മരിക്കുന്നതിന് മുൻപ് അറിഞ്ഞതെല്ലാം മറന്ന വിശുദ്ധൻ

ചില അവസരങ്ങളിൽ അനുഗ്രഹവും എന്നാൽ മറ്റു ചില അവസരങ്ങളിൽ പ്രശ്നക്കാരനും ആകുന്ന ഒന്നാണ് മറവി. പരീക്ഷാകാലങ്ങളിലും മറ്റും പഠിച്ച കാര്യങ്ങൾ മറന്നു പോകാതിരിക്കുവാൻ കുട്ടികൾ പ്രത്യേകം പ്രാർത്ഥിക്കാറുണ്ട്. അതുപോലെ തന്നെ അൽഷിമേഴ്‌സ് എന്ന രോഗാവസ്ഥ ആളുകളിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ഗുരുതരമാണ്. എന്നാൽ മറവിയെ ഒരു അനുഗ്രഹമാക്കി മാറ്റിയ, മരിക്കുന്നതിന് മുൻപ് താൻ അറിഞ്ഞതെല്ലാം മറന്നുപോയ ഒരു സഭാപണ്ഡിതൻ ഉണ്ട്. വിശുദ്ധ ആൽബർട്ട് ദി ഗ്രെയ്റ്റ്. അദ്ദേഹത്തിന്റെ ജീവിതത്തെ പരിചയപ്പെടാം.

1206-ൽ ജർമ്മനിയിലാണ് ആൽബർട്ട് ദി ഗ്രേറ്റ് ജനിച്ചത്. ഡൊമിനിക്കൻ സന്യാസ സമൂഹത്തിൽ ചേർന്ന അദ്ദേഹം തന്റെ അറിവും പാണ്ഡിത്യവും കൊണ്ട് മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിന്നിരുന്നു. വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന അറിവ് ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അതിനാൽ തന്നെ ‘സാർവത്രിക ഡോക്ടർ’, ‘അക്കാലത്തെ അത്ഭുതം’, ‘അറിവിന്റെ അത്ഭുതം’ എന്നൊക്കെ അദ്ദേഹം അറിയപ്പെട്ടിരുന്നു.

വിശുദ്ധ തോമസ് അക്വിനാസിന്റെ അധ്യാപകനായിരുന്ന അദ്ദേഹം തത്ത്വചിന്തയെ ദൈവശാസ്ത്രത്തിൽ നിന്ന് വേർപെടുത്തുകയും അരിസ്റ്റോട്ടിലിന്റെ പഠിപ്പിക്കലുകൾക്ക് ക്രിസ്ത്യാനികളുമായി വലിയ സാമ്യമുണ്ടെന്ന് തെളിയിക്കുകയും ചെയ്തു. കൂടാതെ കൊളോണിലും പാരീസിലും അദ്ദേഹത്തിന്റെ ക്ലാസുകൾ കേൾക്കാൻ നിരവധി രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ എത്തിയിരുന്നു. ചുരുക്കത്തിൽ, അദ്ദേഹം തന്റെ കാലത്തെ ജ്ഞാനികളിൽ പ്രധാനിയായി അറിയപ്പെട്ടിരുന്നു. ഒപ്പം സഭാപണ്ഡിതനായും.

എന്നാൽ ഒരു ദിവസം അദ്ദേഹത്തിന്റെ ഈ കഴിവുകൾ എല്ലാം ഇല്ലാതായി. ഈ സമയം പരിശീലന കാലഘട്ടത്തിൽ ആയിരുന്ന അദ്ദേഹത്തിന് താൻ പഠിക്കുന്ന കാര്യങ്ങൾ പോലും മുന്നോട്ട് കൊണ്ടുപോകുവാൻ ബുദ്ധിമുട്ടായി തോന്നി. അതിനാൽ സെമിനാരിയിൽ നിന്ന് രാത്രി മതില് ചാടി രക്ഷപെടുവാൻ അദ്ദേഹം തീരുമാനിച്ചു. ആ നിമിഷം, കന്യാമറിയം പ്രത്യക്ഷപ്പെട്ട് അവനോട് പറഞ്ഞു: “ആൽബർട്ടോ, സ്കൂളിൽ നിന്ന് ഓടിപ്പോകുന്നതിനുപകരം ജ്ഞാനത്തിന്റെ സിംഹാസനമായ എന്നോട് എന്തുകൊണ്ട് പ്രാർത്ഥിച്ചുകൂടാ? നീ എന്നിൽ വിശ്വസിക്കുകയും ശരണം വയ്ക്കുകയും ചെയ്യുകയാണെങ്കിൽ നിനക്ക് നഷ്ട്ടപ്പെട്ട ഓർമ്മകൾ ഞാൻ തിരികെ നൽകാം.നിനക്ക് ഓർമ്മ തിരികെ നൽകിയത് ഞാനാണെന്ന് നിനക്കറിയാം. അതിനാൽ നിന്റെ മരണത്തിനു മുൻപായി നിന്റെ ഓർമയിൽ ഉള്ളതെല്ലാം നീ മറക്കും.”

അങ്ങനെ പരിശുദ്ധ കന്യകാമറിയം വാഗ്ദാനം ചെയ്തത് പോലെ അദ്ദേഹത്തിന് ഓർമ്മ അല്ലെങ്കിൽ നഷ്ടപ്പെട്ട ജ്ഞാനം തിരികെ ലഭിച്ചു. എന്നാൽ ആൽബർട്ട് ദി ഗ്രെയ്റ്റ് മരിക്കുന്നതിന് രണ്ടു വർഷം മുൻപ് അദ്ദേഹത്തിന് ഓർമ്മ നഷ്ടപ്പെട്ടു. പിന്നീട് അദ്ദേഹം പൂർണ്ണമായും പ്രാർത്ഥനയിലേയ്‌ക്ക്‌ തിരിയുകയും 1280 നവംബർ 15-ന് അദ്ദേഹം സമാധാനപരമായി മരണത്തെ പുൽകുകയും ചെയ്തു.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.