സെൽഫോണിലേക്കല്ല, യേശുവിലേക്ക് മടങ്ങാൻ മറക്കരുത്: യുവവൈദികരോട് മാർപാപ്പ

എല്ലാ ദിവസവും കിടക്കുന്നതിനു മുൻപ് നിങ്ങളുടെ സെൽഫോണിലേക്കല്ല, യേശുവിലേക്ക് മടങ്ങാൻ മറക്കരുത് എന്ന് യുവവൈദികരെ ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. റോമിൽ പഠിക്കുന്ന ‘പിയോ ലാറ്റിനോ അമേരിക്കാനോ’ കോളേജിലെ യുവവൈദികരുമായി നവംബർ 28- ന് നടത്തിയ കൂടിക്കാഴ്ചയിലാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്.

“വി. മർക്കോസിന്റെ സുവിശേഷത്തിൽ യേശുവിന്റെ വിളിയെക്കുറിച്ച് ഇപ്രകാരം പറയുന്നു: അവൻ പന്ത്രണ്ടു പേരെ തന്നോടൊപ്പം ആയിരിക്കാനും വചനം പ്രഘോഷിക്കാൻ അയക്കാനും നിയോഗിച്ചു. കൂടെയായിരിക്കുക, അയക്കപ്പെടുക ഇതാണ് നമ്മുടെയും ജീവിതത്തിന്റെ അർത്ഥം. യേശുവിനോടു കൂടെ ആയിരിക്കുക എന്നത് ദരിദ്രരോടൊപ്പം ആയിരിക്കുകയും അവരുമായി ദൈവസ്നേഹത്തെക്കുറിച്ച് പങ്കുവയ്ക്കുകയും ചെയ്യുക എന്നതാണ്. ഏറ്റവും ദുർബലരായ ഈ സഹോദരീസഹോദരന്മാരിൽ യേശു ഉണ്ട്” – പാപ്പാ ഓർമ്മിപ്പിച്ചു.

“മൊബൈൽ ഫോൺ നമ്മെ നിറയെ ‘സാധനങ്ങളാൽ’ ഞെരുക്കുന്നു. ഈ ലോകത്തിന് അടിമപ്പെടരുത്. നിങ്ങളുടെ ശക്തി ഇല്ലാതാക്കുന്ന വസ്തുവാണ് അത്. യേശുവുമായുള്ള കണ്ടുമുട്ടലിന് അടിമപ്പെടുക. നമുക്ക് എന്താണ് വേണ്ടതെന്ന് അവനറിയാം. എല്ലാ സമയത്തും യേശുവിന് നമ്മോട് എന്തെങ്കിലും പറയാനുണ്ട്. അത് കേൾക്കാൻ സന്നദ്ധരാവുക” – പാപ്പാ ഉദ്‌ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.