ലോകത്തിന്റെ ആദ്യ വിമലഹൃദയ പ്രതിഷ്ഠയ്ക്ക് പിന്നിൽ 13 വർഷം ദിവ്യകാരുണ്യം മാത്രം ഭക്ഷണമാക്കിയ സ്ത്രീ

30 വർഷം അലക്‌സാൻഡ്രിന കിടപ്പുരോഗിയായിരുന്നു. അവസാന 13 വർഷം ദിവ്യകാരുണ്യം മാത്രമായിരുന്നു അവളുടെ ഭക്ഷണം. പല വെള്ളിയാഴ്ചകളിലും ക്രിസ്തുവിന്റെ പീഡാസഹനത്തിൽ അവൾ പങ്കുപറ്റി. 1942- ൽ പയസ് പന്ത്രണ്ടാമൻ പാപ്പാ ലോകത്തെ മറിയത്തിന്റെ വിമല ഹൃദയത്തിന് പ്രതിഷ്ഠിച്ചതിന് പിന്നിലും ഫാത്തിമയുടെ നാലാമത്തെ ദർശകയെന്ന് അറിയപ്പെടുന്ന അലക്‌സാൻഡ്രിനയായിരുന്നു.

1904 മാർച്ച് 30- ന് പോർച്ചുഗലിലെ ബലാസാറിലാണ് അലക്‌സാൻഡ്രിന ജനിച്ചത്. വളരെ സന്തോഷകരമായ ഒരു ബാല്യമായിരുന്നു അവളുടേത്. എന്നാൽ പതിനാലാം വയസ്സിൽ അവൾക്കൊരു അപകടമുണ്ടായി. തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച ഒരാളിൽ നിന്ന് രക്ഷപ്പെടാൻ അവൾ നിലത്തു നിന്ന് 12 അടി ഉയരമുള്ള ജനലിലൂടെ പുറത്തേക്ക് ചാടി. ആ വീഴ്ചയിൽ അവൾക്ക് ഗുരുതരമായി പരിക്കേറ്റു, ചലനശേഷി കുറഞ്ഞു. വർഷങ്ങൾക്ക് ശേഷം പൂർണ്ണമായും ചലനശേഷി നഷ്ടപെട്ട അവൾ കിടപ്പിലായി.

അലക്‌സാൻഡ്രിന 30 വർഷം കിടപ്പിലായിരുന്നു. രോഗശാന്തിക്കായി അവൾ അതിയായി ആഗ്രഹിച്ചു, പ്രാർത്ഥിച്ചു. എന്നാൽ ക്രമേണ അവൾ തിരിച്ചറിഞ്ഞു, സഹനം അവളുടെ ദൈവവിളിയാണെന്ന്. നാല് വർഷം തുടർച്ചയായി എല്ലാ വെള്ളിയാഴ്ചയും അവൾ ക്രിസ്തുവിന്റെ പീഡാസഹനങ്ങളിൽ പങ്കാളിയായി. തുടർച്ചയായി 182 വെള്ളിയാഴ്ചകളിൽ ക്രിസ്തുവിന്റെ പീഡാനുഭവം അവൾ അനുഭവിച്ചു.

ഇരുപത്തിനാലാം വയസ്സ് മുതൽ അലക്‌സാൻഡ്രിനയ്ക്ക് പല മിസ്റ്റിക്കൽ അനുഭവങ്ങളും ഉണ്ടാകാൻ തുടങ്ങി. അവളുടെ ആത്മീയ പിതാവിന്റെ നിർദേശപ്രകാരം, യേശു തന്നോട് പറയുന്നതെല്ലാം അവൾ കടലാസിൽ കുറിച്ചു. ഇതുപോലെ 1936- ൽ അവൾ കുറിച്ചിട്ടയൊന്നായിരുന്നു ലോകത്തെ മറിയത്തിന്റെ വിമലഹൃദയത്തിന് സമർപ്പിക്കുക എന്ന നിർദ്ദേശം. എന്നാൽ ആറ് വർഷതിനുശേഷമാണ് ഈ കർമ്മം നടന്നത്. 1936- ൽ, അവൾ പരിശുദ്ധ പിതാവിനോട് അവളുടെ ആത്മീയ പിതാവായ ഫാ. പിൻഹോ വഴി ലോകത്തെ മറിയത്തിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കണമെന്ന് അഭ്യർത്ഥിച്ചു. ബ്രാഗയിലെ ആർച്ചുബിഷപ്പിനോട് മാർപാപ്പ അലക്‌സാൻഡ്രിനയെക്കുറിച്ച് മൂന്ന് തവണ തിരക്കി. ഒടുവിൽ 1942 ഡിസംബർ എട്ടിന് പയസ് പന്ത്രണ്ടാമൻ പാപ്പാ, റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ച് ലോകത്തെ മറിയത്തിന്റെ വിമല ഹൃദയത്തിന് സമർപ്പിച്ചു.

അവസാന 13 വർഷവും ദിവ്യകാരുണ്യം മാത്രമായിരുന്നു അവളുടെ ഭക്ഷണം. ധാരാളം പേർ അവളോട് സംസാരിക്കാനും അവളിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കാനും വരുമായിരുന്നു. 1955 ഒക്ടോബർ 12- ന് രോഗീലേപനം സ്വീകരിച്ച അവൾ പിറ്റേ ദിവസം നിത്യസമ്മാനത്തിന് യാത്രയായി. 2004- ൽ വി.ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് അലക്‌സാൻഡ്രിനയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. ഫാത്തിമയുടെ നാലാമത്തെ ദർശകയെന്നും ഇവൾ അറിയപ്പെടുന്നു.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.