ഗർഭച്ഛിദ്രത്തിൽ നിന്ന് രക്ഷിക്കപ്പെട്ട 14 കുട്ടികൾക്ക് മാമ്മോദീസ നൽകി

സെപ്റ്റംബർ 25, ഞായറാഴ്‌ച വൈകുന്നേരം 5.30-ന് സെന്റ് ജോസ്‌മരിയ എസ്‌ക്രിവ ഇടവകയിൽ അതിമനോഹരമായ ഒരു മാമ്മോദീസാ ശുശ്രൂഷ നടന്നു. അമ്മയുടെ ഉദരത്തിൽ വച്ച് നഷ്ടപ്പെട്ടുപോയേക്കാമായിരുന്ന പതിനാല് ജീവനുകൾ ക്രിസ്തുവിന്റെ സഭയിൽ അംഗങ്ങളാകുന്ന പ്രഥമ കൂദാശയുടെ പരികർമ്മം ആയിരുന്നു അവിടെ നടന്നത്. ദൈവത്തിന്റെ ഇടപെടലിലൂടെ, പരിപാലനയിലൂടെ ജീവിതത്തിലേക്കും ലോകത്തിലേക്കും കത്തോലിക്കാ വിശ്വാസത്തിലേക്കും കടന്നുവന്ന ആ കുഞ്ഞുങ്ങൾക്ക് പ്രാർത്ഥനയുമായി ധാരാളം വിശ്വാസികളാണ് ദൈവാലയത്തിൽ ഒരുമിച്ചുകൂടിയത്. മാമ്മോദീസായുടെ ആഘോഷങ്ങൾക്ക് തെക്കൻ സ്‌പെയിനിലെ ഗെറ്റാഫെ രൂപതയുടെ ബിഷപ്പ് ഗിനസ് ഗാർസിയ ബെൽട്രാൻ മുഖ്യകാർമ്മികത്വം വഹിച്ചു.

അബോർഷൻ ക്ലിനിക്കുകളിൽ നിന്ന് പ്രൊ-ലൈഫ് പ്രവർത്തനങ്ങളുടെ ഫലമായി ജീവിതത്തിലേക്കു മടങ്ങിവന്നതാണ് ഈ കുഞ്ഞുങ്ങൾ. അമ്മമാർക്കും അവരുടെ കുട്ടികൾക്കും ജീവിതത്തിൽ ഒരു പുതിയ അവസരം വാഗ്ദാനം ചെയ്യുന്ന മാസ്സ് ഫ്യൂറ്റ്റോ എന്ന സംഘടനയുടെ പ്രവർത്തനത്തിലൂടെയാണ് ഈ കുഞ്ഞുങ്ങൾ അബോർഷനെ അതിജീവിച്ചത്. ഈ കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നത് ശ്രമകരമായ ഒന്നായിരുന്നു എന്ന് സംഘടനയുടെ തലവൻ മാർത്ത വെളിപ്പെടുത്തി.

“ഓരോ അമ്മമാരുടെയും പ്രശ്നങ്ങൾ വ്യത്യസ്തമായിരുന്നു. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും ഈ കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്” – മാർത്ത പറയുന്നു.

“മാതാപിതാക്കളുടെ സമ്മതത്തോടെയോ, അല്ലാതെയോ ഗർഭച്ഛിദ്രം എല്ലായ്‌പ്പോഴും തിന്മയാണ്. അത് എപ്പോഴും ഒരു തിന്മയും പാപവുമായിരിക്കും. അതിനാൽ ഈ നിയമവും ഗർഭച്ഛിദ്രത്തെ അംഗീകരിക്കുന്ന മുൻനിയമങ്ങളും അധാർമ്മികമാണ്” – മാമ്മോദീസ പരികർമ്മം ചെയ്യുന്ന വേളയിൽ നൽകിയ സന്ദേശത്തിൽ ബിഷപ്പ് ഗിനസ് ഗാർസിയ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.