50 നോമ്പ് ധ്യാനം 22: ആണികള്‍ – ഹൃദയത്തെ ആശ്വസിപ്പിക്കുന്ന ഔഷധം

“കുരിശിന്മേല്‍ ആണി കണ്ടു ഞാന്‍ കോമളമാം മുള്ളുകള്‍ കണ്ടു.”

ദുഃഖവെള്ളിയുടെ ഇരുണ്ട സായാഹ്നത്തില്‍ കുരിശിന്റെ മഹത്വത്തെ വാഴ്ത്തിപ്പാടുന്ന കീര്‍ത്തനത്തിലെ വരികളാണിവ. ക്രിസ്തുവിനെ മുറിവേല്‍പ്പിച്ച മനോഹരമായ ആണികള്‍. ക്രിസ്തുവിനെ മഹത്വത്തിലേക്കുയര്‍ത്തിയ മുള്ള്. ദൈവത്തിന്റെ മഹത്വം വെളിപ്പെടുന്നത് ഇത്തരം ചില ആണി/മുള്ളുകളിലൂടെയാണ്. കുരിശ് ഒരു അനിവാര്യതയാണെന്ന് ക്രിസ്തു, ശിഷ്യന്മാരോട് മൂന്ന് തവണ ആവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് കുരിശിനോട് ചേര്‍ത്തുനിര്‍ത്തുന്ന ചില ആണികള്‍ നമുക്കുണ്ടാവണം. ക്രിസ്തുവിനെ കുരിശിനോട് ചേര്‍ത്തുനിര്‍ത്തിയ ആണികള്‍ പോലെ. ഞാന്‍ ക്രിസ്തുവിനോടൊപ്പം ക്രൂശിതനായിരിക്കുന്നുവെന്ന് പറയാന്‍ ധൈര്യപ്പെട്ട പൗലോസിന്റെ ജീവിതത്തിലെ മൂന്നു പ്രാവശ്യം ആവലാതിപ്പെട്ട മുള്ളുപോലെ (1 കൊറി. 12) ഒരാണി, നിന്റെ ജീവിതത്തോട് ചേര്‍ന്നിരിക്കട്ടെ.

ഇരുള്‍ പരക്കുന്ന സന്ധ്യയില്‍ സാന്‍ ഡമിയാനോയിലെ ചാപ്പലില്‍ കുരിശിലെ ആണികളെ ധ്യാനിച്ച് ഞാന്‍ എന്തുചെയ്യണമെന്നോര്‍ത്ത് വിലപിക്കുകയായിരുന്നു ഫ്രാന്‍സിസ്. കണ്ണുകള്‍ പൂട്ടി അവന്‍ ക്രൂശിതനോട് ചേര്‍ന്നുനില്ക്കവേ അവന്റെ കാതില്‍ ഒരു സ്വരം. ക്രൂശിലെ ഒരാണി താഴേയ്ക്ക് പതിക്കുന്നു. ക്രിസ്തുവിന്റെ കരങ്ങള്‍ ഫ്രാന്‍സിസിന്റെ അടുത്തേക്ക് നീണ്ടുവരുന്നു. കൂടെ ”നീ എന്റെ പള്ളി പണിയുക” എന്ന സ്വരവും. അവന്‍ ദേവാലയത്തില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുകയായി. ജീവിതം മുഴുവന്‍ ക്രിസ്തുവിന് തീറെഴുതിക്കൊടുത്തപ്പോള്‍ അവസാനം ക്രിസ്തു ഫ്രാന്‍സിസിന് സമ്മാനങ്ങള്‍ നല്‍കി; ആഴത്തില്‍ അഞ്ച് തിരുമുറിവുകള്‍.

ശരീരത്തെ മഹത്വപ്പെടുത്താനും ആത്മാവിനെ ശക്തിപ്പെടുത്താനുമുള്ള മുറിവുകള്‍ നല്‍കാന്‍ ക്രൂശിതന്റെ ആണിപ്പാടുകള്‍ ഇന്നും നമ്മെ തേടിയെത്തുന്നുണ്ട്. ഒന്ന്, ശരീരത്തെ (ദൈവാലയം) മഹത്വപ്പെടുത്താനായി. രണ്ട്, ആത്മാവിനെ ശക്തിപ്പെടുത്തുന്ന മുറിവുണ്ടാകാന്‍. പൗലോസിന്റെ മുള്ള് ദൈവത്തിന് മഹത്വമേകി. ഫ്രാന്‍സിസിന്റെ മുള്ള് അവന്റെ ആത്മാവിന് ആനന്ദമേകി. ആണികള്‍ നല്‍കുന്ന ചുംബനം ആത്മാവിന് കുളിരേകും. കുരിശ് ജീവിതത്തിന്റെ അനിവാര്യതയാണെങ്കില്‍ കുരിശിലെ ആണികള്‍ നിന്റെ ജീവിതത്തെ കുരിശോട് ചേര്‍ത്തുനിര്‍ത്തുന്ന അനിവാര്യതയാണ്.

ദുഃഖവെള്ളിയിലെ സന്ധ്യയില്‍ പടയാളികള്‍ ക്രിസ്തുവിനെ കുരിശില്‍ നിന്നിറക്കി വയ്ക്കുന്നു. അവനെ കുരിശില്‍ തറച്ച ആണികള്‍ താഴേയ്ക്കു പതിച്ചു. മകന്റെ ശരീരത്തെ മുറിപ്പെടുത്തിയ ആണികള്‍ മറിയം ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു. നിലാവിന്റെ നീലവെളിച്ചത്തില്‍ മറിയം ധ്യാനിച്ചത് ആണികള്‍ നല്‍കുന്ന ക്രിസ്തുസാന്നിധ്യത്തെ കുറിച്ചായിരുന്നു. അതുകൊണ്ടു തന്നെ അവളൊരിക്കലും കല്ലറയുടെ അടുക്കലേക്ക് പോയതുമില്ല. ഹൃദയത്തെ കുത്തിപ്പിളര്‍ത്തുന്ന വാളായി മാറിയ ക്രൂശിതന്റെ ആണികള്‍ മറിയത്തിന് അവന്റെ സാന്നിധ്യം നല്‍കുന്ന തിരുശേഷിപ്പായി മാറി. ഹൃദയത്തെ മുറിപ്പെടുത്തുന്ന ചില ആണികള്‍ (മുള്ളുകള്‍) പിന്നീട് തിരുശേഷിപ്പുകളായി മാറും.

വിധവയായ ഒരു യുവതി, തന്റെ ഭര്‍ത്താവ് മദ്യപിക്കാനുപയോഗിച്ചിരുന്ന കുപ്പികള്‍ പൂജ്യമായി സൂക്ഷിച്ചുവച്ചിരിക്കുന്നതു കണ്ട് ബന്ധുക്കള്‍ അവളെ പള്ളീലച്ചന്റെ അടുത്ത് കൊണ്ടുപോയി. അവള്‍ അച്ചനോടായി പറഞ്ഞു; ”അച്ചോ, ജീവിതം മുഴുവന്‍ ഈ മദ്യക്കുപ്പികള്‍ എന്നെ വേദനിപ്പിച്ചിട്ടേയുള്ളൂ. ഞാന്‍ ഇവയെ ശപിച്ചിട്ടുണ്ട്. തല്ലിപ്പൊട്ടിച്ചിട്ടുമുണ്ട്. എന്നാല്‍, ഇന്ന് ഇതെനിക്ക് എന്റെ കെട്ടിയോന്റെ ഓര്‍മ്മയാണച്ചോ, കുടിയനാണെങ്കിലും സ്‌നേഹമുള്ളവനായിരുന്നു. ഈ കുപ്പി, എന്‍റെ  ജീവിതത്തിന്റെ അവസാനം വരെ എന്നോടൊപ്പമുണ്ടാകും.” ഒന്നും മിണ്ടാനാവാതെ അച്ചന്‍ അവള്‍ക്കു മുന്‍പില്‍ നിന്നു. ഹൃദയത്തെ ഒത്തിരി നോവിച്ച കൂര്‍ത്ത മുള്ളുകള്‍ പിന്നീട് ഹൃദയത്തെ ആശ്വസിപ്പിക്കുന്ന നിറസാന്നിധ്യം പകരുന്ന ഔഷധമായി മാറും.

തന്നോടൊപ്പം യാത്ര ചെയ്തിരുന്ന വൈദികന്‍, എല്ലാ ദിവസവും ഒരേ പുസ്തകം തന്നെ വായിക്കുന്നതു കണ്ട് സഹയാത്രകന്‍ അദ്ദേഹത്തോട് ചോദിച്ചു. ”ഇതെന്താണ് നിങ്ങള്‍ ഈ പുസ്തകം പതിവായി വായിക്കുന്നത്. ജീവിതത്തില്‍ വിജയിച്ച ആരുടെയെങ്കിലും ജീവചരിത്രമാണോ?” വായിച്ചുകൊണ്ടിരുന്ന ബൈബിള്‍ഭാഗം അദ്ദേഹം തന്റെ സഹയാത്രികനു നേരെ നീട്ടി. അത് യോഹ. 19:17-18 ആയിരുന്നു. ”അവര്‍ അവനെ ക്രൂശിച്ചു.” നിരാശയോടെ തന്റെ മുഖത്തേക്ക് നോക്കിയ സഹയാത്രികനോട് വൈദികന്‍ പറഞ്ഞു; ”അവന്റെ മുറിവിനാല്‍ ഞാന്‍ സൗഖ്യം നേടി; അവന്റെ ആണികള്‍ എനിക്ക് ബലം നല്‍കുന്നു. കുരിശിനോട് ചേര്‍ത്തുനിര്‍ത്തിയ അവന്റെ ആണികള്‍ എന്നെ അവനോട് ചേര്‍ക്കുന്നു. ജീവിതത്തെ സ്‌നേഹിക്കാന്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നു.”

പൗലോസിനെ നോവിച്ച ഒരു മുള്ള് (ആണി) നിനക്കുണ്ടാവട്ടെ. ഫ്രാന്‍സിസിന്റെ ആത്മാവിനെ കുത്തിമുറിവേല്‍പ്പിച്ച ക്രൂശിതന്റെ ആണികള്‍ നിനക്ക് ബലമേകട്ടെ. മറിയം ധ്യാനിച്ച ക്രൂശിതന്റെ ആണികള്‍ നിനക്ക് ആശ്വാസമേകട്ടെ.

ഫാ. മേരി ജോണ്‍