വചനം സംസാരിക്കും വണ്ടർ കിഡ്സ്; ഇത് സ്വർഗ്ഗം താണിറങ്ങിയ കുടുംബകഥ

സുനീഷ വി.എഫ്.

“കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല…” എയ്ഡനും ഓസ്റ്റിനും പറഞ്ഞുതുടങ്ങുകയാണ്. ബൈബിളിലെ, സങ്കീർത്തനം 23-ാം അധ്യായം മുഴുവനും ഇംഗ്ലീഷിൽ ഈ പതിമൂന്നു വയസുകാർ ഒരുമിച്ച് ഒരേ സ്വരത്തിൽ ചൊല്ലുകയാണ്. നിറഞ്ഞ മനസോടെ അവരുടെ അടുക്കൽ നിൽക്കുന്ന മാതാപിതാക്കളായ സുനിലും ജുബിയും അപ്പോൾ ദൈവത്തിന് നന്ദി പറയുകയായിരുന്നു. എന്തിനെന്നോ? ദൈവത്തിന്റെ സ്വന്തമായ ഈ മക്കളെ തങ്ങൾക്ക് നൽകിയതിന്.

എന്താണ് ഇവർക്കിത്ര പ്രത്യേകത എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. തീർച്ചയായും ഇവർ വളരെയേറെ പ്രത്യേകതകൾ നിറഞ്ഞവരാണ്. പരീക്ഷയിലെ രണ്ടു മാർക്കിന്റെ ചോദ്യമാണ് ഇതെങ്കിൽ, ‘എയ്ഡനും ഓസ്റ്റിനും ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട രണ്ടു മക്കളാണ്’ എന്നതായിരിക്കും ഇതിന്റെ ഉത്തരം. ഈ ഉത്തരത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന എല്ലാ കുഞ്ഞുചോദ്യങ്ങൾക്കും മറുപടിയായി ലൈഫ് ഡേയ്‌ക്കൊപ്പം ചേരുകയാണ് ഈ ‘വണ്ടർ കിഡ്സി’ന്റെ മാതാപിതാക്കളായ സുനിലും ജുബിയും.

ഇവർ പറയുന്നത് നമുക്ക് മനസിലാകണമെങ്കിൽ ഓസ്റ്റിനെയും എയ്ഡനെയും നമ്മൾ കൂടുതൽ പരിചയപ്പെടണം. അഞ്ചു ലക്ഷത്തിൽ ഒരാൾക്കു മാത്രം കാണപ്പെടുന്ന ജനിതകവൈകല്യവുമായാണ് ഈ കുഞ്ഞുങ്ങൾ ജനിച്ചത്. ലോവ് സിൻഡ്രോം (Lowe Syndrome) എന്നറിയപ്പെടുന്ന ഈ അസുഖത്തിന്റെ പരിണിതഫലമെന്നു പറയുന്നത് ബുദ്ധി, കാഴ്ച, ശാരീരിക വളർച്ച എന്നിവയുടെ കുറവാണ്. ജനിതകഘടനയിലെ OCRL എന്ന ജീനിലെ എട്ടാമത്തെ ക്രോമസോമിന് സംഭവിച്ച തകരാറാണ് ഈ രോഗാവസ്ഥക്കു കാരണം. എന്നാൽ ഈ കുറവുകൾക്കു നടുവിലും ദൈവം എയ്ഡനും ഓസ്റ്റിനും നിറവുകൾ അധികമായി നൽകിയിട്ടുണ്ട്.

പതിമൂന്നു വയസിന്റെ ശാരീരിക-ബൗദ്ധികവളർച്ച ഇല്ലെങ്കിലും ഈ രണ്ടു കുഞ്ഞുങ്ങളുടെയും ആത്മീയവളർച്ച എല്ലാത്തരത്തിലും വളർന്ന നമ്മുടേതിൽ നിന്നുമൊക്കെ അനേകായിരം ഇരട്ടിയാണ്. അഞ്ചു വാക്കുകൾ കൂട്ടിച്ചേർത്ത് ഒരു വാക്യം പോലും പറയാനുള്ള കഴിവ് ഓസ്റ്റിനും എയ്ഡനും ഇല്ല. ചോദിക്കുന്ന ചോദ്യങ്ങൾക്കൊക്കെ രണ്ടോ, മൂന്നോ വാക്കുകളിൽ ഉത്തരം ഒതുക്കുന്ന ഇവർ ഇന്ന് നൂറോളം ബൈബിൾ വാക്യങ്ങളും അനേകം പ്രാർത്ഥനകളും ബൈബിളിലെ പുസ്തകങ്ങളുടെ പേരുകൾ ക്രമം തെറ്റാതെയും കൃത്യമായി പറയും; അതും മലയാളത്തിലും ഇംഗ്ലീഷിലും. കൂടാതെ, ചെറിയ പാട്ടുകളും സുകൃതജപങ്ങളുമടക്കം ഒരുപാട് കാര്യങ്ങൾ രണ്ടു കുഞ്ഞുമനസുകളിൽ ദൈവം ഈ മാതാപിതാക്കളിലൂടെ എഴുതിച്ചേർത്തുകൊണ്ടിരിക്കുകയാണ്.

ഈ അസുഖമുള്ളവരിൽ ഒരു ഭാഷ തന്നെ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളപ്പോൾ എങ്ങനെ രണ്ടു ഭാഷകൾ ഇവർ ഉപയോഗിക്കുന്നു? ഉത്തരമായി സുനിലിനും ജുബിയ്ക്കും ഒന്നേ പറയാനുള്ളൂ. ‘ഈശോയാണ് അവരെ പഠിപ്പിക്കുന്നത്!’ തളർന്നുപോകമായിരുന്ന സാഹചര്യങ്ങൾ ഏറെയായിരുന്നെങ്കിലും ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കളായ ഇവരുടെ ആത്മസമർപ്പണവും പ്രാർത്ഥനയും വളരെ വലുതാണ്.

ദൈവം തിരഞ്ഞെടുത്തവർ

വയനാട്ടിലെ കൽപ്പറ്റ ഡി പോൾ ഇടവകയിലെ പുത്തൻപുരയ്‌ക്കൽ ജോണിന്റെയും ജോളിയുടെയും മകനായ സുനിൽ ജോൺ, മുള്ളൻകൊല്ലി ഇടവകയിലെ ഉണ്ണിപ്പള്ളി മാത്യു – ട്രീസ ദമ്പതികളുടെ മകളായ ജുബിയെ വിവാഹം കഴിക്കുമ്പോൾ സ്വർഗ്ഗത്തിൽ ഒരു വലിയ പദ്ധതി നടക്കുകയായിരുന്നു. എന്താണെന്നോ? സ്വർഗ്ഗത്തിലിരിക്കുന്ന രണ്ടു മാലാഖമാർക്ക് ഭൂമിയിൽ വരണമത്രേ. ഭൂമിയിലെത്തുന്ന മാലാഖമാർ തിരികെ സ്വർഗത്തിലെത്തുമ്പോൾ ദൈവത്തിന് അവരെ തിരികെ മാലാഖമാരുടെ ഗണത്തിലേക്കു തന്നെ ചേർക്കുകയും വേണം. അതിനായി ഈ ഭൂമിയിൽ അവർ ഏറ്റവും നിഷ്കളങ്കരായി, തിന്മയേശാത്തവരായി ജീവിക്കേണ്ടത് ദൈവത്തിന്റെ ആവശ്യമാണ്. കളങ്കമില്ലാത്തവരായി അവർ ജീവിക്കണമെങ്കിൽ ഈ ലോകത്തിന്റേതായതൊന്നും അവർ ഉൾക്കൊള്ളാൻ പാടില്ല. ദൈവം നോക്കിയപ്പോൾ ആ മാലാഖമാരെ ഏൽപിക്കാൻ പറ്റിയ ഏറ്റവും യോഗ്യരായ രണ്ടു പേരെ കണ്ടു; സുനിലും ജുബിയും. അങ്ങനെയാകാം എയ്ഡനെയും ഓസ്റ്റിനെയും ദൈവം അവർക്ക് മക്കളായി നൽകുന്നത്.

സിംഗപ്പൂരിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുകയായിരുന്ന സുനിൽ, വിവാഹം കഴിഞ്ഞ ശേഷം ജുബിയെയും ഒപ്പം കൂട്ടി. ജുബിയും സിംഗപ്പൂരിൽ ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലിയിൽ പ്രവേശിച്ചു. മാസങ്ങൾ പിന്നിട്ടപ്പോൾ തങ്ങൾക്കൊരു കുഞ്ഞു ജനിക്കാൻ പോകുന്നു എന്ന സന്തോഷവാർത്ത ഇരുവരും നാട്ടിലുള്ള തങ്ങളുടെ മാതാപിതാക്കളെ വിളിച്ചറിയിച്ചു.

സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ദിനങ്ങൾ. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ ജുബി ജോലി തുടർന്നു. ആദ്യത്തെ സ്കാനിനിങ്ങിലാണ് ജുബിയുടെ ഉള്ളിൽ രണ്ടു കുഞ്ഞുങ്ങളാണുള്ളതെന്നു മനസിലായത്. ഇരട്ടിസന്തോഷവും അതിലേറെ വലിയ പ്രതീക്ഷയും. പതിവ് ചെക്കപ്പുകളിലും തുടർന്നുള്ള സ്കാനിങ്ങുകളിലുമൊന്നും അമ്മക്കോ, കുഞ്ഞുങ്ങൾക്കോ യാതൊരു പ്രശ്‍നങ്ങളും ഇല്ലായിരുന്നു. ഇനിയുള്ളത് ജുബിയുടെ വാക്കുകളിലൂടെ വായിക്കാം.

ഏഴാം മാസത്തിൽ ഞാൻ തിരികെ നാട്ടിലേക്കു പോന്നു. ഡെലിവറി കഴിഞ്ഞു കുഞ്ഞുങ്ങളെയും കൊണ്ട് മാതാപിതാക്കളെയും കൂട്ടി സിംഗപ്പൂരിന് പോകാനായിരുന്നു പ്ലാൻ. അങ്ങനെ 2009 ജൂൺ ഏഴിന് ദൈവത്തിന്റെ മാലാഖാമാരായ ഓസ്റ്റിനും എയ്ഡനും ജനിച്ചു. ആദ്യത്തെ ഒരു മാസം കഴിഞ്ഞപ്പോഴാണ് രണ്ടു കുഞ്ഞുങ്ങളുടെയും കണ്ണിൽ വെളുത്ത പാട പോലെ ഒരു ആവരണം കാണപ്പെടുന്നത്. സത്യത്തിൽ സുനിൽ ആ സമയത്ത് ജുബിയെയും മക്കളെയും മാതാപിതാക്കളെയും ഇന്ത്യയിൽ നിന്നും സിംഗപ്പൂരിലേക്ക് തിരികെ കൊണ്ടുവരാനായി തയ്യാറെടുക്കുകയായിരുന്നു. രാത്രിയിലാണ് ഫ്ലൈറ്റ്.

കുഞ്ഞുങ്ങളുടെ കണ്ണിൽ വെളുത്ത പാട കണ്ടതിനാൽ ഉച്ചയായപ്പോഴേക്കും മക്കളെ ഡോക്ടറെ കാണിച്ചു. ഡോക്ടർ പറഞ്ഞത് അവർക്ക് കണ്ണുകളിൽ തിമിരം ആണെന്നായിരുന്നു. പ്രായമാകുന്നവരിൽ മാത്രം കണ്ടുവരുന്ന ഈ പ്രശ്നം നവജാത ശിശുക്കൾക്ക് എങ്ങനെ വന്നു എന്നോർത്ത് ഞങ്ങൾ ശരിക്കും അത്ഭുതപ്പെട്ടു. എങ്കിലും കുഞ്ഞുങ്ങളുടെ ഈ അവസ്ഥയിൽ വലിയ വിഷമം തോന്നി. കാഴ്ച തിരികെ കിട്ടണമെങ്കിൽ സർജറി ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

“രാത്രിയിലെ ഫ്ലൈറ്റിൽ നാട്ടിലേക്ക് മടങ്ങാനിരുന്ന എന്റെ കണ്ണുകളിലും മനസിലും ഇരുട്ട് കയറി. നവജാത ശിശുക്കൾക്ക് ഇത്തരത്തിലുള്ള സർജറി ചെയ്യുന്നത് അന്ന് ഇന്ത്യയിൽ ഒരിടത്തു മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിംഗപ്പൂരിലെ ചികിത്സ കൂടുതൽ മെച്ചപ്പെട്ടതായതുകൊണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് വീണ്ടും അവിടേക്കു തന്നെ തിരികെ പോകാൻ ഞാൻ തീരുമാനിച്ചു” – സുനിൽ പറയുന്നു.

സിംഗപ്പൂരിൽ പെർമനന്റ് റസിഡൻസി (PR) ഉണ്ടായിരുന്നതിനാൽ വളരെ പെട്ടെന്നു തന്നെ അവിടേക്ക് തിരികെ പോകാൻ സാധിച്ചു. എന്നാൽ അവിടെ ചെന്നപ്പോഴാണ് സ്ഥിതിഗതികൾ മാറിയത്. ആരോഗ്യസംവിധാനങ്ങൾ മികച്ചതാണെങ്കിലും ചികിത്സാച്ചെലവ് ഇന്ത്യയിലേതിനേക്കാൾ നാലിരട്ടി കൂടുതലാണ് അവിടെ. കുട്ടികൾക്ക് കാഴ്ച നേരെയാകണമെങ്കിൽ സർജറി ഇല്ലാതെ പറ്റുകയുമില്ല. അങ്ങനെ ജുബിയും മാതാപിതാക്കളും ഇന്ത്യയിലേക്ക് തിരികെ വരികയും കോയമ്പത്തൂരിലുള്ള ശങ്കര ഐ ഹോസ്പിറ്റലിൽ വച്ച് സർജറി ചെയ്യുകയും ചെയ്തു. എങ്കിലും കുഞ്ഞുങ്ങൾക്ക് 70 % കാഴ്ച മാത്രമേ തിരികെ ലഭിച്ചുള്ളൂ.

സാധാരണ കാഴ്ചയ്ക്ക് അത്രയും മതിയെങ്കിലും അവർക്കിത് സംഭവിക്കണമെങ്കിൽ എന്തെങ്കിലും കാരണം ഉണ്ടാകുമെന്ന് ജുബിക്കും സുനിലിനും തോന്നി. ജുബിയുടെ ലീവ് അവസാനിക്കാറായതിനാൽ വീണ്ടും കുഞ്ഞുങ്ങളുമായി സിംഗപ്പൂരിൽ തിരികെയെത്തി ജോലിയിൽ പ്രവേശിച്ചു. ജോലിയിൽ പ്രവേശിച്ചെങ്കിലും കുഞ്ഞുങ്ങളെ വിവിധ ആശുപത്രികളിൽ കാണിക്കുന്നുണ്ടായിരുന്നു. വിശദമായ പഠനങ്ങൾക്കും അവലോകനത്തിനും ശേഷമാണ് ഡോക്ടർമാർ  ലോവ് സിൻഡ്രോമിന്റെ ലക്ഷണങ്ങളാണ് കുട്ടികൾക്കുള്ളതെന്ന് സ്ഥിരീകരിക്കുന്നത്. പ്രായത്തിനനുസരിച്ചുള്ള വളർച്ച മക്കൾക്കുണ്ടാകില്ല എന്ന്  മനസിലാക്കിയ ആ മാതാപിതാക്കളും കുടുംബാംഗങ്ങളും തകർന്നുപോയി.

“ആദ്യമൊക്കെ ദൈവത്തോട് പരാതിയായിരുന്നു. എന്തിനിത് ഞങ്ങളോട് ചെയ്തു എന്നോർത്ത്. എങ്കിലും പിന്നീട് ഞങ്ങളെല്ലാവരും ഈ സത്യം അംഗീകരിച്ചു. കാരണം അഡ്വാൻസ്ഡ് ആയ ചികിത്സാസംവിധാനങ്ങൾ ഉണ്ടായിട്ടുപോലും മക്കൾക്ക് ഇങ്ങനെയൊരു കുഴപ്പമുള്ളതായി സ്കാനിങ്ങിലോ, മറ്റു പരിശോധനകളിലോ ഒന്നും കണ്ടുപിടിക്കാൻ സാധിച്ചില്ല. ‘നോർമൽ’ എന്ന റിസൾട്ട് മാത്രമായിരുന്നു എല്ലാ പരിശോധനകളിലും ഉണ്ടായിരുന്നത്. ഇതിലും എത്രയോ ചെറിയ പ്രശ്നങ്ങൾ പോലും ഗർഭാവസ്ഥയിൽ തന്നെ കണ്ടുപിടിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ ഇത് ദൈവം ഞങ്ങൾക്കായി മാത്രം അനുവദിച്ചുതന്ന ഒന്നാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. എങ്കിലും മാതാപിതാക്കൾ എന്ന നിലയിൽ ഞങ്ങൾക്കുണ്ടായിരുന്ന എല്ലാ പ്രതീക്ഷകളും മങ്ങിമറഞ്ഞിരുന്നു” – ജുബി ആദ്യനാളുകളിലെ തങ്ങളുടെ അനുഭവം ഓർമ്മിക്കുകയാണ്.

“സാധാരണ, മാതാപിതാക്കൾ പുറത്തുപോയി വന്നാൽ അവരെ കാണുമ്പോൾ കുഞ്ഞുങ്ങൾ ഏതെങ്കിലുമൊക്കെ വിധത്തിൽ അവരുടെ സന്തോഷം പ്രകടിപ്പിക്കും. എന്നാൽ ഇവർ ഒരിക്കൽപ്പോലും ഞങ്ങളെ തിരിച്ചറിഞ്ഞില്ല. എന്തെങ്കിലും അത്ഭുതങ്ങൾ സംഭവിക്കുമെന്നൊക്കെ പ്രതീക്ഷിച്ചുകൊണ്ടാണ് ഞങ്ങൾ ജോലി കഴിഞ്ഞു എന്നും മടങ്ങിയെത്തുക. പക്ഷേ ഒരിക്കൽപ്പോലും ഞങ്ങളുടെ ആഗ്രഹവും പ്രാർത്ഥനയും നടന്നില്ല. അവർ വെറും പാവക്കുട്ടികളെപ്പോലെ അനക്കമില്ലാതെ കിടന്നു. മാത്രമല്ല, ജോലിയുടെ ഭാരവും കുഞ്ഞുങ്ങളുടെ ഈ അവസ്ഥയും മനസിന് നൽകിയ സമ്മർദ്ദം തീരെ ചെറുതൊന്നുമായിരുന്നില്ല. എന്തിനു വേണ്ടിയാണ് ജീവിക്കുന്നതെന്നു പോലും പല തവണ മനസിൽ വന്നിരുന്നു” – സുനിൽ കടന്നുപോയ അവസ്ഥകളെ ലൈഫ് ഡേയ്ക്കു വേണ്ടി പങ്കുവയ്ക്കുകയാണ്.

രണ്ടു വയസായിട്ടും സംസാരിക്കാതെ, തനിയെ എഴുന്നേറ്റ്  ഇരിക്കുകയോ, നടക്കുകയോ ചെയ്യാതെ ഓസ്റ്റിനും എയ്ഡനും വളരാതെ വളർന്നു. ഇതിനിടയിലും പ്രതീക്ഷ കൈവിടാതെ സുനിലും ജുബിയും ചികിത്സകൾ തുടർന്നു. തങ്ങളുടെ പൊന്നോമനകൾ എന്തെങ്കിലുമൊരു ശബ്ദമുണ്ടാക്കിയിരുന്നെങ്കിൽ എന്നു കൊതിച്ച നാളുകളുണ്ടായിട്ടുണ്ട്. എന്തെങ്കിലുമൊക്കെ ഇവരിൽ നിന്ന് കേൾക്കാൻ മണിക്കൂറുകൾ കാതോർത്തു നിന്ന അനുഭവങ്ങളുമുണ്ട്. എങ്കിലും അവയൊക്കെയും വ്യർത്ഥമായിരുന്നു എന്ന് അവർ മനസിലാക്കുകയായിരുന്നു. കണ്ണീരും പ്രാർത്ഥനയും ചികിത്സയുമായി അവർ മുൻപോട്ടു പോയി. അത്തരം അവസരങ്ങളിൽ രണ്ടു പേരുടെയും മാതാപിതാക്കൾ വലിയ പിന്തുണയും കരുത്തുമായിരുന്നു എന്ന് സുനിലും ജുബിയും ഒരേ സ്വരത്തിൽ പറയുന്നു.

“ചിലപ്പോഴൊക്കെ സ്വയം ധൈര്യം ആർജ്ജിച്ചാലും കൂടെയുള്ളവർ തളരുന്നതു കാണുമ്പോൾ നമ്മുടെ ഉള്ള കരുത്തു കൂടി നഷ്ടമാകും. എന്നാൽ ഞങ്ങളുടെ രണ്ടു പേരുടെയും മാതാപിതാക്കൾ ഞങ്ങൾക്ക് വലിയ ബലമായിരുന്നു” – ഇരുവരും പറയുന്നു.

നിരന്തരമായ പരിശ്രമത്തിനൊടുവിൽ മക്കൾ രണ്ടു പേരും മൂന്നു വയസുള്ളപ്പോൾ, സുനിലിനെ ആദ്യമായി ‘അച്ചച്ചൻ’ എന്ന് വിളിച്ചു. പിന്നീട് ജുബിയെ ‘അമ്മ’ എന്നും വിളിച്ചു. സങ്കടം കൊണ്ട് കരഞ്ഞിരുന്ന ജുബിയും സുനിലും മൂന്നു വർഷത്തിനു ശേഷം ആദ്യമായി ആനന്ദക്കണ്ണീർ പൊഴിച്ചു. സംസാരിച്ചു തുടങ്ങിയപ്പോഴേക്കും മക്കളെ രണ്ടു പേരെയും സ്പീച്ച് തെറാപ്പിസ്റ്റിന്റെ അടുക്കൽ കൊണ്ടുപോകാൻ തുടങ്ങി. ഏകദേശം 50 വാക്കുകൾ വരെ അവർ പഠിച്ചു. സിംഗപ്പൂരിൽ ആയതുകൊണ്ട് പഠിച്ചതെല്ലാം ഇംഗ്ലീഷ് വാക്കുകളായിരുന്നു. ശേഷം നാട്ടിൽ വന്ന് ചികിത്സ തുടരാമെന്ന് അവർ തീരുമാനിച്ചു. അങ്ങനെ ജുബിയും മക്കളും മാതാപിതാക്കളും തിരികെയെത്തി.

പിന്നീട് മൈസൂരിലായിരുന്നു ചികിത്സ. അവിടെ രണ്ടര വർഷത്തോളം ജുബിയും സുനിലിന്റെ അമ്മയും മക്കളുടെ കൂടെ താമസിച്ചു. അതിനിടയിൽ അവിടെത്തന്നെയുള്ള ലോറെൻസ് മോണ്ടിസോറി സ്കൂളിൽ ചേർത്തു. സാധാരണ കുട്ടികളോടൊപ്പം എയ്ഡനും ഓസ്റ്റിനും പഠിച്ചു. എങ്കിലും അവർ എഴുതാൻ തുടങ്ങിയിട്ടില്ലായിരുന്നു. കുട്ടികൾക്ക് അസാധാരണ ഓർമ്മശക്തി നൽകി ദൈവം അനുഗ്രഹിച്ചിട്ടുണ്ടെന്ന് ഈ കാലയളവിൽ ജുബി മനസ്സിലാക്കി.

“കർത്താവ് നിന്റെ പുത്രരെ പഠിപ്പിക്കും”

“സ്‌കൂളിലൊക്കെ ചേർത്തെങ്കിലും ഇവരെ എങ്ങനെ പഠിപ്പിക്കുമെന്ന ആശങ്ക എനിക്കുണ്ടായിരുന്നു. എങ്കിലും ഈശോ എല്ലാത്തിനും ശക്തി തരുമെന്ന് ഉറച്ചുവിശ്വസിച്ചു.” മുൻപ് എപ്പോഴോ യു ട്യൂബിൽ കേട്ട വചനപ്രഘോഷണത്തിൽ, ഏശയ്യാ 54-ആം അധ്യായം 13-ആം വാക്യം ജുബിയുടെ മനസിൽ ഉണ്ടായിരുന്നു. മക്കളെ പഠിപ്പിക്കുന്ന കാര്യത്തിൽ വിഷമിച്ച് പ്രാർത്ഥിച്ച അവസരങ്ങളിലെല്ലാം ഈ വചനം ജുബിയുടെ മനസിലേക്ക് ഓടിയെത്തി – “കർത്താവ് നിന്റെ പുത്രരെ പഠിപ്പിക്കും.”

“എന്തുകൊണ്ട് കർത്താവ് നിന്റെ പുത്രൻ അല്ലെങ്കിൽ പുത്രിയെ പഠിപ്പിക്കും എന്നു പറയാതെ ‘പുത്രർ’ എന്ന് ബൈബിളിൽ കൃത്യമായി പറഞ്ഞിരിക്കുന്നു? ഈ വചനം എനിക്ക് വലിയ ആത്മവിശ്വാസമാണ് പകർന്നത്. അവിടുന്ന് അവരെ പഠിപ്പിക്കും എന്ന് ഞാൻ ഉറച്ചുവിശ്വസിച്ചു.”  ഇത് പറയുമ്പോൾ ജുബിയുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു.

വചനം സത്യമാണ്. അത് അവരുടെ ജീവിതത്തിൽ പൂർത്തീകരിക്കുകയും ചെയ്തു. ജുബി എന്ത് പറഞ്ഞുകൊടുത്താലും മൂന്നു തവണ പറഞ്ഞുകഴിയുമ്പോഴേക്കും എയ്ഡനും ഓസ്റ്റിനും അത് മനഃപാഠമാക്കിയിരിക്കും. ഇത്തരത്തിലുള്ള കുഞ്ഞുങ്ങൾക്ക് കൺഫ്യൂഷൻ ഉണ്ടാകാതിരിക്കാനായി ഒരു ഭാഷ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. എന്നാൽ എയ്ഡന്റെയും ഓസ്റ്റിന്റെയും കാര്യത്തിൽ ജുബി അല്പം കൂടി റിസ്ക് എടുക്കാൻ തീരുമാനിച്ചു. സിംഗപ്പൂരിൽ ആയിരുന്നതുകൊണ്ട് അവർ ഏറ്റവും കൂടുതൽ കേട്ട ഭാഷ ഇംഗ്ലീഷ് ആയിരുന്നു. അതുപോലെ തന്നെ അവർ പഠിച്ച വാക്കുകളുടെ ഉച്ചാരണവും (accent) വളരെ ഭംഗിയായിരുന്നു. അതിനാൽ ജുബി ആദ്യം അവരെ പഠിപ്പിച്ചത്, സങ്കീർത്തനങ്ങൾ 23-ആം അധ്യായമാണ്; അതും ഇംഗ്ലീഷിൽ. പിന്നീട് സ്കൂൾ ആനിവേഴ്സറിക്ക് പ്രാർത്ഥനാഗാനം കഴിഞ്ഞ് എയ്ഡനും ഓസ്റ്റിനും നിറഞ്ഞ സദസ്സിനു മുൻപിൽ ഈ സങ്കീർത്തനഭാഗം പറയുകയുണ്ടായി.

“അവരുടെ അടുക്കൽ നിന്നും ഒരു വാക്ക് കേൾക്കാൻ കൊതിച്ച ഞങ്ങൾക്ക് അത് വലിയ സന്തോഷവും പ്രതീക്ഷയും നൽകിയ ഒരു കാര്യമായിരുന്നു. അതിനാൽ തന്നെ ഇതുപോലുള്ള ബൈബിൾ വാക്യങ്ങൾ അവരെ പഠിപ്പിക്കാൻ തുടങ്ങി. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ അവർക്ക് നടക്കാൻ പോകണമെന്നത് വലിയ നിർബന്ധമുള്ള കാര്യമാണ്. ആ സമയങ്ങളിൽ ഞാൻ വചനങ്ങൾ അവർക്ക് പറഞ്ഞുകൊടുക്കാൻ തുടങ്ങി. അവർ അത് ആവർത്തിക്കും. അങ്ങനെ കഴിഞ്ഞ വർഷം ജപമാല മാസത്തിൽ ഓരോ ദിവസവും ഒരു ബൈബിൾ വാക്യം വച്ച് അവരെ പഠിപ്പിച്ചു. ക്രിസ്തുമസിന് മുന്നോടിയായി 25 സുകൃതജപങ്ങളും അവരെ പഠിപ്പിക്കാൻ സാധിച്ചു. അക്കൂടെ തന്നെ വിവിധ പ്രാർത്ഥനകൾ മലയാളത്തിലും ഇംഗ്ലീഷിലും അവർ പഠിക്കുന്നുണ്ട്” – ജുബി സന്തോഷത്തോടെ പറയുന്നു.

“ഇതൊക്കെ ഉണ്ടെങ്കിലും അവരുടെ ‘ടോയ്‌ലറ്റ് ട്രെയിനിങ്’ ഒന്നും ശരിയായി നടത്താൻ സാധിച്ചിട്ടില്ല. ഒരു പ്രായം കഴിയുമ്പോൾ കുട്ടികൾക്ക് ഇത്തരം കാര്യങ്ങളിൽ പ്രകൃത്യാ തന്നെ നിയന്ത്രണങ്ങൾ ഉണ്ടാകും. എന്നാൽ ഇവർക്ക് അതൊക്കെ ഒരുപാട് താമസിച്ചായിരുന്നു സംഭവിച്ചത്. രണ്ടു പേരും നിന്ന നിൽപ്പിൽ തന്നെ ഈ കാര്യങ്ങൾ ചെയ്യുമായിരുന്നു; പ്രത്യേകിച്ച് സമയമൊന്നുമില്ലാതെ. വീടിന്റെ ഏതു ഭാഗത്തും അവർ ടോയ്‌ലറ്റ് കാര്യങ്ങൾ സാധിക്കും. പുറത്തു നിന്ന് ആരെയെങ്കിലും വീട്ടിലേക്ക് വിളിക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥയായിരുന്നു ആ കാലഘട്ടങ്ങളിൽ ഉണ്ടായിരുന്നത്. വർഷങ്ങളെടുത്തു ഇക്കാര്യങ്ങൾ ഒന്ന് നോർമൽ ആകാൻ. പക്ഷേ ആ കാലയളവ് കൊണ്ട് ക്ഷമ എന്ന പുണ്യത്തെ അതിന്റെ ഏറ്റവും ഉന്നതിയിൽ സ്വായത്തമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഒരിക്കൽപ്പോലും ഒരു കാര്യത്തിലും ഞങ്ങൾക്ക് അവരോട് ദേഷ്യപ്പെടാൻ കഴിയില്ലല്ലോ. ഇപ്പോൾ അക്കാര്യങ്ങളൊക്കെ ശരിയായെങ്കിലും ഒരു കാലഘട്ടത്തിൽ പലപ്പോഴും, ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്ന് തോന്നിയ നിരവധി നിമിഷങ്ങളുമുണ്ടായിട്ടുണ്ട്.”

“നമ്മളെല്ലാവരും സാധാരണ മനുഷ്യരല്ലേ. എല്ലാ ബലഹീനതകൾക്കിടയിലും ജീവിക്കുന്ന സാധാരണ മനുഷ്യർ. എത്ര പ്രകോപനമുണ്ടായാലും ഞങ്ങൾക്ക് അത് ബാലൻസ് ചെയ്തേ മതിയാകൂ. എങ്കിലും കടന്നുവന്ന വഴികളോർക്കുമ്പോൾ ദൈവത്തിന്റെ പ്രത്യേക കരുതൽ എല്ലായിടത്തും എല്ലാ കാര്യങ്ങളിലുമുണ്ടെന്നു ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു” – സുനിൽ പറയുകയാണ്.

മക്കളുടെ വളർച്ചയിൽ ഒരു പിതാവിന്റെ സാന്നിധ്യവും സ്നേഹവും ഏറ്റവും ആവശ്യമാണ് അറിഞ്ഞ സുനിൽ പിന്നീട് സിംഗപ്പൂരിൽ നിന്നും ജോലി ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തി. എഞ്ചിനീയറിംഗ് ഡിപ്ലോമ കഴിഞ്ഞ ഒരാൾക്ക് ലഭിക്കാവുന്നതിലും വച്ച് ഏറ്റവും വലിയ ജോലിയും ശമ്പളവുമായിരുന്നു അത്. കഠിനാദ്ധ്വാനം നന്നായുണ്ടായിരുന്നെങ്കിലും കരിയറിന്റെ ഏറ്റവും മികച്ച ഒരു സമയത്തായിരുന്നു ഞാൻ എല്ലാം ഉപേക്ഷിച്ച്  അവിടെ നിന്നു പോന്നത്. പണത്തേക്കാളും ജോലിയെക്കാളുമുപരി കുടുംബത്തിനും മക്കൾക്കുമാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന് എനിക്കു തോന്നി. പിന്നെ കുറവുകളൊന്നും വരാതെ ദൈവം നോക്കിക്കൊള്ളും എന്ന വിശ്വാസത്തിൽ ഇവിടം വരെ എത്തി” – സുനിൽ പറയുന്നു.

മാനന്തവാടിയിൽ ഇലക്ട്രോണിക്സ് ഷോപ്പ് നടത്തുകയാണ് സുനിൽ ഇപ്പോൾ. എയ്ഡനും ഓസ്റ്റിനും ആറാം ക്ലസ്സിലാണ് പഠിക്കുന്നത്. മാനന്തവാടിക്കടുത്തുള്ള തോണിച്ചാൽ എമ്മാവൂസ് വില്ല സ്പെഷ്യൽ സ്‌കൂളിലാണ് ഇരുവരും പഠിക്കുന്നത്. രണ്ടു പേർക്കും ദിവ്യകാരുണ്യത്തോടും വിശുദ്ധ കുർബാനയോടും അഗാധമായ ഭക്തിയാണ്. എല്ലാ ദിവസവും പരിശുദ്ധ കുർബാനയിൽ പങ്കെടുക്കണമെന്ന് രണ്ടു പേർക്കും വലിയ നിർബന്ധമാണ്. കുർബാന മുഴുവനും ഹൃദിസ്ഥമാണ്‌ ഇവർക്ക്. പക്ഷേ, നമ്മൾ പങ്കെടുക്കുന്നതു പോലെയല്ല എന്നു മാത്രം. അവരെ കാണുമ്പോൾ നമ്മൾ വിചാരിക്കും അവർ ശ്രദ്ധിക്കുന്നേ ഇല്ല എന്ന്. എപ്പോഴും തലയാട്ടിക്കൊണ്ടോ, കൈകൾ വീശിക്കൊണ്ടോ ആയിരിക്കും അവർ നിൽക്കുക. എന്നാൽ അവരുടെ മനസ്  മുഴുവൻ വിശുദ്ധ കുർബാനയിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുക.

‘ഈശോ അപ്പം’ സ്വീകരിച്ചപ്പോൾ

സംസാരത്തിനിടയിൽ ഓസ്റ്റിൻ എന്തൊക്കെയോ വരയ്ക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപെട്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കാസയും വിശുദ്ധ കുർബാനയും വരച്ചുകൊണ്ടു വന്നു. “ഈശോ അപ്പം” എന്നാണ് അവർ വിശുദ്ധ കുർബാനയെ വിളിക്കുന്നത്.

“രണ്ടു പേരും ചിത്രം വരയ്ക്കും. എന്നാൽ അവരുടെ വരകളിൽ നിറഞ്ഞുനിൽക്കുന്നത് കാസയും പീലാസയും വിശുദ്ധ കുർബാനയും മാത്രമാണ്. ഇതല്ലാതെ മറ്റൊരു ചിത്രം അവർ ഇന്നുവരെ വരച്ചിട്ടില്ല. കഴിഞ്ഞ ദിവസം വൈദികൻ വിശുദ്ധ കുർബാന ഉയർത്തിനിൽക്കുന്ന ഒരു റ്റു ഡയമെൻഷനൽ ഇമേജ് (ദ്വിമാന ചിത്രം) വരച്ചുകൊണ്ടു വന്നു. വരയ്ക്കണമെന്നു തോന്നിയാൽ അപ്പോൾ പേനയും ബുക്കും എടുത്ത്  വരയ്ക്കാറാണ് പതിവ്” – ജുബി വെളിപ്പെടുത്തുന്നു. ഹൃദയത്തിന്റെ നിറവിൽ നിന്നാണ് അധരം സംസാരിക്കുന്നത് എന്ന് ലൂക്കാ സുവിശേഷകൻ സാക്ഷ്യപ്പെടുത്തിയതു പോലെ ഈശോയും വിശുദ്ധരും മാത്രമേ ഈ മാലാഖക്കുഞ്ഞുങ്ങളുടെ മനസിലുള്ളൂ!

ദിവ്യകാരുണ്യ ഭക്തി പോലെ തന്നെ ഇവർക്ക് ഇഷ്ടമുള്ള മറ്റൊരു കാര്യമാണ് പ്രകൃതി. “ഇവിടെ അകത്തിരുന്ന് എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്ന അവർ ചിലപ്പോഴൊക്കെ പെട്ടെന്ന് പൊട്ടിച്ചിരിക്കുന്നതു കേൾക്കാം. നമ്മൾ പുറത്തു പോയി ശ്രദ്ധിച്ചു നിന്നാൽ മാത്രം കേൾക്കുന്നയത്ര അകലത്തിൽ നിന്നുള്ള കിളികളുടെ ശബ്ദം കേട്ട് ചിരിക്കുന്നതാണ് അത്. നമ്മൾ കാണാത്ത, കേൾക്കാത്ത എത്രയോ കാര്യങ്ങൾ ഇവർ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്” – സുനിൽ പുഞ്ചിരിയോടെ പറയുന്നു.

ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിനം എന്നു പറയുന്നത് മക്കളുടെ ആദ്യ കുർബാന സ്വീകരണ ദിനമാണെന്ന് സുനിലും ജുബിയും പങ്കുവയ്ക്കുന്നു. പ്രാർത്ഥനകളെല്ലാം നേരത്തെ തന്നെ പഠിച്ചതിനാൽ ആദ്യകുർബാന സ്വീകരണത്തെക്കുറിച്ച് ഡി പോൾ ഇടവക വികാരിയോടു സംസാരിച്ചു. “ഇവർക്ക് പ്രാർത്ഥനകളെല്ലാം അറിയാമല്ലോ, ഇനിയും വൈകിക്കേണ്ട കാര്യമൊന്നുമില്ല എന്നാണ് അച്ചൻ അന്ന് പറഞ്ഞത്. പക്ഷേ, പള്ളിയിൽ കൊണ്ടുപോയാലും ഇവർ അടങ്ങിനിൽക്കുമോ എന്ന് സംശയമായിരുന്നു. എന്നിരുന്നാലും ആദ്യകുർബാന സ്വീകരണത്തിനായി ഞങ്ങൾ ഒരുങ്ങി. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഞങ്ങൾ അടുത്ത ബന്ധുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ഞങ്ങൾ വിളിക്കാതെ, പറയാതെ, കേട്ടറിഞ്ഞ ഞങ്ങളുമായി അടുത്ത ബന്ധമുള്ള നിരവധി അച്ചന്മാരും സിസ്റ്റർമാരും ആ ദിനത്തിൽ അവിടെ എത്തിച്ചേർന്നു. മാതാവിന്റെ പ്രത്യേക അനുഗ്രഹം പോലെ 2020 സെപ്റ്റംബർ എട്ടിനായിരുന്നു അത്. അങ്ങനെ വലിയ സന്തോഷത്തോടെ ഞങ്ങൾ പള്ളിയിലെത്തി. പള്ളിയുടെ അടുത്തു തന്നെയാണ് സ്‌കൂൾ. ഇവർ സ്‌കൂൾ ബസ് കണ്ട് അല്പം സന്തോഷഭരിതരായി. ഇത്തരം സന്ദർഭങ്ങളിൽ പിന്നെ പിടിച്ചാൽ ഒന്നും നിൽക്കില്ല. പള്ളിയിൽ അടങ്ങിനിൽക്കാനും അവർക്ക്  കഴിഞ്ഞില്ല. അതിനാൽ ദൈവാലയത്തിന്റെ നടുക്ക് ഞങ്ങൾ രണ്ടു പേരും മുട്ടുകുത്തി നിന്ന് അവർക്കു വേണ്ടി പ്രാർത്ഥനകളിൽ പങ്കെടുത്തു. ആ ദിനം ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. ഇവർ നേരെ നിൽക്കാത്തതുകൊണ്ട് ഒരു ഫോട്ടോ എടുക്കാൻ പോലും ഞങ്ങൾക്ക് അന്ന് പറ്റിയില്ല. എങ്കിലും അങ്ങനെയൊരു ദിനം അവർക്കും ഉണ്ടായല്ലോ എന്നോർത്ത് ദൈവത്തിനു നന്ദി പറയുന്നു” – ജുബി ചിരിക്കുകയാണ്.

ആദ്യകാലങ്ങളിൽ മറ്റുള്ളവർക്ക് ശല്യമാകുമോ എന്നു കരുതി പള്ളിയിൽ പോകുമെങ്കിലും മക്കളെയും കൊണ്ട് ജുബി പുറത്തും സെമിത്തേരിയുടെ സമീപത്തുമൊക്കെ നിന്നായിരുന്നു കുർബാനയിൽ പങ്കെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ അവർ മിടുക്കരായി പള്ളിയിൽ നിന്ന് വിശുദ്ധ കുർബാനയിൽ പങ്കെടുക്കും; ഒരുപക്ഷേ നമ്മളൊക്കെ പങ്കെടുക്കുന്നതിനേക്കാൾ ഭക്തിപൂർവ്വം!

മക്കൾ ദൈവവചനം പറയുന്നതുകൊണ്ടുള്ള ഏറ്റവും വലിയ അനുഗ്രഹമായി ഈ മാതാപിതാക്കൾ പറയുന്നത്, അവരുടെ ഒരു യാത്രകളിലും ഒരു അപകടവും വരാതെ ദൈവം കാത്തുസംരക്ഷിക്കുന്നു എന്നുള്ളതാണ്. “ഡ്രൈവിംഗ് എന്നത് എനിക്ക് ഒരു പേടിസ്വപ്നമായിരുന്നു. പേരിന് ഒരു ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നെങ്കിലും ഒരിക്കൽപ്പോലും ഡ്രൈവ് ചെയ്തിരുന്നില്ല. എന്നാൽ മക്കളെയും കൊണ്ട് യാത്ര ചെയ്യേണ്ടതായി വന്നപ്പോൾ മറ്റുള്ളവരെ എപ്പോഴും ആശ്രയിക്കേണ്ടതായി വന്നു. അപ്പോഴാണ് സ്വയം ഡ്രൈവ് ചെയ്യാൻ നിർബന്ധിതയാകുന്നത്. വയനാട്ടിൽ നിന്നും മൈസൂർ വരെ 140 കിലോമീറ്റർ ദൂരമുണ്ട്. ഞാൻ ഒറ്റയ്ക്ക് ഈ മക്കളെയും കൂട്ടി ഡ്രൈവ് ചെയ്ത് പോകാറുണ്ട്. കാറിൽ കയറിയാലുടൻ ഇവർ രണ്ടു പേരും വചനം പറഞ്ഞുകൊണ്ടേയിരിക്കും. വിവിധ ആശുപത്രികളിലേക്കായി എത്രയോ ദൂരയാത്രകൾ ഇവരെയും കൊണ്ട് നടത്തിയിട്ടുണ്ട്. ഇന്ന് ഈ നിമിഷം വരെയും ഒരു പോറൽ പോലുമേൽക്കാതെ ദൈവം ഞങ്ങളെ കാത്തുസംരക്ഷിക്കുന്നു” – ജുബി വാചാലയായി.

ഇടയിൽ എയ്ഡൻ വന്ന് എന്റെ ബാഗ് തുറന്ന് അതിനുള്ളിൽ സൂക്ഷിച്ചിരുന്ന വി. മിഖായേൽ മാലാഖയുടെ പ്രാർത്ഥനയും ചിത്രവുമുള്ള ഒരു കാർഡ് കൈയ്യിലെടുത്തു നോക്കി പറയുകയാണ്, ‘മിഖായേൽ മാലാഖ.’ ഈ കുഞ്ഞുങ്ങൾ ശരിക്കും വലിയൊരു അത്ഭുതമാണ്. ഇവരുടെ മനസ് മുഴുവൻ ദൈവവും വിശുദ്ധരും മാലാഖമാരും മാത്രമേ ഉള്ളൂ.

നിങ്ങൾക്ക് എന്തും എഴുതിച്ചേർക്കാം 

ചിലപ്പോഴൊക്കെ മറ്റുള്ളവരുടെ സഹതാപനോട്ടങ്ങൾ ഇവരെ തേടിയെത്താറുണ്ടെന്ന് സുനിലും ജുബിയും ഓർമ്മിക്കുന്നു. ഇത്തരത്തിലുള്ള കുഞ്ഞുങ്ങളുള്ള മാതാപിതാക്കൾക്ക് ഈ സഹതാപ നോട്ടമല്ല, സന്തോഷത്തോടെയുള്ള ഇടപെടലാണ് ആവശ്യം എന്ന് ഇവർ കൂട്ടിച്ചേർക്കുകയാണ്.

“പലപ്പോഴും നമ്മുടെ മുൻപിൽ വന്ന് മക്കളെയും ഞങ്ങളെയും വിഷമത്തോടെ നോക്കിയിരിക്കുന്നവരുണ്ട്. ആ ഗണത്തിൽ  അത്യാവശ്യം അറിവും വിദ്യാഭ്യാസവുമുള്ളവരും ഉണ്ടെന്നുള്ളതാണ് നമ്മെ അതിശയിപ്പിക്കുന്നത്. ഞങ്ങൾ ഇപ്പോൾ സാധാരണമായ ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. ഇതുപോലെയുള്ള മക്കളുള്ള എല്ലാ കുടുംബങ്ങളും അങ്ങനെയൊക്കെ തന്നെയാണ്. അതുകൊണ്ടു തന്നെ ഇടപെടലുകളിൽ ഏറ്റവും സന്തോഷം നൽകുകയാണ് ഏറ്റവും ആവശ്യം എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. പ്രതീക്ഷ എന്നത് ഏറ്റവും വലിയ കാര്യമാണ്. മക്കളുടെ അവസ്ഥയെ സ്വീകരിച്ചുകൊണ്ട് പ്രതീക്ഷ കൈവിടാതിരിക്കുക. അതാണ് ഇതുപോലുള്ള മക്കളുള്ള മാതാപിതാക്കൾ ചെയ്യേണ്ടത്. ഞങ്ങളും ആ പ്രതീക്ഷയിലാണ് ജീവിക്കുന്നത്. മരിക്കുന്നതിനു മുൻപ് ഒരു ദിവസമെങ്കിലും, ഒരൊറ്റ ദിവസമെങ്കിലും ദൈവം ഞങ്ങൾക്ക് സന്തോഷവും സമാധാനവും നൽകുമെന്ന് എനിക്കുറപ്പുണ്ട്. ഒരുപക്ഷേ, എൺപതാം വയസിലായിരിക്കാം; അതല്ലെങ്കിൽ അത് മരണത്തിന്റെ തലേദിവസമായിരിക്കാം. എങ്കിലും ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്” – ഇത് പറയുമ്പോൾ സഹനക്കണ്ണീർക്കടലിന്റെ തിരകൾ  മനസിലുണ്ടെങ്കിലും സുനിലിന്റെ മിഴികളിൽ പ്രതീക്ഷയുടെ തിരയിളക്കമുണ്ടായിരുന്നു.

എയ്ഡൻ – ഓസ്റ്റിൻ എന്ന രണ്ടു മക്കൾക്കു വേണ്ടി മാത്രം ജീവിതം മാറ്റിവച്ച ഒരു അമ്മയാണ് ജുബി. ഉന്നതവിദ്യാഭ്യാസവും മികച്ച ജോലിയും ഉണ്ടായിരുന്നിട്ടും ദൈവം തന്നെ ഏൽപിച്ച മക്കളെ ഏറ്റവും മികച്ചവരാക്കി മാറ്റണമെന്ന ആ അമ്മയുടെ നിശ്ചയദാർഢ്യത്തിനു മുൻപിൽ മറ്റെല്ലാം ചെറുതാകുകയായിരുന്നു. എയ്ഡനും ഓസ്റ്റിനും ജീസസ് കിഡ്സ് എന്ന പേരിൽ ഒരു കൊച്ചു യു ട്യൂബ് ചാനലും ഉണ്ട്. മക്കൾ വചനം പറയുന്നത് റെക്കോർഡ് ചെയ്ത് ജുബിയാണ് അത് അപ്‌ലോഡ് ചെയ്യുന്നത്.

“പറഞ്ഞുകൊടുക്കുമ്പോൾ തന്നെ അവർ എല്ലാം പഠിക്കുന്നത് പരിശുദ്ധാത്മാവിന്റെ വലിയ അനുഗ്രഹമായിട്ടാണ് ഞങ്ങൾക്ക് അനുഭവപ്പെടുന്നത്. മൈസൂരിലായിരുന്നപ്പോൾ സ്പീച്ച് തെറാപിസ്റ് ഒരിക്കൽ പറഞ്ഞിരുന്നു, ഒന്നും എഴുതാത്ത, ഒരു ബ്ലാങ്ക് പേപ്പർ പോലെയാണ് അവരുടെ മനസ്. അതിൽ എന്തുവേണമെങ്കിലും എഴുതിച്ചേർക്കാം എന്ന്. എന്നാൽ അന്ന് ഞാൻ ഒരു വേള സംശയിച്ചു, എനിക്ക് എന്തെങ്കിലും എഴുതാനുണ്ടാകുമോ എന്ന്. ഇപ്പോൾ എനിക്ക് എഴുതിയിട്ടും എഴുതിയിട്ടും മതിയാകുന്നില്ല. ഇതുപോലുള്ള മക്കളെ പലപ്പോഴും ശാപമായിട്ടും അനുഗ്രഹമായിട്ടും ആളുകൾ ചിത്രീകരിക്കുന്നതു കാണാം. എന്നാൽ അത് ഏത് രീതിയിലെടുക്കുന്നു എന്നതിനനുസരിച്ചാണിരിക്കുന്നത്. ഞങ്ങളുടെ മക്കൾ തീർച്ചയായും ഞങ്ങൾക്ക് വലിയ അനുഗ്രഹമാണ്. ദൈവത്തിന്റെ സ്വന്തം മക്കൾ അവിടുത്തെ വചനം ലോകത്തിൽ പ്രഘോഷിക്കുന്നതു കാണുമ്പോൾ മാതാപിതാക്കൾ എന്ന നിലയിൽ ഞങ്ങൾക്കും വലിയ സന്തോഷമാണ്” – ജുബിയും മക്കളെന്ന ഭാഗ്യത്തെ ഹൃദയത്തോട് ചേർക്കുകയാണ്.

ഓസ്റ്റിനെയും എയ്ഡനെയും അത്ഭുതത്തോടെ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. എത്ര വലിയ പ്രതിസന്ധികളിലും ദൈവം നന്മകൾ ഒളിച്ചുവച്ചിരിക്കുന്നുണ്ടെന്ന് ഈ കുഞ്ഞുങ്ങളിലൂടെ നമുക്ക് മനസിലാക്കാം. ജുബിക്കും സുനിലിനും ഈ മക്കളിലൂടെ ദൈവത്തെ കാണാനാകുന്നു. അവരിലൂടെ അനേകർക്ക് ഈ കുടുംബം ഒരു സാക്ഷ്യമായിത്തീരുകയാണ്‌. മിടുക്കരായ ഈ മക്കളിലൂടെ നന്മയുടെ പ്രകാശകിരണങ്ങൾ ലോകത്തിലേക്ക് നൽകിക്കൊണ്ടിരിക്കുകയാണ് ഇവർ. ഓരോ വചനഭാഗം പറഞ്ഞുകഴിയുമ്പോഴും ‘താങ്ക്യൂ ജീസസ്, പ്രെയ്‌സ് യു ജീസസ്’ (നന്ദി ദൈവമേ , മഹത്വം ദൈവമേ) എന്ന് ഇവർ പറയും. അത് ആരും പറഞ്ഞുപഠിപ്പിച്ചതല്ല, അവർ സ്വയം പറയുന്നതാണ്.

വചനം ഹൃദയത്തിൽ ആലേഖനം ചെയ്ത് ദൈവം ഭൂമിയിലേക്കയച്ച ഇരട്ട മാലാഖമാരാണ് ഇവർ.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.