ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിൽ പത്തോളം ക്രൈസ്തവർ കൊല്ലപ്പെട്ടു

ജൂൺ 21-ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) ഒരു ഇസ്ലാമിക തീവ്രവാദ സംഘം നടത്തിയ ആക്രമണത്തിൽ പത്തിലധികം ക്രൈസ്തവർ കൊല്ലപ്പെട്ടു. ബെനിയിലെ മകിസബോ ഗ്രാമത്തിനു സമീപമാണ് ആക്രമണം നടന്നത്. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എഡിഎഫ്) റോഡ് തടയുകയും അതുവഴി പോയ എല്ലാ യാത്രക്കാരെയും വെടിവയ്ക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്യുകയായിരുന്നു.

ആക്രമണത്തെ തുടർന്ന് ബെനി-കാസിന്ദി റോഡിലൂടെയുള്ള യാത്രകൾക്ക് ഇപ്പോൾ താൽക്കാലികമായി വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഉഗാണ്ടയെയും ഡിആർസി-യുടെ കിഴക്കൻ മേഖലയെയും ബന്ധിപ്പിക്കുന്ന ഏക ഇടനാഴിയായ ഈ റൂട്ടിലെ ടാക്സി ഓപ്പറേറ്റർമാരിൽ ഒരാളുമായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) സംസാരിച്ചു.

“വൈകുന്നേരം അഞ്ചു മണിക്കാണ് ആക്രമണം നടന്നത്. ഞങ്ങളുടെ കൂടെയുള്ളവർ ഇന്ന് ജീവിച്ചിരിപ്പില്ല. എഡിഎഫ് വിമതർ കോംഗോയിൽ ഞങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നത് തുടരുന്നതിൽ ഞങ്ങൾക്ക് ദുഃഖമുണ്ട്. അവർ മനുഷ്യരെ കൊല്ലാത്ത ഒരു ദിവസവുമില്ല. ഗ്രാമങ്ങൾ സുരക്ഷിതമല്ല, റോഡുകൾ സുരക്ഷിതമല്ല, നഗരങ്ങൾ സുരക്ഷിതമല്ല. ദൈവത്തിന്റെ കാരുണ്യത്താൽ മാത്രമാണ് ഞങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. അവർ മകിസബോയെ ആക്രമിച്ചതിനാൽ ഇപ്പോൾ ഞങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയില്ല. റോഡ് വീണ്ടും തുറക്കുന്നതിന് എത്ര സമയമെടുക്കുമെന്ന് ഞങ്ങൾക്കറിയില്ല” – ആക്രമണത്തിന് ദൃക്‌സാക്ഷിയായ ഒരു ടാക്സി ഡ്രൈവർ വെളിപ്പെടുത്തി.

ഈസ്റ്റ് ആഫ്രിക്കൻ കമ്മ്യൂണിറ്റി (ഇഎസി) രാഷ്ട്രത്തലവന്മാർ കെനിയയിലെ നെയ്‌റോബിയിൽ പ്രസിഡന്റ് ഉഹുറു കെനിയാട്ടയുടെ നേതൃത്വത്തിൽ ഡിആർസി-യുടെ കിഴക്കൻ മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ വിളിച്ചുകൂട്ടിയതിനു തൊട്ടുപിന്നാലെയാണ് ഈ ആക്രമണം. ആക്രമണത്തെ അപലപിച്ച സഭാനേതാക്കൾ ഇത് ക്രിസ്ത്യാനികൾക്കെതിരായ അതിക്രമമാണെന്നു വെളിപ്പെടുത്തി.

“കോംഗോയിലെ യുദ്ധസാഹചര്യം സങ്കീർണ്ണമാണെന്ന് ഞങ്ങൾക്കറിയാം, എന്നാൽ വിമതഗ്രൂപ്പുകൾ ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നുവെന്ന വസ്തുത ഞങ്ങൾക്ക് അവഗണിക്കാനാവില്ല. കൊലയാളികൾ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്ഐഎസ്) ബന്ധം സ്ഥാപിച്ചതിന്റെ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. ക്രിസ്തുവിനെ തള്ളിപ്പറയാനും ഇസ്ലാമികവത്ക്കരിക്കപ്പെടാനും വിസമ്മതിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട നിരവധി വൈദികരുണ്ട്. ദശലക്ഷക്കണക്കിന് അഭയാർത്ഥികളെയും വിധവകളെയും അനാഥരെയും പരിപാലിക്കാൻ ഞങ്ങൾ പ്രാർത്ഥനയും പിന്തുണയും ആവശ്യപ്പെടുന്നു” – പ്രാദേശിക ബിഷപ്പ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.