“നിങ്ങള്‍ക്ക് ആ സാഹചര്യങ്ങള്‍ സങ്കല്‍പിക്കാന്‍ പോലും കഴിയില്ല” – റഷ്യന്‍ ക്യാമ്പുകളിലെ അനുഭവങ്ങള്‍ വിവരിച്ച് ദമ്പതികള്‍

മരിയുപോള്‍ നഗരം ഇപ്പോള്‍ ലോകത്തില്‍ നിന്ന് മറയ്ക്കപ്പെട്ടിരിക്കുകയാണ്. അകത്ത് എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ പോലും പ്രയാസമാണ്. ആഴ്ചകളോളം നീണ്ടുനിന്ന ബോംബാക്രമണത്തിനു ശേഷം ഇപ്പോള്‍ റഷ്യയുടെ പൂർണ്ണനിയന്ത്രണത്തിലുള്ള മരിയുപോളില്‍ നിന്ന് അടുത്തിടെ രക്ഷപ്പെടാന്‍ കഴിഞ്ഞ ഭാഗ്യശാലികളില്‍ രണ്ടു പേരാണ് ഒലെക്സാണ്ടറും ഒലീനയും. മാരിയൂപോളിനു പുറത്ത് സിവിലിയന്മാരെ ഒഴിപ്പിക്കുന്നതിനു മുമ്പ് പാര്‍പ്പിച്ചിരുന്ന ഫില്‍ട്ടറേഷന്‍ ക്യാമ്പുകളെക്കുറിച്ചുള്ള ഭയാനകമായ വിവരണങ്ങള്‍ നല്‍കുകയാണ് അവര്‍. താരതമ്യേന സുരക്ഷിതമായ പടിഞ്ഞാറന്‍ നഗരമായ ലിവിവില്‍ നിന്നാണ് അവർ ഇപ്പോള്‍ സംസാരിക്കുന്നത്.

അവര്‍ മരിയുപോള്‍ നഗരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍, അവരെ മരിയുപോളിന്റെ വടക്കുപടിഞ്ഞാറ് നിക്കോള്‍സ്‌കെ ഗ്രാമത്തിലെ ഒരു മുന്‍സ്‌കൂളിലെ റഷ്യന്‍ അഭയാര്‍ത്ഥികേന്ദ്രത്തിലേക്ക് കൊണ്ടുപോയി. “അവിടം ഒരു യഥാര്‍ത്ഥ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് പോലെയായിരുന്നു” – 49-കാരനായ ഒലെക്‌സാണ്ടര്‍ പറയുന്നു.

“അവിടെയെത്തുന്ന ഓരോരുത്തരുടേയും വിരലടയാളം അവര്‍ രേഖപ്പെടുത്തി. എല്ലാ ഭാഗത്തു നിന്നും ഫോട്ടോയെടുത്തു, റഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തു; ഒരു ജയിലിലെന്ന പോലെ” – അദ്ദേഹം പറയുന്നു.

റഷ്യക്കാര്‍ തങ്ങളുടെ ഫോണുകളും പരിശോധിക്കുമെന്നു ഭയന്ന് അവര്‍ തങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് ഉക്രേനിയന്‍ പതാകയ്ക്കു മുന്നില്‍ നില്‍ക്കുന്ന മകളുടെ ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള എല്ലാ തെളിവുകളും മായ്ച്ചുകളഞ്ഞു. അവര്‍ ആശങ്കപ്പെട്ടതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. പത്രപ്രവര്‍ത്തകരുടേയോ, സര്‍ക്കാര്‍-സൈനിക ഉദ്യോഗസ്ഥരുടേയോ ഫോട്ടോകളോ, വിവരങ്ങളോ ലഭിക്കുന്നതിനായി അവര്‍ എല്ലാവരുടേയും ഫോണുകള്‍ വാങ്ങി സൂക്ഷ്മമായി പരിശോധിച്ചതായി ഒലെക്സാണ്ടര്‍ പറയുന്നു.

ആരെയെങ്കിലും സംശയം തോന്നിയാല്‍ കൂടുതല്‍ അന്വേഷണത്തിനോ, കൊലപ്പെടുത്തുന്നതിനോ വേണ്ടി അവര്‍ അവരെ ഡൊനെറ്റ്‌സ്‌കിലേക്ക് കൊണ്ടുപോകുമായിരുന്നു. ചെറിയ സംശയം തോന്നുന്നവരെ ചോദ്യം ചെയ്യാനും പീഡിപ്പിക്കാനുമായി നിലവറകളിലേക്കു കൊണ്ടുപോകും.

“കിടക്കയോ, പുതപ്പോ ഇല്ലാതെയാണ് പ്രായമായവര്‍ പോലും ഇടനാഴികളില്‍ ഉറങ്ങിയിരുന്നത്. ആയിരക്കണക്കിന് ആളുകള്‍ക്ക് ഒരു ടോയ്ലറ്റും ഒരു സിങ്കും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനിടെ ക്യാമ്പില്‍ വയറിളക്കം പടര്‍ന്നുതുടങ്ങിയിരുന്നു. കഴുകാനോ, വൃത്തിയാക്കാനോ ഒരു മാര്‍ഗ്ഗവുമില്ലായിരുന്നു. വല്ലാത്തൊരു അവസ്ഥയായിരുന്നു അത്. ഞങ്ങള്‍ ക്യാമ്പിലെത്തിയതിന്റെ രണ്ടാം ദിവസം സോപ്പും സാനിറ്റൈസറും തീര്‍ന്നു. താമസിയാതെ ടോയ്ലറ്റ് പേപ്പറും സാനിറ്ററി പാഡുകളും തീര്‍ന്നു” – ഒലീന പറയുന്നു.

ഒഴിപ്പിക്കല്‍ ബസുകള്‍ എത്തുന്നതും കാത്താണ് ക്യാമ്പില്‍ കഴിയേണ്ടിവന്നത്. പക്ഷേ റഷ്യയിലേക്കു മാറാനുള്ള ബസുകള്‍ മാത്രമാണ് പതിവായി അവര്‍ എത്തിച്ചിരുന്നത്. ഉക്രൈനിലെ മറ്റു പ്രദേശങ്ങളിലേക്കുള്ള ബസുകള്‍ വിരളമായേ എത്തിയിരുന്നുള്ളൂ. ഇതിനിടെ റഷ്യയിലേക്കു പോകുന്ന ബസുകളില്‍ കയറാന്‍ ആളുകളെ റഷ്യന്‍ സൈന്യം നിര്‍ബന്ധിച്ചുകൊണ്ടുമിരുന്നു. ഒടുവില്‍ ഒലീനയും ഒലെക്സാണ്ടറും സ്വകാര്യ ഡ്രൈവര്‍മാരുടെ സഹായം തേടാന്‍ നിര്‍ബന്ധിതരായി. അവര്‍ റഷ്യക്കാരോ, അവരുടെ സഹകാരികളോ ആയിരിക്കുമോയെന്നും അവര്‍ ഭയപ്പെട്ടു. “പക്ഷേ ഞങ്ങള്‍ക്ക് മറ്റു വഴികളില്ലായിരുന്നു. ഒന്നുകില്‍ റഷ്യയിലേക്ക് നിര്‍ബന്ധിതമായി നാടു കടക്കുക; അല്ലെങ്കില്‍ ഈ സ്വകാര്യ ഡ്രൈവര്‍മാരുമാരെ വിശ്വസിച്ച് പോവുക” – ഒലീന പറയുന്നു.

“സിവിലിയന്മാരുടെ പല ബസുകളും ഉക്രേനിയന്‍ പ്രദേശത്തേക്കാള്‍ റഷ്യയിലേക്കാണ് പോകുന്നതെന്ന് മരിയുപോളിന്റെ മേയര്‍ വാഡിം ബോയ്ചെങ്കോ വെളിപ്പെടുത്തിയിരുന്നു. ‘യുദ്ധത്തിന്റെ തുടക്കം മുതല്‍, സിവിലിയന്മാരെ ഒഴിപ്പിക്കാന്‍ റഷ്യക്കാര്‍ ഒരു മാര്‍ഗ്ഗവും അനുവദിച്ചില്ല. ഇത് സാധാരണക്കാരെ കൊല്ലാനുള്ള നേരിട്ടുള്ള സൈനിക ഉത്തരവാണ്’ ” – അദ്ദേഹം പറഞ്ഞു.

ഭാഗ്യവശാല്‍ ഒലെക്സാണ്ടറിനേയും ഒലീനയേയും ഡ്രൈവര്‍ അവരുടെ ഫില്‍ട്ടറേഷന്‍ ക്യാമ്പില്‍ നിന്ന് ഉക്രൈനിലെ റഷ്യന്‍ അധിനിവേശ നഗരമായ ബെര്‍ഡിയാന്‍സയിൽ എത്തിച്ചു. യാത്ര ചെയ്യാന്‍ മതിയായ രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ റഷ്യന്‍ പരിശോധന ഭയന്ന് അവര്‍ വയലുകള്‍, അഴുക്ക് നിറഞ്ഞ റോഡുകള്‍, ചെക്ക്പോസ്റ്റുകള്‍ക്കു പിന്നിലുള്ള ഇടുങ്ങിയ പാതകള്‍ എന്നിവയിലൂടെയെല്ലാമാണ് ലക്ഷ്യസ്ഥാനത്ത് എത്തിയതെന്ന് ഒലീന പറയുന്നു. അവിടെ നിന്ന് സപോരിജിയയിലേക്ക് എത്തി. പിന്നീട് ട്രെയിനിലാണ് ഈ ദമ്പതികള്‍ ലിവിവിലേക്കു പോയത്.

ലിവിവില്‍ എത്തി ഒരാഴ്ചയ്ക്കു ശേഷം മറ്റൊരു ദമ്പതികളെ അവര്‍ പരിചയപ്പെട്ടു. 58-കാരിയായ വാലന്റീനയും ഭര്‍ത്താവ് എവ്‌ജെനിയും. അവരും മരിയുപോളില്‍ നിന്ന് രക്ഷപെട്ട് എത്തിയവരായിരുന്നു. മരിയുപോളിലെ സ്ഥിതി വളരെ മോശമായതായി അവര്‍ പറഞ്ഞു. ഒരുപിടി ഉരുളക്കിഴങ്ങും ബോയിലറില്‍ എടുത്ത വെള്ളവും കൊണ്ട് അതിജീവിച്ച കഥ അവരും പറഞ്ഞു.

ഫില്‍ട്ടറേഷന്‍ ക്യാമ്പുകളില്‍ റഷ്യക്കാര്‍ ആളുകളെ ഗ്രൂപ്പുകളായി വിഭജിക്കുന്നു. ഉക്രൈൻ സൈന്യവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവര്‍, പ്രദേശിക പ്രതിരോധകര്‍, പത്രപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ.. അവര്‍ അവരെ ഡൊനെറ്റ്‌സ്‌കിലെ ജയിലുകളിലേക്കു കൊണ്ടുപോയി പീഡിപ്പിക്കുന്നു. പലരെയും ഫില്‍ട്ടറേഷന്‍ ക്യാമ്പുകളില്‍ നിന്ന് റഷ്യയിലേക്ക് അയച്ചതായി വാലന്റീനയും എവ്‌ജെനിയും പറയുന്നു. ഒലെക്സാണ്ടറിനേയും ഒലീനയേയും പോലെ തങ്ങള്‍ക്ക് രക്ഷപെടാന്‍ കഴിഞ്ഞത് തങ്ങളെ രക്ഷപെടുത്താൻ മനസ് കാണിച്ച ഡ്രൈവര്‍ മൂലം മാത്രമാണെന്ന് വാലന്റീന പറഞ്ഞു. “ഞങ്ങള്‍ ജീവനോടെ ആ ക്യാമ്പില്‍ തുടരുകയും ആ നരകത്തില്‍ നിന്ന് പലായനം ചെയ്യുകയും ചെയ്തത് അവിശ്വസനീയമായിരുന്നു” – വാലന്റീന കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ അധിനിവേശത്തിനു ശേഷം ഉക്രൈന്റെ ചെറുത്തുനില്‍പ്പിന്റെയും കഷ്ടപ്പാടുകളുടെയും പ്രതീകമായി മാറിയ മരിയുപോളില്‍ നിന്ന് ഈ രണ്ട് ദമ്പതികളും ഇപ്പോള്‍ രക്ഷപെട്ടു. സംഘര്‍ഷം മൂലം കുടിയിറക്കപ്പെട്ട 11 ദശലക്ഷം ഉക്രേനിയക്കാരില്‍ വെറും നാലു പേര്‍. പക്ഷേ, ഇപ്പോള്‍ അവര്‍ ഒരു അനിശ്ചിതഭാവിയെ അഭിമുഖീകരിക്കുന്നു. “ഞങ്ങളുടെ നഗരം ഇപ്പോള്‍ നിലവിലില്ല. അവശിഷ്ടങ്ങളുടെ കൂറ്റന്‍ കൂമ്പാരങ്ങള്‍ മാത്രമാണുള്ളത്. നിങ്ങള്‍ക്ക് ആ സാഹചര്യങ്ങള്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല” – കണ്ണീരോടെ അവര്‍ പറയുന്നു.

കീര്‍ത്തി ജേക്കബ്

കീർത്തി ജേക്കബ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.