ലോകത്തിലെ ആദ്യ മാനസികാരോഗ്യ കേന്ദ്രം സ്‌ഥാപിച്ച കത്തോലിക്കാ വൈദികൻ

മനുഷ്യരാശിയ്ക്ക് ക്രൈസ്തവർ നൽകിയ സംഭാവനകൾ അനവധിയാണ്. ലോകത്തിലെ ആദ്യ മാനസികാരോഗ്യ കേന്ദ്രം സ്ഥാപിച്ചത് ആരാണെന്ന് അറിയാമോ? ആ സംഭാവനയും ലോകത്തിന് നൽകിയത് ക്രൈസ്തവരാണ്. കത്തോലിക്കാ വൈദികനായ ഫാ. ജോവാൻ ഗിലബെർട്ട് ജോഫ്രെയാണ് ലോകത്തിലെ ആദ്യ മാനസികാരോഗ്യ കേന്ദ്രം സ്ഥാപിച്ചത്. അദ്ദേഹം ഓർഡർ ഓഫ് മേഴ്‌സി സന്യാസസമൂഹത്തിൽപ്പെട്ട വൈദികനാണ്.

1409 ഫെബ്രുവരി 24, ഒരു വെള്ളിയാഴ്ചയായിരുന്നു അത്. ഫാ. ജോവാൻ സ്പെയിനിലെ വലൻസിയയിലെ പ്ലാസ ഡി ലാ മെഴ്‌സെഡിലുള്ള മഠത്തിൽ നിന്ന് ദേവാലയത്തിലേക്ക് പോവുകയായിരുന്നു. കത്തീഡ്രലിലേക്കുള്ള യാത്രാമധ്യേ, സെന്റ് കാതറിൻ ദേവാലയത്തിന് സമീപം, ഒരു കൂട്ടം യുവാക്കൾ ഒരാളെ പരിഹസിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് അദ്ദേഹം കണ്ടു. “ഭ്രാന്തൻ, ഭ്രാന്തൻ” എന്ന് യുവാക്കൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. അതൊരു മാനസിക വിഭ്രാന്തിയുള്ള ആളായിരുന്നു. എങ്കിലും ഈ ദൃശ്യം ഫാ. ജോവാനെ ആഴത്തിൽ തന്നെ സ്പർശിച്ചു. ഫാദർ ആ മനുഷ്യനെ യുവാക്കളുടെ പരിഹാസങ്ങളിൽ നിന്ന് രക്ഷിച്ച്, അദ്ദേഹം അംഗമായുള്ള മെർസിഡേറിയൻ സന്യാസസമൂഹത്തിന്റെ വസതിയിലേക്ക് കൊണ്ടുവന്നു. അന്നുമുതൽ, ഫാ. ജോവാൻ മാനസികരോഗികൾക്കുള്ള സാമ്പത്തിക സഹായം മാത്രമല്ല, അവർക്കായി ഒരു പ്രത്യേക ആശുപത്രി സജ്ജീകരിക്കാനുള്ള പരിശ്രമവും തുടങ്ങി.

ബെനഡിക്ട് പതിമൂന്നാമൻ പാപ്പാ ഫാ. ജോവാന്റെ ഇത്തരം പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കുകയും ആശുപത്രി സ്ഥാപിക്കാൻ അനുവാദം നൽകുകയും ചെയ്‌തു. മാത്രമല്ല, അവരുടെ എല്ലാ പ്രവർത്തനങ്ങളെയും പരിശുദ്ധ അമ്മയുടെ പ്രത്യേക സംരക്ഷണത്തിന് ഭരമേല്പിക്കുകയും ചെയ്‌തു. തുടർന്ന് 1410 ജൂൺ ഒന്നിന്, മാനസികരോഗികളെയും ദരിദ്രരെയും സ്വീകരിക്കാനായി ഫാ. ജോവാന്റെ നേതൃത്വത്തിലുള്ള ആശുപത്രി പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയുടെ ചാപ്പൽ അവർ നിത്യസഹായ മാതാവിനാണ് സമർപ്പിച്ചിരിക്കുന്നത്. മാനസികരോഗികൾക്ക് ചികിത്സയും താമസസൗകര്യവും നൽകുന്ന ലോകത്തിലെ ആദ്യത്തെ ആശുപത്രിയാണ് ഇന്നത്തെ വലൻസിയയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ. ഫാ. ജോവാൻ, വി. വിൻസെന്റ് ഫെററിനൊപ്പം സുവിശേഷവൽക്കരണ പ്രവർത്തനങ്ങളും നിർവഹിച്ചിട്ടുണ്ട്. 1417 മെയ് 18- നാണ് ഫാ. ജോവാൻ അന്തരിച്ചത്.

മെർസിഡേറിയൻ സമൂഹത്തിന് 800 വർഷത്തിലേറെ പഴക്കമുണ്ട്. 1218 ഓഗസ്റ്റ് 10- ന് ബാഴ്‌സലോണയിലാണ് ഈ സന്യാസസഭ സ്ഥാപിതമായത്. ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം തുടങ്ങിയ വ്രതങ്ങൾക്ക് പുറമേ, അവർക്ക് നാലാമത് മറ്റൊരു വ്രതം കൂടെയുണ്ട്. അത് അടിമകളെ മോചിപ്പിക്കുക എന്നുള്ളതാണ്. മോചനദ്രവ്യം നല്കാൻ പണമില്ലെങ്കിൽ ഇതിലെ അംഗങ്ങൾ തങ്ങളെത്തന്നെ അടിമകൾക്ക് പകരമായി സമർപ്പിക്കും.

മെഴ്‌സിഡേറിയൻ സന്യാസസമൂഹത്തിന്റെ സ്ഥാപകനാണ് വി. പീറ്റർ നോലാസ്കോ. ആഫ്രിക്കയിലേക്ക് അടിമകളായി കൊണ്ടുപോയ ക്രൈസ്തവരുടെ വിമോചകനായിരുന്നു അദ്ദേഹം. അടിമകളെ മോചിപ്പിക്കുവാൻ ഈ വിശുദ്ധൻ തന്റെ പിതൃസ്വത്ത് പോലും ചിലവഴിച്ചു. അതും തീർന്നപ്പോൾ അദ്ദേഹം പണത്തിനായി ഭിക്ഷയെടുക്കാൻ തുടങ്ങി. അതും കഴിഞ്ഞപ്പോൾ, വിശുദ്ധൻ ഒരു അത്ഭുതത്തിനായി ദൈവത്തോട് അപേക്ഷിച്ചു. പ്രാർത്ഥനയ്ക്ക് ഉത്തരമെന്നോണം പരിശുദ്ധ കന്യക വിശുദ്ധന് പ്രത്യക്ഷപ്പെടുകയും അടിമകളെ മോചിപ്പിക്കാൻ വേണ്ടി സമർപ്പിതമായ ഒരു സന്യാസ സഭ സ്ഥാപിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. ഓർഡർ ഓഫ് മെഴ്‌സിയുടെ ഉത്ഭവം ഇങ്ങനെയായിരുന്നു. ദൈവത്തിന്റെ കരുണയുടെ പ്രതിനിധികളായി ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇന്നും മെഴ്‌സിഡേറിയൻ സന്യാസികൾ പ്രവർത്തിക്കുന്നുണ്ട്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.