സഭയിൽ സഭൈക്യവാരം ആഘോഷിക്കുന്നത് എന്തുകൊണ്ട്?

എല്ലാ വർഷവും കത്തോലിക്കാ സഭയും ലോകമെമ്പാടുമുള്ള മറ്റു പല ക്രൈസ്തവ ദൈവാലയങ്ങളും ജനുവരി 18 മുതൽ 25 വരെ സഭൈക്യവാരമായി ആഘോഷിക്കുന്നു. ജനുവരി 18-ന് വി. പത്രോസിന്റെ തിരുനാളിൽ തുടങ്ങി ജനുവരി 25-ന് വി. പൗലോസിന്റെ തിരുനാളിലാണ് ഈ വാരം അവസാനിക്കുന്നത്.

ജനുവരി 18 മുതൽ 25 വരെ സഭൈക്യത്തിനായി ഒരാഴ്ച പ്രാർഥനാവാരമായി ആചരിക്കാനുള്ള നിർദേശം മുന്നോട്ടുവച്ചത് ഫാ. പോൾ വാട്ട്സനാണ്. അദ്ദേഹത്തിന്റെ സുഹൃത്ത് സ്പെൻസർ ജോൺസ്, പാപ്പായുടെ ഓഫീസിൽ ഒരു വാർഷികപ്രാർഥനയുടെയും പ്രസംഗത്തിന്റെയും ദിനം ഉണ്ടായിരിക്കണമെന്ന് ഫാ. വാട്‌സനോട് ഒരിക്കൽ നിർദേശിക്കുകയുണ്ടായി. വി. പത്രോസിന്റെ തിരുനാൾ ദിനമായ ജൂൺ 29, ഈ പ്രാർഥനയ്ക്ക് വളരെ ഉചിതമായ ദിവസമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. തുടർന്ന് 1907 നവംബർ 30-ന് ഫാ. ജോൺസിനു മറുപടിയായി ഫാ. പോൾ വാട്ട്സൻ ഇപ്രകാരം എഴുതി: “ഈ നിർദേശം നന്നായിരിക്കുന്നു. എന്നാൽ, ജനുവരി 18-ന് റോമിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ആരംഭിച്ച് വി. പൗലോസിന്റെ തിരുനാൾദിനത്തോടെ അവസാനിക്കുന്ന സഭൈക്യവാരം തുടങ്ങുന്നതിനെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം?”

ഒടുവിൽ 1916-ൽ പത്താം പീയൂസ് മാർപാപ്പ സഭൈക്യവാരം എന്ന ആശയം അംഗീകരിച്ചു. ഇത് ‘ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർഥനയുടെ സമയം’ എന്നാണ് അറിയപ്പെടുന്നത്.

വി. പത്രോസ് – വി. പൗലോസ് ശ്ലീഹന്മാരുടെ തിരുനാളുകളാൽ രൂപപ്പെട്ട സഭൈക്യവാരം, വി. പത്രോസിന്റെ വിശ്വാസത്തിൽ അടിയുറച്ചതും വി. പൗലോസിന്റെ രചനകളാലും മാതൃകകളാലും ശക്തിപ്പെടുത്തപ്പെട്ടതുമായ ക്രൈസ്തവ ഐക്യത്തിന്റെ അടിത്തറയെ എടുത്തുകാണിക്കുന്നു.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.