‘ദൈവാലയ കെട്ടിടം തകർന്നെങ്കിലും ഇവിടെ സഭ സജീവമാണ്’ – ഉക്രൈനിൽ നിന്നും ഒരു സന്യാസിനി

കഴിഞ്ഞയാഴ്ച ഉക്രൈനിലെ മൈക്കോലൈവ് ജില്ലയെ റഷ്യൻ സൈന്യത്തിൽ നിന്ന് മോചിപ്പിച്ചതിനു ശേഷം ഇവിടുത്തെ താമസക്കാർ പ്രതീക്ഷയോടെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെത്താൻ തുടങ്ങി. മടങ്ങിയെത്തുന്നവരെ സ്വീകരിക്കാൻ ഇടവക വികാരി, ഫാ. ഒലെക്‌സാണ്ടർ റെപിനും ഉണ്ടായിരുന്നു. എന്നാൽ, അവരുടെ ഇടവക ദൈവാലയം ഉണ്ടായിരുന്ന സ്ഥലം ഒരു കൽക്കൂമ്പാരമായി അവശേഷിച്ചിരുന്നു. പക്ഷേ, ഇവിടുത്തെ ദൈവാലയങ്ങൾ നശിപ്പിക്കപ്പെട്ടെങ്കിലും സഭ ഇവിടെ സജീവമാണ് എന്ന് സാക്ഷ്യപ്പെടുത്തുകയാണ് ബെനഡിക്റ്റൈൻ സന്യാസിനി സി. ഫൗസ്റ്റീന കോവൽസ്‌ക.

“ഞങ്ങൾക്കും കൈസെലിവ്ക ഗ്രാമത്തിലെ ആളുകളെപ്പോലെ വെറുതെ ഇരിക്കാൻ കഴിഞ്ഞില്ല” – ഉക്രൈനിൽ നിന്നും സി. കോവാൽസ്ക പറയുന്നു. എങ്കിലും തിരികെ തകർന്നുപോയ നഗരത്തിൽ എത്തിയപ്പോൾ, ഈ സന്യാസിനിക്ക് താൻ കണ്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല. “ഞങ്ങൾ സൈറ്റിൽ എത്തിയപ്പോൾ കണ്ടത് ഒരു കൂമ്പാരമാണ്. അവിടെ എന്തെങ്കിലും അവശേഷിച്ചിരിക്കാമെന്നും ചില വസ്തുക്കൾ കണ്ടെത്തി അവ കൊണ്ടുപോകുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്റെ കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി. ഇത്രയും കാലം എല്ലാ ഞായറാഴ്ചകളിലും ആളുകൾ പ്രാർത്ഥിക്കാൻ ഒത്തുകൂടിയിരുന്ന ദൈവാലയമായിരുന്നു അതെന്ന് സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്” – സിസ്റ്റർ വെളിപ്പെടുത്തുന്നു.

പള്ളിക്കു ചുറ്റും നിലത്ത് റോക്കറ്റുകൾ കുടുങ്ങിക്കിടക്കുന്നു. ധാരാളം ക്ലസ്റ്റർ ഷെൽ അവശിഷ്ടങ്ങൾ അവിടെ കിടപ്പുണ്ട്. എന്നാൽ, എല്ലാം തകർന്ന അവസ്ഥയിലും നഷ്ടപ്പെടലിലും സഭ യഥാർത്ഥത്തിൽ എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് സി. കോവൽസ്കയെ ഓർമ്മിപ്പിച്ചു. കാരണം, സഭ വിശ്വാസികളിലൂടെ ഇന്നും ജീവിക്കുന്നു എന്ന ഓർമ്മയാണ് ആ കൽക്കൂമ്പാരങ്ങൾ നൽകിയത്. ഒരു കെട്ടിടം മാത്രമേ, നശിപ്പിക്കപ്പെട്ടിട്ടുള്ളൂ.

കൈസെലിവ്കയിൽ നിന്ന് 34 മൈൽ അകലെയുള്ള നിക്കോളയേവിലെ ദൈവാലയത്തിലാണ് ഇപ്പോൾ മിക്ക ഇടവകക്കാരും പ്രാർത്ഥനക്കായി പോകുന്നത്. ഗുരുതരമായി തകർന്ന ഗ്രാമത്തിലേക്ക് ആളുകൾ തിരിച്ചെത്തിയാൽ ദൈവാലയം പുനർനിർമ്മിക്കുമെന്നാണ് പ്രതീക്ഷ. “വളരെ ദാരുണമായ ഈ കാഴ്ച, നൽകുന്നത് പുനരുത്ഥാനത്തിന്റെ പ്രത്യാശയാണ്” -സിസ്റ്റർ വെളിപ്പെടുത്തുന്നു.

കെർസണിൽ നിന്ന് ഒമ്പതു മൈൽ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന കൈസെലിവ്കയിലെ ഈ ചെറിയ ദൈവാലയം 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് നിർമ്മിച്ചത്. രണ്ട് ലോകമഹായുദ്ധങ്ങളെയും കമ്മ്യൂണിസ്റ്റ് ഭരണത്തെയും അതിജീവിച്ചതാണ് കല്ലുകൾ കൊണ്ട് നിർമ്മിച്ച ഈ ദൈവാലയം. സോവിയറ്റ് അധികാരികൾ ദൈവാലയത്തെ ഒരു വെയർഹൗസായും പിന്നീട് ട്രാക്ടർ റിപ്പയർ സൈറ്റായും മാറ്റി. 1990- ൽ, ദൈവാലയം സഭക്ക് തിരികെ നൽകുകയും സൊസൈറ്റി ഓഫ് ക്രൈസ്റ്റിന്റെ സംരക്ഷണയിലാക്കുകയും ചെയ്തു. 2013- ൽ, അന്നത്തെ ഒഡേസ-സിംഫെറോപോൾ രൂപതയുടെ ബിഷപ്പായിരുന്ന ബ്രോണിസ്ലാവ് ബെർണാക്കിയാണ് ദൈവാലയം പുതുക്കി ആശീർവദിച്ചത്.

മാർച്ച് വരെ, കൈസെലിവ്ക റഷ്യൻ സൈന്യത്തിന്റെ തുടർച്ചയായ ഷെല്ലാക്രമണത്തിന് വിധേയമായിരുന്നു. മെയ് രണ്ടിന് ഈ ദൈവാലയം നശിപ്പിക്കപ്പെട്ടു. നവംബർ 10- ന് കെർസൺ മേഖലയിൽ ഉക്രേനിയൻ ആക്രമണത്തിന്റെ ഭാഗമായി ഗ്രാമം റഷ്യൻ കൈകളിൽ നിന്ന് തിരിച്ചുപിടിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.