസംവിധാനത്തിലെ പരിഷ്കാരങ്ങളുടെ പേരിൽ നിക്കരാഗ്വയിൽ പ്രതിഷേധം ഉയർന്നിരുന്നു. ലിയോൺ നഗരത്തിൽ ആരംഭിച്ച പ്രതിഷേധപ്രകടനങ്ങൾ രാജ്യത്തുടനീളം വ്യാപിച്ചു. അക്രമാസക്തമായ സർക്കാർ അടിച്ചമർത്തലിൽ കുറഞ്ഞത് 355 പേരെങ്കിലും മരണപ്പെട്ടതായാണ് കണക്കുകൾ. 2021- ൽ, നിക്കരാഗ്വയുടെ പ്രസിഡന്റായി ഒർട്ടേഗ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. അതിനു ശേഷം കത്തോലിക്കാ സഭക്കു നേരെ ഇവർ കൂടുതൽ നിന്ദ്യവും ഭീഷണിപ്പെടുത്തുന്നതുമായ കാര്യങ്ങൾ ചെയ്യുന്നത് പതിവായി. സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ തകർക്കുന്നതിനായി ചില പൊതുസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും വർദ്ധിപ്പിച്ചു.

2018- ൽ കത്തോലിക്കാ സഭക്കെതിരെ 46 ആക്രമണങ്ങളാണ് ഉണ്ടായത്. മനാഗ്വ കത്തീഡ്രലിൽ അക്രമിസംഘം പ്രവേശിച്ചതും വൈദികർക്ക് ലഭിച്ച വധഭീഷണിയും വിവിധ ദേവാലയങ്ങളെ അവഹേളിക്കുന്ന പ്രവർത്തികളും ഇതിൽ ഉൾപ്പെടുന്നു. 2019- ലാണ് മനാഗ്വയിലെ സഹായമെത്രാനായ സിൽവിയോ ജോസ് ബെയ്‌സ് ഒർട്ടെഗയ്ക്കു നേരെ വധഭീഷണി വന്നത്. ഈ വർഷം നിക്കരാഗ്വയിൽ നടന്നത് 48 ആക്രമണങ്ങളാണ്. 2020- ൽ കത്തോലിക്കാ സഭക്കെതിരെ 40 ആക്രമണങ്ങളും 2021-ൽ 35 ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. അവയിൽ ദേവാലയത്തിൽ നടന്ന കവർച്ചകളും കത്തോലിക്കാ ബിഷപ്പുമാർക്കും വൈദികർക്കും നേരെ ഡാനിയൽ ഒർട്ടേഗ നടത്തിയ അവഹേളനങ്ങളും ഉൾപ്പെടുന്നു.

2022- ൽ ഇതിനോടകം 21 ആക്രമണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് മാസത്തിൽ, മാതഗൽപ്പ ബിഷപ്പും എസ്റ്റെലി രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ ബിഷപ്പ് റൊളാൻഡോ ജോസ് അൽവാരസിനെതിരെ നടന്ന അവഹേളനവും ഇതിൽ ഉൾപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.