“നഗരത്തിൽ വിശ്വാസികൾ ഉള്ളിടത്തോളം കാലം ഞാൻ അവരോടൊപ്പം ഉണ്ടായിരിക്കും” – ഖാർക്കീവിൽ നിന്നൊരു ബിഷപ്പ്

“നഗരത്തിൽ വിശ്വാസികൾ ഉള്ളിടത്തോളം കാലം ഞാൻ അവരോടൊപ്പമുണ്ടാകും. ദൈവവും എന്റെ വിശ്വാസവും എനിക്ക് അതിനുള്ള ശക്തി നൽകും” – യുദ്ധം തുടങ്ങിയിട്ട് രണ്ട് മാസം പിന്നിടുമ്പോൾ ഉക്രൈനിലെ ഖാർക്കീവ്-സപ്പോറിയ ബിഷപ്പ് പാവ്‌ലോ ഹോഞ്ചറുക്കിന്റെ വാക്കുകളാണിത്.

കിഴക്കൻ, തെക്കൻ ഉക്രൈനിലാണ് റഷ്യൻ ആക്രമണങ്ങൾ കൂടുതലായി നടന്നിട്ടുള്ളത്. റഷ്യൻ അതിർത്തിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ഖാർക്കീവ്, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമാണ്. സമീപ ആഴ്ചകളിൽ നടന്ന ബോംബാക്രമണത്തിന്റെ ലക്ഷ്യമായിരുന്നു നഗരത്തിലെ വ്യവസായിക മേഖല. ആക്രമണത്തിൽ കുറഞ്ഞത് പത്തു പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ, നിരവധി കെട്ടിടങ്ങൾ നശിപ്പിക്കുകയും ചെയ്തു. നഗരത്തിലെ സാഹചര്യം ഞെട്ടലും വേദനയും ഉളവാക്കുന്നതാണെന്നും കുട്ടികൾ, പ്രായമായവർ, വികലാംഗർ എന്നിവർ ഒളിച്ചിരിക്കുന്നത് കാണുന്നത് വേദനാജനകമാണെന്നും വെളിപ്പെടുത്തി.

“അഞ്ചു വയസ്സുള്ള ഒരു പെൺകുട്ടി തെരുവിൽ തന്റെ പ്രിയപ്പെട്ട ആരുടെയോ മൃതദേഹത്തിനു മുന്നിൽ പരിഭ്രാന്തയായി നിൽക്കുന്ന കാഴ്ച അത്യന്തം ഹൃദയഭേദകമായിരുന്നു. ഇവിടെയുള്ള സെറ്റിൽമെന്റ് ഏറ്റവും ജനസാന്ദ്രതയുള്ള ഭാഗങ്ങളിലൊന്നായിരുന്നു. എന്നാൽ ആ നഗരം ഇന്ന് നിശബ്ദവും ശൂന്യവുമാണ്. നിരന്തരം ഇവിടെ നിന്നും കേൾക്കുന്ന ശബ്ദം സ്ഫോടനങ്ങളുടേതും വെടിയൊച്ചയും മാത്രം” – ബിഷപ്പ് പറയുന്നു.

ഇപ്പോൾ ദൈവാലയങ്ങൾ പോലും സുരക്ഷിതമായ സ്ഥലമല്ല. ഈ സാഹചര്യത്തിനിടയിലും ദൈനംദിന വിശുദ്ധ കുർബാനക്ക് യാതൊരു മുടക്കവും വരുത്തുന്നില്ല. മാത്രമല്ല, മിക്ക ദിവസങ്ങളിലും ഇവർ ബങ്കറുകളിൽ ഒളിച്ചുതാമസിക്കുന്ന ആളുകളുടെ അടുത്തേക്ക് സഹായവുമായി എത്താൻ ശ്രമിക്കുന്നു. ആളുകളെ അവർ ഒളിച്ചു താമസിക്കുന്ന ഇടങ്ങളിൽ ചെന്ന് ആശ്വസിപ്പിക്കുന്നു. ചെറിയ കുട്ടികളെയും അമ്മമാരെയും സുരക്ഷിതസ്ഥാനങ്ങളിലേക്കു കൊണ്ടുപോകുമ്പോൾ, അവരുടെ പിതാവും മുതിർന്ന കുട്ടികളും അവരുടെ വീടും രാജ്യവും സംരക്ഷിക്കാൻ നിലകൊള്ളുന്നുവെന്ന് ബിഷപ്പ് വെളിപ്പെടുത്തി.

“ഞങ്ങൾ വൈദികർക്ക് പ്രതിരോധിക്കാൻ ആയുധങ്ങളില്ല. ഞങ്ങളുടെ ആയുധങ്ങൾ ദൈവവചനവും പ്രാർത്ഥനയുമാണ്” – അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.