കത്തോലിക്കാ – മുസ്ലീം സഹോദര്യത്തിന് ഊന്നല്‍ നല്‍കി പാപ്പായുടെ മൊറോക്കോ സന്ദര്‍ശനം

ഫ്രാന്‍സിസ് പാപ്പായുടെ മൊറോക്കോ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ അവശേഷിക്കെ ലോകം മുഴുവന്‍ മൊറോക്കോയില്‍ ദൃഷ്ടിയുറപ്പിച്ചിരിക്കുകയാണ്. കത്തോലിക്കരും മുസ്ലീം വിശ്വാസികളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുവാന്‍ ഈ സന്ദര്‍ശനം വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.

മാര്‍ച്ച് 30, 31 തിയതികളില്‍ നടക്കുന്ന സന്ദര്‍ശനം കൂടുതല്‍ ഊന്നല്‍ നല്‍കുക അഭയാര്‍ത്ഥി പ്രശ്‌നത്തിനും മതസൗഹാര്‍ദ്ദത്തിനും ആയിരിക്കും. മുസ്ലീം ഭൂരിപക്ഷ രാജ്യമായ മൊറോക്കോയില്‍ എത്തുന്ന പാപ്പാ, റാബത്തിലെ കാരിത്താസ് കേന്ദ്രത്തില്‍ വച്ച് അഭയാര്‍ത്ഥി പ്രശ്‌നങ്ങളെയും മതസൗഹാര്‍ദ്ദത്തിന്റെ വിവിധ വശങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യും. ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഒരുമിച്ച് അഭയാര്‍ത്ഥികള്‍ക്കായി സേവനം ചെയ്യുന്ന കാരിത്താസ് മൈഗ്രന്റ് റിസപ്ഷന്‍ സെന്ററില്‍ വച്ചാണ് പാപ്പാ ഈ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്.

ഒരു ലക്ഷത്തിനടുത്ത് അഭയാര്‍ത്ഥികള്‍ വസിക്കുന്ന മൊറോക്കോയില്‍ അഭയാര്‍ത്ഥി പ്രതിസന്ധി രൂക്ഷമാണ്. അതിനാലാണ് പാപ്പാ തന്റെ സന്ദര്‍ശനത്തില്‍ പ്രധാന ചര്‍ച്ചാവിഷയമായി അതിനെ സ്വീകരിച്ചതും. മൊറോക്കോയിലെ 20,000 വിശ്വാസികള്‍ ഉള്‍പ്പെടുന്ന കത്തോലിക്കാസമൂഹം പാപ്പായെ സ്വീകരിക്കുവാന്‍ എല്ലാവിധത്തിലും ഒരുങ്ങിക്കഴിഞ്ഞു. സുരക്ഷാക്രമീകരണങ്ങള്‍ അന്തിമഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്.