50 നോമ്പ് ധ്യാനം 17: അരിമത്തിയാക്കാരന്‍ ജോസഫ്

അപ്രതീക്ഷിതമായ കടന്നുവരവിലൂടെ ക്രിസ്താനുഭവമെന്ന പുണ്യം ആവോളം നുകര്‍ന്ന് അനശ്വരവ്യക്തിത്വമായി നിലകൊണ്ട് ക്രിസ്തുസ്‌നേഹത്തിന്റെ ആഴം കണ്ട പ്രിയശിഷ്യനാണ് അരിമത്തിയാക്കാരന്‍ ജോസഫ്. ബൈബിളിലെ നാലു സുവിശേഷകന്മാരും ഒരുപോലെ, ഒരേ സന്ദര്‍ഭത്തില്‍ അവതരിപ്പിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

സവിശേഷതകള്‍കൊണ്ട് ഗ്രന്ഥകാരന്മാര്‍ ഇദ്ദേഹത്തെ ആവരണം ചെയ്യുകയാണ്. ഒരു സന്ദര്‍ഭത്തില്‍ പ്രത്യക്ഷപ്പെട്ട് മറയുന്ന വെറുമൊരു കഥാപാത്രം എന്നതിലുപരി ഇദ്ദേഹത്തില്‍ ചില സവിശേഷതകളും കാണാനാവും. രഹസ്യശിഷ്യന്‍, നീതിമാന്‍, ആലോചനാസംഘത്തിലെ പ്രധാനി, ദൈവരാജ്യം പ്രതീക്ഷിക്കുന്നവന്‍, ധനികന്‍ തുടങ്ങിയവ ഇതില്‍ ചിലതു മാത്രം. “ധനികന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിലും എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്” എന്ന് ക്രിസ്തു നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. എന്നാല്‍, ദൈവരാജ്യം പ്രതീക്ഷിച്ചിരുന്ന ധനികനായ ജോസഫ്, ഒരു വൈരുദ്ധ്യമാണെന്ന് ആദ്യം തോന്നുമെങ്കിലും ദൈവദാനമായ സമ്പത്തിന്റെ ശരിയായ ഉപയോഗം അറിയാവുന്ന നീതിമാനായിരുന്നു അദ്ദേഹം എന്ന് മനസ്സിലാക്കാം. ബൈബിളില്‍ ചുരുക്കം ചില വ്യക്തികളെ മാത്രമേ നീതിമാന്‍ എന്ന് സംബോധന ചെയ്യുന്നുള്ളൂ. അതിലൊരുവനാണ് ഇദ്ദേഹം (ബൈബിളില്‍ നീതിമാന്‍ എന്നുപറഞ്ഞാല്‍ – തോറാ, നിയമം അനുസരിക്കുന്നവന്‍ എന്നാണ് അർഥം).

യേശുവിന്റെ മാര്‍ഗം അവന്‍ പിന്തുടര്‍ന്നിരുന്നു. എന്നാല്‍, ആ ബന്ധത്തിന്റെ സാമൂഹികപ്രത്യാഘാതങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് രഹസ്യശിഷ്യനായാണ് അയാള്‍ ക്രിസ്തുവിനെ അനുഗമിച്ചത്. കുരിശിലേറിയ ക്രിസ്തുവിന്റെ രക്ഷാകരപ്രവൃത്തികള്‍ക്ക് ഇദ്ദേഹം ദൃക്‌സാക്ഷിയായിരുന്നുവെന്ന് അനുമാനിക്കാം. ആലോചനാസംഘത്തിലെ പ്രധാനിയായിട്ടും ഗൂഢാലോചനയില്‍ പങ്കുചേരുന്നില്ല. പെട്ടെന്ന് യഹൂദര്‍ യേശുവിനെ കൊല്ലാന്‍ തീരുമാനിക്കുന്നത് ഒരുപക്ഷേ, ജോസഫിനെ തളര്‍ത്തിയിട്ടുണ്ടാകാം. എങ്കിലും, യേശുവുമായിട്ടുള്ള ബന്ധത്തിന് അതും തടസ്സമാകുന്നില്ല. യേശുവിന്റെ മരണത്തിനുശേഷം പീലാത്തോസിന്റെ അടുത്തുചെന്ന് യേശുവിന്റെ ശരീരം ചോദിക്കുന്നത് ജോസഫാണ്. തുടര്‍ന്ന് അദ്ദേഹം പാറയില്‍ വെട്ടിയുണ്ടാക്കിയ തന്റെ പുതിയ കല്ലറയില്‍ യേശുവിനെ സംസ്‌കരിക്കുന്നു. യേശുവിനുവേണ്ടി കല്ലറ ഒരുക്കുന്ന ദൗത്യം ഏറ്റെടുക്കുകയാണ് ജോസഫ്.

മരണത്തിനും പുനരുത്ഥാനത്തിനും ഇടയ്ക്കുള്ള സ്ഥലമാണ് കല്ലറ. അതിനും രക്ഷാകരചരിത്രത്തില്‍ നിര്‍ണ്ണായകസ്ഥാനമുണ്ട്. യേശുവിനുവേണ്ടി കല്ലറ ഒരുക്കുക എന്നതും ഒരു ദൗത്യമാണ്. കാരണം, ഉയര്‍പ്പിനു മുന്നോടിയാണ് അത്. കല്ലറയിലൂടെയാണ് ഉയര്‍പ്പിലേക്കു കടന്നുവരുന്നത്. ജനിച്ചപ്പോള്‍ ആരുടെയോ കാലിത്തൊഴുത്തില്‍ കിടന്നവന് മരിച്ചപ്പോള്‍ ആരുടെയോ കല്ലറയില്‍ കിടക്കേണ്ടിവന്നു എന്നതുകൂടി നമ്മള്‍ ഓര്‍മ്മിക്കുന്നത് നല്ലതാണ്.

മരണശേഷമാണെങ്കില്‍ക്കൂടി യേശുവിന് ഇടം കൊടുക്കുന്ന അരിമത്തിയാക്കാരന്‍ ജോസഫ് നമുക്ക് മാതൃകയാണ്. ഓരോ വ്യക്തിയും അവനവന്റെ സാഹചര്യത്തിലും സമയത്തുമാണ് യേശുവിന് ഇടം ഒരുക്കേണ്ടതും കൊടുക്കേണ്ടതും. യൗസേപ്പും മേരിയും അവന്‍ ജനിച്ചപ്പോള്‍ ഇടം ഒരുക്കുന്നു. അരിമത്തിയാക്കാരന്‍ ജോസഫ് അവന്‍ മരിച്ചപ്പോള്‍ ഇടം ഒരിക്കുന്നു. നമ്മള്‍ എപ്പോഴാണ് യേശുവിന് ഇടം ഒരുക്കുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം, ‘എപ്പോഴും’ എന്നായിരിക്കട്ടെ.

ഫാ. ജെയ്‌സണ്‍ തൃക്കോയിക്കല്‍