പുതിയ അമേരിക്കൻ പ്രസിഡന്റിന്റെ ഐക്യത്തിനായുള്ള ആഹ്വാനത്തെ സ്വീകരിച്ചു കത്തോലിക്കാ നേതാക്കൾ

കത്തോലിക്കനായ രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ ഐക്യത്തിനായുള്ള ആഹ്വാനത്തോട് വിവിധ കത്തോലിക്കാ നേതാക്കൾ പ്രതികരിച്ചു. “ഹൃദയങ്ങളെയും ആത്മാവിനെയും പുനഃസ്ഥാപിക്കുന്നതിനും അമേരിക്കയുടെ ഭാവി സുരക്ഷിതമാക്കുന്നതിനും വാക്കുകളേക്കാൾ ഒരുപാട്  കാര്യങ്ങൾ ആവശ്യമുണ്ട്. അതിനാവശ്യം ജനാധിപത്യവും ഐക്യവുമാണ്,” -ബൈഡൻ വ്യക്തമാക്കി. ഐക്യത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്നതിനായി അദ്ദേഹം വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളെയും ഉദ്ധരിച്ചു.

“നൂറ്റാണ്ടുകൾക്കു മുൻപ് എന്റെ സഭയിലെ വിശുദ്ധനായ അഗസ്റ്റിൻ ഒരു ജനതയെ അവരുടെ സ്നേഹത്തിന്റെ പൊതു സമവാക്യമായിട്ട് ചില കാര്യങ്ങൾ ഉണ്ടെന്നു എഴുതി. അമേരിക്കക്കാരെ നിർവചിക്കുന്ന ഈ പൊതു സമവാക്യമെന്നു പറയുന്നത് അവസരം, സുരക്ഷ, സ്വാതന്ത്ര്യം, അന്തസ്സ്, ബഹുമാനം, സത്യം എന്നിവയാണ്. അമേരിക്കക്കാരായ പൗരൻമാർ, പ്രത്യേകിച്ച് ഇന്ന് പ്രതിജ്ഞയെടുത്ത നേതാക്കൾ, നമ്മുടെ ഭരണഘടനയെ മാനിക്കുവാനും നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കുവാനും സത്യത്തിനു വേണ്ടി നിലകൊള്ളുവാനും തിന്മയെ പരാജയപ്പെടുത്തുവാനും ഉത്തരവാദിത്വപ്പെട്ടവരാണ്”- നിയുക്ത പ്രസിഡന്റ് പ്രസ്താവിച്ചു.

എന്നിരുന്നാലും, വി. അഗസ്റ്റിന്റെ ദൈവത്തെക്കുറിച്ചുള്ള പരാമർശം അവലംബിക്കുന്നതിൽ ബൈഡൻ പരാജയപ്പെട്ടുവെന്ന് ഒന്നിലധികം മത നേതാക്കൾ അപലപിച്ചു. “അഗസ്റ്റിനെ പൂർണ്ണമായും ഉദ്ധരിക്കുന്നതിൽ ബൈഡൻ പരാജയപ്പെട്ടു, ഒരു യഥാർത്ഥ കോമൺ വെൽത്ത് രാജ്യമായ അമേരിക്കയിൽ വിശുദ്ധന്റെ ചിന്തയുടെ കാതലായ ദൈവത്തെക്കുറിച്ച് പറയുന്നതിൽ പ്രസിഡന്റിന് കഴിഞ്ഞില്ല,” -കാത്തലിക്ക് യൂണിവേഴ്സിറ്റിയിലെ അധ്യാപകനും പ്രശസ്ത ദൈവ ശാസ്ത്രജ്ഞനുമായ ഡോ. ചാഡ് പെക്നോൾഡ് വിമർശിച്ചു. മറ്റു കത്തോലിക്കാ നേതാക്കൾ ബൈഡന്റെ ഐക്യത്തിനായുള്ള പ്രസംഗത്തെ പ്രകീർത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ നയങ്ങൾ ഗർഭഛിദ്രം, മതസ്വാതന്ത്യം  എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളിൽ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളുമായി പൊരുത്തപ്പെടണമെന്നും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.