പുരോഹിതനാകാൻ ഫുട്ബോൾ സ്വപ്നങ്ങളെ ഉപേക്ഷിച്ച യുവാവ്

യു എസിലെ ഒരു സംസ്‌ഥാനമാണ് മിസോറി. മിസോറിയിലെ ഏറ്റവും വലിയ നഗരമായ കൻസാസിലെ അറിയപ്പെടുന്ന ഒരു സർവ്വകലാശാല ഫുട്ബോൾ കളിക്കാരനാണ് 23- കാരനായ ലാന്ഡറി വെബർ. തന്റെ യുവത്വത്തിന്റെ അഞ്ച് വർഷക്കാലവും അദ്ദേഹം ഫുട്ബോളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ഇനി ക്രിസ്തുവിന്റെ പുരോഹിതനാകാനാണ് വെബറിന്റെ തീരുമാനം.

ചെറുപ്പം മുതലേ വെബറിന് പൗരോഹിത്യത്തോട് ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു. വലുതാകുമ്പോൾ തനിക്കും പുരോഹിതനാകാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ പ്രായം മുന്നോട്ട് പോകുംതോറും ആ ആഗ്രഹത്തെ അറിയാതെ തന്നെ ചാരം മൂടി. പിന്നീട് ഫുട്ബോളായിരുന്നു വെബറിന്റെ ജീവശ്വാസം. പക്ഷേ, ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ വെബർ അറിയാതെ തന്നെ തിരിച്ചറിഞ്ഞു, തന്റെ വിളി പൗരോഹിത്യത്തിലേക്കാണെന്ന്.

“ഫുട്ബോളും വിശ്വാസവും തമ്മിൽ ഒരുപാട് സാമ്യങ്ങളുണ്ട്. കാരണം എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ നമ്മൾ തയ്യാറെടുത്ത് പൊരുതേണ്ട ഒരു യുദ്ധമാണ്. എല്ലാ ശനിയാഴ്ചയും ഞാൻ ആ യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു. വിശ്വാസത്തിന്റെ കാര്യത്തിലും ഈ യുദ്ധമുണ്ട്. വിശ്വാസം സംരക്ഷിക്കാൻ, അതിൽ ഉറച്ചുനിൽക്കാൻ നാം നിരന്തരം പോരാടേണ്ടിയിരിക്കുന്നു. അതിനായി നമ്മൾ തയ്യാറെടുക്കുകയും പ്രവർത്തിക്കുകയും വേണം”- വെബർ പറയുന്നു. വെബർ ഇപ്പോൾ പൂർണ്ണമനസ്സോടെ തയ്യാറായിക്കഴിഞ്ഞിരിക്കുകയാണ്, തന്റെ പുതിയ ജീവിതം ജീവിച്ചു തുടങ്ങാൻ.

“വിശുദ്ധന്മാരും ദിവ്യകാരുണ്യവും പോലെയുള്ള വിശ്വാസപരമായ കാര്യങ്ങളോട് ചെറുപ്പം മുതൽ വെബറിന് താല്പര്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് ദൈവവിളിയുണ്ടെന്ന് വെബർ പറഞ്ഞപ്പോൾ അമ്മയായ എനിക്ക് തെല്ലും അതിശയമില്ലായിരുന്നു”- വെബറിന്റെ അമ്മ നാൻസി വെബർ പറഞ്ഞു. നാൻസി വെബർ മകന് വിശ്വാസം പകർന്നുകൊടുത്ത ഒരമ്മ മാത്രമല്ല. മറിച്ച് അനേകരെ വിശ്വാസത്തെക്കുറിച്ച് പഠിപ്പിച്ച ദൈവശാസ്ത്ര അധ്യാപികയുമാണ്.

“ഓരോ ജീവിതയാത്രയും വ്യത്യസ്തമാണ്. എന്നാൽ എല്ലാം ലക്‌ഷ്യം വെയ്ക്കുന്നതും എത്തിച്ചേരുന്നതും നിത്യതയിലാണ്. അതുകൊണ്ട് ഒരാൾ തന്റെ ആത്മാവ് കൊണ്ട് എന്ത് ചെയ്യുന്നു, അവൻ എങ്ങനെ വിശ്വാസജീവിതം നയിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം”- വെബറിന്റെ പിതാവായ സ്റ്റാൻ വെബർ പറഞ്ഞു. അദ്ദേഹവും ഒരു സ്പോർട്സ് താരമായിരുന്നു.

വെബർ തീർച്ചയായും ദൈവസ്നേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഉത്ഥിതനെ വിശ്വസിച്ച് തന്റെ ശിഷ്ടജീവിതം ക്രിസ്തുവിനായി സമർപ്പിക്കാൻ അവൻ തയ്യാറായത്. ഓരോ മനുഷ്യനെയും ദൈവം ഓരോ കടമകൾ ഏൽപിച്ചിട്ടുണ്ട്. വിശ്വസ്തതയോടെ അത് പാലിക്കാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവർ.

വൈദിക പരിശീലനത്തിനായി, കൻസാസ് അതിരൂപതയുടെ സെമിനാരിയിലേക്കാണ് ഇനി വെബറിന്റെ യാത്ര. “ഈ തീരുമാനത്തിൽ ഞാൻ വളരെയധികം സമാധാനത്തിലാണ്”- വെബർ പറയുന്നു. വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ ഒരുവൻ തീരുമാനിച്ചാൽ, അവനുവേണ്ട എല്ലാ കൃപകളും അനുഗ്രഹങ്ങളും ദൈവം സ്വർഗ്ഗത്തിൽ നിന്ന് വർഷിക്കുമെന്ന് ഉറപ്പാണ്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.