നൈജീരിയയിൽ ഫുലാനി തീവ്രവാദികളുടെ ആക്രമണത്തിൽ 142 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 10-ന് നൈജീരിയയിലെ പത്ത് ഗ്രാമങ്ങളിലായി ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണങ്ങളിൽ 142 പേർ കൊല്ലപ്പെട്ടു. ആക്രമണത്തെ തുടർന്ന് 3,000 പേർ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്തു. അക്രമികൾ തട്ടിക്കൊണ്ടു പോയ 70-ഓളം പേരിൽ ഭൂരിഭാഗവും സ്ത്രീകളും പെൺകുട്ടികളുമാണ്.

ആളുകൾ തങ്ങളുടെ കൃഷിയിടങ്ങൾ ഒരുക്കുന്ന സമയത്താണ് തീവ്രവാദികൾ മോട്ടോർ സൈക്കിളുകളിലെത്തി ആക്രമണം നടത്തിയതെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. ഗ്രാമവാസികളെ കൊല്ലുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തതിനു പുറമേ, അക്രമികൾ നൂറോളം വീടുകളും അഗ്നിക്കിരയാക്കി. കൃഷിയിടങ്ങൾ നശിപ്പിക്കുകയും കളപ്പുരകൾ കൊള്ളയടിക്കുകയും കന്നുകാലികളെ മോഷ്ടിക്കുകയും ചെയ്തു. ആക്രമണത്തിന് ഇരയായവരിൽ ഭൂരിഭാഗവും അവിടെയുള്ള ക്രിസ്ത്യൻ കർഷകരാണ്.

നൈജീരിയയിൽ വിവിധ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങളിൽ പതിനായിരക്കണക്കിന് ക്രിസ്ത്യാനികളെ കൊലപ്പെടുത്തുകയും മൂന്ന് ദശലക്ഷത്തിലധികം ആളുകളെ ഭവനരഹിതരാക്കുകയും ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.